Malayalam
സുബിയെപ്പോലെ സുബി മാത്രമെയുള്ളു. സുബിയുടെ വേര്‍പാടിന്റെ വിഷമവും ഒറ്റപ്പെടലും കാരണം ഇപ്പോള്‍ വിഷമം ആസ്വദിക്കാന്‍ തുടങ്ങി; രാഹുല്‍
സുബിയെപ്പോലെ സുബി മാത്രമെയുള്ളു. സുബിയുടെ വേര്‍പാടിന്റെ വിഷമവും ഒറ്റപ്പെടലും കാരണം ഇപ്പോള്‍ വിഷമം ആസ്വദിക്കാന്‍ തുടങ്ങി; രാഹുല്‍
മിനിസ്‌ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് സുബി സുരേഷ്‌കഴിഞ്ഞ വര്‍ഷം വളരെ അപ്രതീക്ഷിതമായി കേരളക്കര കേട്ടൊരു മരണവാര്‍ത്തയായിരുന്നു നടിയും അവതാരകയുമെല്ലാമായ സുബി സുരേഷിന്റേത്.പുരുഷന്മാര്‍ അരങ്ങ് വാണിരുന്ന സമയത്താണ് മിമിക്രി രംഗത്തേയ്ക്ക് സുബി എത്തുന്നത്. വളരെ പെട്ടെന്ന് തന്നെ നടിക്ക് മിമിക്രി രംഗത്ത് ശോഭിക്കാനായി. പിന്നീട് കോമഡി ഷോകളിലും മറ്റും സജീവമാകുകയായിരുന്നു. സൂര്യാ ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കുട്ടിപ്പട്ടാളമെന്ന പരിപാടിയില്‍ സുബി ആയിരുന്നു അവതാരകയായി എത്തിയത്.
സ്‌റ്റേജ് ഷോകളും ചാനല്‍ പരിപാടികളുമായി എപ്പോഴും ആളുകള്‍ക്കിടയില്‍ നിറഞ്ഞ് നില്‍ക്കുന്ന സുബിയുടെ ലോകം കുടുംബവും അമ്മയുമായിരുന്നു. സുബിയുടെ മരണത്തിന് പിന്നാലെ സുബിയുടെ അമ്മയെപ്പോലെ ഒറ്റപ്പെട്ടു പോയ ഒരു വ്യക്തിയുണ്ട്. സുബിയുടെ ഭാവി വരനായിരുന്ന രാഹുല്‍. വര്‍ഷങ്ങളായുള്ള പരിചയമാണ് രാഹുലുമായുള്ള വിവാഹം എന്ന തീരുമാനത്തിലേക്ക് സുബിയെ എത്തിച്ചത്. വിവാഹത്തിനുള്ള ഒരുക്കങ്ങളൊക്കെ തുടങ്ങിയിരുന്നു. അതിനിടയിലായിരുന്നു സുബിയുടെ അപ്രതീക്ഷിത വിയോഗം.
അദ്ദേഹം സുബിയെ അവസാനമായി കാണാനെത്തിയ നിമിഷം ഇന്നും മലയാളികളുടെ മനസിലുണ്ട്. ഇന്നും സുബിയുടെ വേര്‍പാടും വിടവും ഉള്‍ക്കൊള്ളാന്‍ കഴിയാതെയാണ് രാഹുല്‍ ജീവിതം തള്ളി നില്‍ക്കുന്നത്. ഒന്നും ഓര്‍ക്കാതിരിക്കാന്‍ വേണ്ടി തിരക്കുകളില്‍ പെട്ട് ജീവിച്ചാലും എപ്പോഴെങ്കിലുമൊക്കെ ഒറ്റപെട്ട് പോകുമെന്നാണ് രാഹുല്‍ പറയുന്നത്. സുബിയുടെ വേര്‍പാടിന് ഒരു വയസാകുമ്പോള്‍ കഴിഞ്ഞ ഒരു വര്‍ഷത്തെ ജീവിതം എങ്ങനെയായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് രാഹുല്‍.
സുബിയുടെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കരച്ചിലായിരുന്നില്ല ഒരു മരവിപ്പാണ് അനുഭവപ്പെട്ടതെന്നാണ് രാഹുല്‍ പറയുന്നത്. ‘സുബിയെ പറ്റി എപ്പോഴും ആലോചിക്കും. സുബിയുടെ അമ്മയും സഹോദരനുമൊന്നും ആ വേര്‍പാടില്‍ നിന്ന് മുക്തി പ്രാപിച്ചിട്ടില്ല. കലാഭവന്റെ എല്ലാ പരിപാടികളും സുബി പങ്കെടുത്തിരുന്നതുകൊണ്ട് ആ ഓര്‍മ വരും.’
‘പരിപാടികള്‍ക്കായി ഓരോ സ്ഥലത്ത് ചെല്ലുമ്പോള്‍ ആളുകള്‍ തിരിച്ചറിഞ്ഞ് വന്ന് സംസാരിക്കും. സുബിയുടെ കാര്യം പറഞ്ഞാണ് അവര്‍ സംസാരിക്കാന്‍ വരുന്നത്. അതുകൊണ്ട് ദേഷ്യം തോന്നാറില്ല. സുബിയോടുള്ള ഇഷ്ടം കാരണം ആളുകള്‍ക്ക് എന്നോടും ഇപ്പോള്‍ സ്‌നേഹമുണ്ട്. സുബി ഭക്ഷണം കഴിക്കാത്തതില്‍ വിഷമം തോന്നിയിരുന്നു. പറഞ്ഞാലും ചിലപ്പോള്‍ കഴിക്കില്ല. ഭക്ഷണത്തിന്റെ കാര്യത്തില്‍ ഞാന്‍ സുബിയെക്കാള്‍ കഷ്ടമാണ്.’
‘സുബിയെപ്പോലെ സുബി മാത്രമെയുള്ളു. സുബിയുടെ വേര്‍പാടിന്റെ വിഷമവും ഒറ്റപ്പെടലും കാരണം ഇപ്പോള്‍ വിഷമം ആസ്വദിക്കാന്‍ തുടങ്ങി. സുബിയുടെ മരണത്തോടെ ഞാന്‍ ഒറ്റപ്പെട്ടു. ചിലപ്പോള്‍ വല്ലാതെ വിഷമം വരും. പക്ഷെ അതിനെയൊക്കെ മറികടന്നല്ലേ പറ്റു. മരണം കേട്ടപ്പോള്‍ വിഷമമായിരുന്നില്ല ഒരു മരവിപ്പായിരുന്നു. പെട്ടന്ന് ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയിരുന്നില്ലല്ലോ.’
‘സുബിക്ക് സിനിമ കിട്ടാഞ്ഞിട്ടല്ല. തിരക്ക് കാരണം സിനിമയില്‍ അഭിനയിക്കാന്‍ പോകാതിരുന്നതാണ്. സുബിയുടെ വീട്ടുകാര്‍ ആ മരണത്തില്‍ നിന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. സുബി തന്റേടിയാണെന്ന് തോന്നും പക്ഷെ വളരെ പാവമാണ്. തന്റേടം പുറത്ത് കാണിച്ച് നടന്നാലെ പിടിച്ചുനില്‍ക്കാന്‍ പറ്റൂവെന്ന് സുബി പറയാറുണ്ടായിരുന്നു. അതുപോലെ വേറൊരു കല്യാണം കഴിക്കാന്‍ സുബിയുടെ അമ്മയൊക്കെ ഭയങ്കരമായി നിര്‍ബന്ധിക്കുന്നുണ്ട്.’
‘അതിനെ കുറിച്ച് പ്രേത്യകിച്ച് ഉത്തരമൊന്നും പറയാനില്ല. ഞാന്‍ അതേ കുറിച്ച് ആലോചിച്ചിട്ടില്ല. എല്ലാം അക്‌സപറ്റ് ചെയ്യുന്ന ഒരാള്‍ വരണമല്ലോ’, എന്നാണ് സുബിയെ കുറിച്ച് സംസാരിച്ച് രാഹുല്‍ പറഞ്ഞത്. സുബിയുടെ ഓര്‍മദിനത്തില്‍ സുബിക്കൊപ്പമുള്ള ഒരു വിദേശ യാത്രയുടെ വീഡിയോയാണ് രാഹുല്‍ പങ്കിട്ടത്. സുബിക്ക് വളരെ ഇഷ്ടപ്പെട്ടാണ് ഒരു പാട്ടാണ് വീഡിയോയ്‌ക്കൊപ്പം ചേര്‍ത്തിരുന്നത്.
കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 22നാണ് സുബി മരിച്ചത്. കരള്‍ മാറ്റിവെയ്ക്കാനുള്ള നിര്‍ദേശമുണ്ടായിരുന്നു. അതിനിടെ ന്യുമോണിയ ബാധിച്ച് നില ഗുരുതരമായി. കഴിഞ്ഞ കുറച്ച് കാലങ്ങളായി സുബിയെ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു.