Malayalam
തുടക്കത്തിൽ മോഹൻലാലിന്റെ പ്രകടനത്തിൽ താൻ തൃപ്തനായിരുന്നില്ല, പക്ഷേ എനിക്ക് തെറ്റി പറ്റിയതായിരുന്നു; രാം ഗോപാൽ വർമ
തുടക്കത്തിൽ മോഹൻലാലിന്റെ പ്രകടനത്തിൽ താൻ തൃപ്തനായിരുന്നില്ല, പക്ഷേ എനിക്ക് തെറ്റി പറ്റിയതായിരുന്നു; രാം ഗോപാൽ വർമ
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ കേരളക്കരയുടെ മനസ്സിൽ ചേക്കേറിയിട്ട് വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും മോഹൻലാൽ എന്ന നടവിസ്മയും തിരശ്ശീലയിൽ ആടിത്തീർത്തത് എത്രയോ മികച്ച കഥാപാത്രങ്ങൾ.
ഇനിയും ചെയ്യാനിരിക്കുന്നത് അതിലേറെ മികച്ച വേഷങ്ങൾ. കിരീടത്തിലെ സേതുമാധവനും മണിച്ചിത്രത്താഴിലെ ഡോ. സണ്ണിയും ദശരഥത്തിലെ രാജീവ് മേനോനും യോദ്ധയിലെ അശോകനും ഭരതത്തിലെ ഗോപിയുമൊക്കെ മലയാള സിനിമ ഉള്ളിടത്തോളം കാലം നിലനിൽക്കും. തന്റെ കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി എന്ത് തരം മാറ്റങ്ങളും കൊണ്ടു വരാറുണ്ട് അദ്ദേഹം.
മലയാളത്തിൽ മാത്രമല്ല, തമിഴിലും ഹിന്ദിയിലുമെല്ലാം മോഹൻലാൽ കയ്യടി നേടിയിട്ടുണ്ട്. മോഹൻലാലിന്റെ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധ നേടിയ ഹിന്ദി ചിത്രമാണ് കമ്പനി. വിഖ്യാത സംവിധായകൻ രാം ഗോപാൽ വർമ ഒരുക്കിയ കമ്പനിയിലെ മോഹൻലാലിന്റെ പൊലീസ് വേഷം സിനിമാ ലോകത്ത് വലിയ ചർച്ചയായി മാറിയതാണ്.
ഇന്നും ആ കഥാപാത്രമവും മോഹൻലാലിന്റെ പ്രകടനവും ചർച്ചയാകുന്നുണ്ട്. നായകൻ വിവേക് ഒബ്‌റോയ് ആയിരുന്നുവെങ്കിലും എന്നെന്നും ഓർമ്മിപ്പിക്കപ്പെടുന്ന പ്രകടനമായി മാറി മോഹൻലാലിന്റേത്. 2002 ലാണ് കമ്പനി പുറത്തിറങ്ങുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ മോഹൻലാലിന്റെ അഭിനയത്തെക്കുറിച്ച് സംസാരിക്കുകയാണ് രാം ഗോപാൽ വർമ.
കമ്പനിയ്ക്ക് വേണ്ടി ആദ്യമായി മോഹൻലാലിനെ കണ്ടപ്പോൾ ഞാൻ കരുതിയിരുന്നത് അദ്ദേഹം തിരക്കഥയെക്കുറിച്ച് ഒരുപാട് സങ്കീർണമായ ചോദ്യങ്ങൾ ചോദിക്കുമെന്നാണ്. അതിനാൽ ഞാൻ അതിനായി തയ്യാറെടുത്തിരുന്നു. പക്ഷെ നരേഷൻ കഴിഞ്ഞ് അദ്ദേഹം ചോദിച്ചത് ഒരൊറ്റ ചോദ്യം മാത്രമാണ്. സർ, എത്ര ദിവസമാണ് നിങ്ങൾക്ക് വേണ്ടത്? അതായിരുന്നു എന്നോടുള്ള അദ്ദേഹത്തിന്റെ ആദ്യത്തേതും ഒരേയൊരു ചോദ്യവും.
അത് എനിക്കൊരു ആന്റിക്ലൈമാക്‌സ് ആയിരുന്നു. അദ്ദേഹം എല്ലാവരോടും ഇങ്ങനെയാകുമെന്നുറപ്പാണ്. അദ്ദേഹം ക്രാഫ്റ്റ് മനസിലാക്കുന്ന, സിനിമ മനസിലാകുന്ന നടനാണ്. അദ്ദേഹം വിശ്വാസത്തിലാണ് പ്രവർത്തിക്കുന്നതെന്ന് തോന്നുന്നു എന്നാണ് രാം ഗോപാൽ വർമ പറയുന്നത്. അതേസമയം സിനിമയുടെ ചിത്രീകരണം തുടങ്ങിയപ്പോൾ തുടക്കത്തിൽ മോഹൻലാലിന്റെ പ്രകടനത്തിൽ താൻ തൃപ്തനായിരുന്നില്ലെന്നാണ് രാം ഗോപാൽ വർമ പറയുന്നത്.
എന്നാൽ പിന്നീട് തനിക്ക് തെറ്റ് പറ്റിയെന്ന് തിരിച്ചറിഞ്ഞുവെന്നാണ് ആർജിവി പറയുന്നത്. അദ്ദേഹത്തിന്റെ അഭിനയത്തിൽ തുടക്കത്തിൽ എനിക്ക് പ്രശ്‌നമുണ്ടായിരുന്നു. അദ്ദേഹം ചെയ്യുന്നത് ശരിയല്ലെന്ന് എനിക്ക് തോന്നി. അങ്ങനെ ഞാൻ അദ്ദേഹത്തെക്കൊണ്ട് ആറേഴ് ടേക്ക് എടുത്തു. പിന്നീട് ചെക്ക് ചെയ്തപ്പോഴാണ് ആദ്യത്തെ ടേക്ക് തന്നെയാണ് ഏറ്റവും മികച്ചതെന്ന് ഞാൻ തിരിച്ചറിയുന്നത് എന്നാണ് അദ്ദേഹം പറയുന്നത്.
വിവേക് ഒബ്‌റോയ്, അജയ് ദേവ്ഗൺ എന്നിവരും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു കമ്പനി. വിവേക് ഒബ്‌റോയ് തന്റെ അരങ്ങേറ്റം കുറിച്ച സിനിമ കൂടിയായിരുന്നു കമ്പനി. ചിത്രത്തിലെ വിവേക് ഒബ്‌റോയിയുടെ പ്രകടനവും കഥാപാത്രമായി മാറാൻ അദ്ദേഹം നടത്തിയ കഷ്ടപ്പാടുകളുടെ കഥയുമൊക്കെ ഇന്ന് പോപ്പ് കൾച്ചറിന്റെ ഭാഗമാണ്. ചിത്രം മികച്ച വിജയം നേടുകയും വിവേക് ഒബ്‌റോയ് ബോളിവുഡിലെ താരമായി മാറുകയും ചെയ്തു. അതേസമയം മോഹൻലാലും രാം ഗോപാൽ വർമയും പിന്നീട് രാം ഗോപാൽ വർമ കി ആഗ് എന്ന ചിത്രത്തിലും ഒരുമിച്ചിരുന്നു.
അതേസമയം, തുടരും എന്ന തരുൺമൂർത്തി ചിത്രമാണ് മോഹൻലാലിന്റേതായി പുറത്തെത്താനുള്ള ചിത്രം. ഷൺമുഖം എന്ന സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് മോഹൻലാൽ തുടരും എന്ന ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മോഹൻലാലിന്റെ ലുക്കുകൾ നേരത്തെ ചിത്രത്തിലേതായി പുറത്തുവിട്ടത് വലിയ ശ്രദ്ധനേടിയിരുന്നു. ഷൺമുഖത്തിന്റെ ജീവിതം നർമ്മത്തിലൂടെയും ഹൃദയസ്പർശിയായ രംഗങ്ങളിലൂടെയും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.
