Malayalam
‘ഭാര്യയുടെ പ്രസവം വീട്ടില്‍ നടത്താന്‍ നിര്‍ബന്ധിച്ച സോമന്‍’; സംവിധായകനും ചിലത് പറയാനുണ്ട്; വൈറലായി രോഹിത് നാരായണന്റെ വാക്കുകള്‍
‘ഭാര്യയുടെ പ്രസവം വീട്ടില്‍ നടത്താന്‍ നിര്‍ബന്ധിച്ച സോമന്‍’; സംവിധായകനും ചിലത് പറയാനുണ്ട്; വൈറലായി രോഹിത് നാരായണന്റെ വാക്കുകള്‍
ആശുപത്രിയില്‍ ചികിത്സ തേടാതെ വീട്ടില്‍ പ്രസവം നടത്തി അമ്മയും കുഞ്ഞും മരിച്ച സംഭവം വിവാദമാകുമ്പോള്‍, രോഹിത് നാരായണന്‍ സംവിധാനം ചെയ്ത ‘സോമന്റെ കൃതാവ്’ എന്ന സിനിമയും ചര്‍ച്ചയാവുകയാണ്. ചിത്രത്തില്‍ വിനയ് ഫോര്‍ട്ട് അവതരിപ്പിച്ച സോമന്‍ എന്ന കഥാപാത്രം ഭാര്യയെ പ്രസവത്തിന് ആശുപത്രിയില്‍ കൊണ്ടുപോകാതെ വീട്ടില്‍ തന്നെ പ്രസവം നടത്താന്‍ നിര്‍ബന്ധിച്ച ആളാണ്.
നാട്ടുകാര്‍ പറഞ്ഞിട്ടും സോമന്‍ ഭാര്യയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നില്ല, ഒടുവില്‍ വീട്ടില്‍ ഭാര്യ സുഖമായി പ്രസവിക്കുന്നുണ്ട്. ആധുനിക ചികിത്സാരീതിക്കെതിരെ വാളെടുത്ത സോമന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളായിരുന്നു ചിത്രം പറഞ്ഞുവച്ചത്. ചിത്രം റിലീസായ സമയം തന്നെ സംവിധായകനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ വന്നിരുന്നു.
ഇപ്പോള്‍ ഇത്തരത്തിലൊരു സംഭവം സമൂഹത്തിലും ചര്‍ച്ചയാകുമ്പോള്‍ സിനിമയിലെ സോമന്‍ എന്ന കഥാപാത്രത്തിന്റെ നിര്‍മിതിയോടും വിമര്‍ശനങ്ങളോടും പ്രതികരിക്കുകയാണ് സംവിധായകന്‍ രോഹിത് നാരായണന്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതേ കുറിച്ച് പറഞ്ഞത്. വീട്ടില്‍ പ്രസവം നടത്തി അമ്മയും കുഞ്ഞും മരിച്ച വാര്‍ത്ത വലിയ രീതിയില്‍ ചര്‍ച്ചയായപ്പോഴാണ് എന്റെ സിനിമയായ ‘സോമന്റെ കൃതാവി’ലെ കഥാപാത്രം അത്തരത്തിലുള്ള ഒരാള്‍ ആണല്ലോ എന്ന് പലരും പറഞ്ഞത്.
ആ സിനിമയിലെ കഥാപാത്രം ഒരു പ്രത്യേക സ്വഭാവക്കാരനാണ്. പക്ഷേ അതെല്ലാം ആ കഥാപാത്രത്തിന്റെ സ്വഭാവമാണ്. ഒരു സിനിമ കണ്ട് അതിലെ കഥാപാത്രത്തോട് യോജിക്കുകയോ വിയോജിക്കുകയോ നമുക്ക് ചെയ്യാം. ആ കഥാപാത്രം തന്നെ ‘എന്തിനാണ് പാരസറ്റമോള്‍ കഴിക്കുന്നത്, അതിനു സൈഡ് എഫക്ട് ഇല്ലേ’ എന്ന് സിനിമയില്‍ ചോദിക്കുന്നുണ്ട്. പക്ഷേ ഞാന്‍ പാരസറ്റമോള്‍ കഴിക്കുന്ന ആളാണ്.
ആ കഥാപാത്രം ആ രീതിയില്‍ ചിന്തിക്കുന്നത് ഞങ്ങള്‍ ചര്‍ച്ചാവിഷയമാക്കുന്നു എന്നേ ഉള്ളൂ. അയാള്‍ പറയുന്ന എല്ലാ കാര്യങ്ങളോടും ഒരു മനുഷ്യന്‍ എന്ന നിലയില്‍ ഞാന്‍ യോജിക്കണം എന്നില്ല. ഇത്തരത്തിലുള്ള ആളുകള്‍ നമ്മുടെ സമൂഹത്തില്‍ ഇപ്പോഴും ഉണ്ട്. ഈ സത്യമാണ് സിനിമ വ്യകതമാക്കുന്നത്. ഇപ്പോള്‍ വീട്ടില്‍ പ്രസവിച്ച സ്ത്രീയും കുട്ടിയും മരിച്ചു എന്നതാണ് വാര്‍ത്ത.
ഇതുപോലെ ആശുപത്രിയില്‍ പ്രസവിക്കുന്ന അമ്മയും കുട്ടിയും മരിക്കാറുണ്ട്. ആശുപത്രികളില്‍ മരിക്കുന്ന പല രോഗികളും മെഡിക്കല്‍ രംഗത്തെ പാകപ്പിഴവുകള്‍ കൊണ്ടാണോ മരിക്കുന്നത് എന്നു നമ്മള്‍ അറിയുന്നില്ല. അവര്‍ പറയുന്നത് അസുഖം കൂടി മരിച്ചു എന്നാണ്. ഏതൊരു സിസ്റ്റവും നൂറു ശതമാനം ശരിയും തെറ്റുമല്ല. നമുക്ക് എല്ലാറ്റിനോടും യോജിക്കാനും വിയോജിക്കാനും സ്വാതന്ത്ര്യമുണ്ട്.