Bollywood
ഈ സിനിമയിലെ പാട്ടും പശ്ചാത്തല സംഗീതവും എല്ലാം എഐ ആണ്; പുത്തൻ പരീക്ഷണത്തിനൊരുങ്ങി ആർജിവി
ഈ സിനിമയിലെ പാട്ടും പശ്ചാത്തല സംഗീതവും എല്ലാം എഐ ആണ്; പുത്തൻ പരീക്ഷണത്തിനൊരുങ്ങി ആർജിവി
ഇടയ്ക്കിടെ വിവാദങ്ങളിൽ ചെന്ന് പെടാറുള്ള ബോളിവുഡ് സംവിധായകനാണ് രാം ഗോപാൽ വർമ. ഇപ്പോഴിതാ പുത്തൻ പരീക്ഷണത്തിനൊരുങ്ങുകയാണ് അദ്ദേഹം. ഐ സംഗീതം മാത്രമുള്ള പാട്ടുകളും പശ്ചാത്തല സംഗീതവുമാണ് ആർജിവി തന്റെ പുതിയ ചിത്രത്തിൽ പരീക്ഷിക്കാൻ ഒരുങ്ങുന്നത്.
എഐ ആപ്പുകൾ ഉപയോഗിച്ചുള്ള സംഗീതം മാത്രമുള്ള ആർജിവി-ഡെൻ ഞാനും എന്റെ പാർട്ടണർ രവി വർമ്മയും ചേർന്ന് തുടങ്ങുന്ന വിവരം നിങ്ങളെല്ലാവരെയും സന്തോഷത്തോടെ അറിയിക്കട്ടെ. സാരി എന്ന പുതിയ ചിത്രത്തിൽ എഐയാണ് മ്യൂസിക്ക് ചെയ്തിട്ടുള്ളത്. മറ്റൊരു അർത്ഥത്തിൽ ഈ സിനിമയിലെ പാട്ടും പശ്ചാത്തല സംഗീതവും എല്ലാം എഐ ആണ് എന്ന് ആർജിവി പറയുന്നു.
മലയാളിയായ ആരാധ്യ ദേവി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഇതിനകം തന്നെ വാർത്തകളിൽ ഇടം നേടിയിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ചിത്രത്തിന്റെ ടീസർ പുറത്തെത്തിയത്. രവി വർമ നിർമിച്ച് ഗിരി കൃഷ്ണ കമൽ സംവിധാനം ചെയ്യുന്ന ചിത്രം സാരി ചുറ്റിയ യുവതിയോട് ഒരു യുവാവിന് തോന്നുന്ന അടങ്ങാത്ത അഭിനിവേശം പിന്നീട് അപകടകരമായി മാറുന്നതിന്റെ കഥയാണ് പറയുന്നത്.
നേരത്തെ ശ്രീലക്ഷ്മി എന്നായിരുന്നു ആരാധ്യ ദേവിയുടെ പേര്. ഇൻസ്റ്റാ റീലിലൂടെയാണ് രാം ഗോപാൽ വർമ്മ ആരാധ്യ ദേവിയെ കണ്ടെത്തിയത്. ആരാധ്യ സാരിയുടുത്ത് നിൽക്കുന്ന റീൽ പങ്കുവെച്ച്, ഈ പെൺകുട്ടി ആരെന്ന് അറിയാമോ എന്നും അദ്ദേഹം ട്വീറ്റിലൂടെ ചോദിച്ചിരുന്നു. പിന്നീടാണ് ഈ പെൺകുട്ടി മലയാളി മോഡലാണെന്ന് ആർജിവി അറിയുന്നത്. നവംബർ നാലിന് ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.
