News
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു കോടി രൂപ സംഭാവന ചെയ്ത് ചിരഞ്ജീവിയും രാംചരണും
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു കോടി രൂപ സംഭാവന ചെയ്ത് ചിരഞ്ജീവിയും രാംചരണും
വയനാട് ഉരുൾപൊട്ടലുണ്ടാക്കിയ നടുക്കത്തിൽ നിന്നും കേരളക്കര ഇതുവരെ മുക്തമായിട്ടില്ല. തകർന്നടിഞ്ഞ വയനാടിനായി നിരവധി പേരാണ് സഹായവുമായി രംഗത്തെത്തിയിരുന്നത്. മലയാള താരങ്ങളും തമിഴ് താരങ്ങളുമുൾപ്പെടെ നിരവധി പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകിയത്.
ഇപ്പോഴിതാ തെലുങ്ക് സൂപ്പർതാരങ്ങളായ ചിരഞ്ജീവിയും അദ്ദേഹത്തിന്റെ മകനുംനനടനുമായ രാംചരണും ഒരുകോടി രൂപ സംഭാവന ചെയ്തിരിക്കുകയാണ്. ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ ചിരഞ്ജീവിയാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിലുണ്ടായ നാശത്തിലും നൂറുകണക്കിന് വിലയേറിയ ജീവനുകളുടെ നഷ്ടത്തിലും അതിയായ വിഷമമുണ്ട്.
വയനാട്ടിൽ ദുരന്തത്തിനിരയായവരുടെ വിഷമത്തിനൊപ്പം ഞങ്ങളും പങ്കു ചേരുകയാണ്. താനും ചരണും ഒരുമിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരുകോടി രൂപ സംഭാവനചെയ്യുകയാണ്. വേദനിക്കുന്ന എല്ലാവരുടേയും സുഖപ്രാപ്തിക്കായി ഞാൻ പ്രാർത്ഥിക്കുന്നുവെന്നും ചിരഞ്ജീവി പറഞ്ഞു.
ദുരിതാശ്വാസ നിധിയിലേയ്ക്ക് മമ്മൂട്ടിയും ദുൽഖർ സൽമാനും 35 ലക്ഷം രൂപയാണ് കൈമാറിയത്. ആദ്യഘട്ടമായി മമ്മൂട്ടി 20 ലക്ഷം രൂപയും ദുൽഖർ 15 ലക്ഷം രൂപയുമാണ് ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകിയത്. മറ്റ് സഹായങ്ങളും ദുരിതാശ്വാസ ക്യാമ്പിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള കാര്യങ്ങളും മമ്മൂട്ടി ചെയ്യുന്നുണ്ട്.
ഫഹദ് ഫാസിലും നസ്രിയയും ചേർന്ന് 25 ലക്ഷമാണ് സംഭാവനചെയ്തത്. നവ്യ നായർ 5 ലക്ഷവും പേളിമാണി ശ്രീനിഷ് എന്നിവർ 5 ലക്ഷം രൂപയും നൽകിയിരുന്നു. ആസിഫ് അലിയും തുക കൈമാറിയിരുന്നു. എന്നാൽ എത്ര രൂപയാണ് നൽകിയതെന്ന് നടൻ പറഞ്ഞിരുന്നില്ല.
കാർത്തിയും സൂര്യയും ജ്യോതികയും ചേർന്ന് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയിരുന്നു. നടന്മാരായ കമൽഹാസൻ, വിക്രം എന്നിവർ 20 ലക്ഷം രൂപയും നടി രശ്മിക മന്ദാന 10 ലക്ഷം രൂപയും നൽകി.