News
തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങി രാം ചരണും ഉപാസനയും; സന്തോഷ വാര്‍ത്ത പങ്കുവെച്ച് ചിരഞ്ജീവി
തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങി രാം ചരണും ഉപാസനയും; സന്തോഷ വാര്‍ത്ത പങ്കുവെച്ച് ചിരഞ്ജീവി
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് രാം ചരണ്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഒരു സന്തോഷ വാര്‍ത്ത പങ്കുവെച്ച് എത്തിയിരിക്കുകയാണ് രാം ചരണും ഭാര്യ ഉപാസന കാമിനേനിയും.
ഇരുവരും മാതാപിതാക്കളാകാന്‍ പോകുകയാണ്. ഉപാസന ഗര്‍ഭിണിയാണെന്ന് നേരത്തേ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇരുവരും ഇത്തരം വാര്‍ത്തകളോട് പ്രതികരിച്ചിരുന്നില്ല. ഇപ്പോള്‍ രാം ചരണിന്റെ അച്ഛന്‍ മെഗാ സ്റ്റാര്‍ ചിരഞ്ജീവി തന്നെയാണ് ട്വിറ്ററിലൂടെ ഈ സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ചത്.
ആര്‍ആര്‍ആര്‍ റിലീസിന് ശേഷം രാം ചരണിന് നല്ല കാലമാണ്. നിറയെ സന്തോഷ വാര്‍ത്തകളാണ് നടനെ തേടിയെത്തുന്നത്. അതിനിടയിലാണ് ഈ പുതിയ സന്തോഷവും. അതേസമയം, കുട്ടികള്‍ ഇല്ലാത്തതിന്റെ പേരില്‍ നിരന്തരം പലതരത്തിലുള്ള ചോദ്യങ്ങള്‍ നേരിടേണ്ടി വന്നവരാണ് രാം ചരണും ഉപാസനയും.
പത്ത് വര്‍ഷമായിട്ടും കുട്ടികളില്ലല്ലോ, ആര്‍ക്കാണ് കുഴപ്പം എന്ന തരത്തില്‍ പലരും ചോദിച്ചിട്ടുണ്ടെന്ന് ഒരിക്കല്‍ ഉപാസന പറഞ്ഞിരുന്നു. കുട്ടികള്‍ ഇപ്പോള്‍ വേണ്ട എന്നത് തങ്ങള്‍ എടുത്ത തീരുമാനമാണെന്ന് രാം ചരണും ഒരിക്കല്‍ വ്യക്തമാക്കിയിരുന്നു. രണ്ടുപേര്‍ക്കും ഇപ്പോള്‍ തിരക്കുകളുണ്ട് അതുകൊണ്ട് കുറച്ചു വര്‍ഷത്തേക്ക് കുട്ടികള്‍ വേണ്ടായെന്ന് തീരുമാനിച്ചു എന്നാണ് രാം ചരണ്‍ പറഞ്ഞത്.
ഓരോരുത്തര്‍ക്കും അവരുടേതായ താല്‍പര്യങ്ങളുണ്ട്. കുട്ടികള്‍ക്ക് ജന്മം കൊടുക്കാന്‍ ദമ്പതിമാര്‍ തയ്യാറല്ലെങ്കില്‍ അവരെ കുറിച്ച് വിലയിരുത്തുകയോ ചോദ്യം ചെയ്യുകയോ ചെയ്യരുത്. അവര്‍ പബ്ലിക് ഫിഗര്‍ ആണെന്നേയുള്ളു. അല്ലാതെ പൊതുസ്വത്തല്ലെന്നും രാം ചരണ്‍ പറഞ്ഞിരുന്നു.
2012 ജൂണ്‍ 14 ന് ഹൈദരാബാദില്‍ നടന്ന ഗംഭീരമായ ചടങ്ങില്‍ വെച്ചാണ് രാം ചരണും ഉപാസന കാമിനേനിയും വിവാഹിതരായത്. ഒരു സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ വെച്ച് കണ്ടുമുട്ടിയ ഇരുവരും പ്രണയത്തിലാവുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അപ്പോളോ ആശുപത്രി ശൃംഘലയുടെ ചെയര്‍മാന്‍ ആയിരുന്ന പ്രതാപ് റെഡ്ഡിയുടെ പേരക്കുട്ടിയാണ് ഉപാസന. അപ്പോളോ ആശുപത്രിയുടെ നിലവിലെ വൈസ് ചെയര്‍പേഴ്‌സണും കൂടിയാണ് ഉപാസന.
