Connect with us

ദിലീപിനോട് ആർക്കെങ്കിലും ദേഷ്യമുണ്ടെങ്കിൽ അത് വ്യക്തിപരമായി തീർക്കണം, കോടതിയുടെ നിലപാടിനെ ബഹുമാനിക്കണമെന്ന് രാഹുൽ ഈശ്വർ

Malayalam

ദിലീപിനോട് ആർക്കെങ്കിലും ദേഷ്യമുണ്ടെങ്കിൽ അത് വ്യക്തിപരമായി തീർക്കണം, കോടതിയുടെ നിലപാടിനെ ബഹുമാനിക്കണമെന്ന് രാഹുൽ ഈശ്വർ

ദിലീപിനോട് ആർക്കെങ്കിലും ദേഷ്യമുണ്ടെങ്കിൽ അത് വ്യക്തിപരമായി തീർക്കണം, കോടതിയുടെ നിലപാടിനെ ബഹുമാനിക്കണമെന്ന് രാഹുൽ ഈശ്വർ

ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു നടൻ ദിലീപ് ശബരിമലയിൽ ദർശനം നടത്തിയത്. പിന്നാലെ വിഐപി സന്ദർശനം നടത്തിയതിൽ രൂക്ഷ വിമർശനമാണ് ഹൈക്കോടതി നടത്തിയത്. എന്ത് അടിസ്ഥാനത്തിലാണ് വിഐപി ദർശനം അനുവദിച്ചതെന്നും വിഷയം ചെറുതായി കാണാൻ സാധിക്കില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

പൊലീസ് അകമ്പടിയിൽ ദിലീപ് എങ്ങനെ സന്നിധാനത്ത് എത്തിയെന്നും ഹരിവരാസനം പാടുന്ന സമയം മുഴുവൻ അദ്ദേഹത്തിന് സന്നിധാനത്ത് നിൽക്കാൻ അവസരം കിട്ടിയെന്നുള്ളത് ചെറിയ വിഷയമായി കാണാനാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. കോടതിയുടെ ഭാഗത്ത് നിന്നും ശക്തമായ വിമർശനം ഉണ്ടായെങ്കിലും ദിലീപിന് യാതൊരു പരിഗണനയും സന്നിധാനത്ത് ലഭിച്ചിട്ടില്ലെന്നാണ് ദേവസ്വം ബോർഡ് അധികൃതർ വ്യക്തമാക്കുന്നത്.

ഇക്കാര്യം വ്യക്തമാക്കി കൊണ്ടുള്ള വിശദമായ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുമെന്നും ബോർഡ് പറഞ്ഞു. അതേസമയം, ഇതിന് പിന്നാലെ ഈ വിഷയത്തിലും ദിലീപിനെ പിന്തുണച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് രാഹുൽ ഈശ്വർ. ദിലീപിനെ വ്യക്തിപരമായി അറിയുന്ന ഒരാളാണ് ഞാൻ. നമ്മൾ അമ്പലത്തിൽ പോകുന്നത് പ്രാർത്ഥിക്കാനും ആശ്വാസം നേടാനുമുണ്ട്. അത്തരത്തിൽ നടത്തിയ സന്ദർശനം വിവാദമായാൽ വേദനയും വിഷമവുമൊക്കെ ആൾക്കാരിലുണ്ടാക്കും.

ഏതെങ്കിലും ചെറിയൊരു കാര്യത്തിന്റെ പേരിൽ വിവാദമുണ്ടാകുന്നത് നിർഭാഗ്യകരമാണ്. കോടതി പറഞ്ഞതിനെ വളരെ പ്രധാന്യത്തോടെ തന്നെ എടുക്കണം. എന്നാലും ചില പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട് എന്നാണ് ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കവെ രാഹുൽ ഈശ്വർ പറഞ്ഞത്. വിദേശത്ത് നിന്നോ മറ്റോ എതെങ്കിലും പ്രമുഖ വ്യക്തികൾ വരികയാണെങ്കിൽ ഒന്ന് സഹായിക്കണമേയെന്ന് ഞങ്ങൾ വിളിച്ച് പറയാറുണ്ട്.

വിവേക് ഒബ്റോയ് പോലും ഒമ്പത് മണിക്കൂറൊക്കെ ക്യൂ നിന്നാണ് ദർശനം നടത്താറുള്ളത്. ഒരിക്കൽ അദ്ദേഹം വന്നത് രോഗിയായ അച്ഛന്റേയോ സഹോദരന്റെയോ കൂടെയാണ്. അപ്പോൾ അദ്ദേഹം വിളിച്ച് സഹായം ആവശ്യപ്പെട്ടു. അത്തരത്തിൽ എന്തെങ്കിലും സഹായം ചെയ്തു കൊടുക്കുക എന്നുള്ളത് സ്വാഭാവികമാണ്. ഇവിടെ ഇത് ഒരു തർക്കമാക്കേണ്ട ആവശ്യമില്ല.

ദിലീപിനോട് ആർക്കെങ്കിലും ദേഷ്യമുണ്ടെങ്കിൽ അത് വ്യക്തിപരമായി തീർക്കണമെന്നാണ് എന്റെ അപേക്ഷ. ചിലർക്കൊക്കെ അദ്ദേഹത്തോട് ദേഷ്യമോ മറ്റ് കാര്യങ്ങളോ തോന്നാൻ സാധ്യതയുണ്ട്. അത് ഇതിലേക്ക് കൂട്ടിച്ചേർക്കുന്നത് ശരിയല്ല. ഹരിവരാസനം പാടി തുടങ്ങിയാൽ അത് കഴിഞ്ഞതിന് ശേഷമാണ് അധികം ആളുകളും പോകാറുള്ളത്.

ദിലീപ് വന്നപ്പോൾ ഏതെങ്കിലും പൊലീസുകാർ വന്ന് ഞാൻ കൊണ്ടുപോയി കാണിക്കാം എന്ന് പറഞ്ഞുകാണുമെന്നും രാഹുൽ ഈശ്വർ അഭിപ്രായപ്പെടുന്നു. ആശയമപരമായി പറയുമ്പോൾ ശബരിമലയിൽ വി ഐ പി ക്യൂവിന്റെ ആവശ്യമില്ല. എന്നാൽ പ്രായോഗിക തലത്തിലേക്ക് വരുമ്പോൾ സുരക്ഷ അടക്കമുള്ള കാര്യങ്ങളിൽ ചില പ്രശ്നങ്ങൾ ഉണ്ടാകുമെന്നുള്ളത് സത്യമാണ്.

സുപ്രീംകോടതി ജഡ്ജി, അല്ലെങ്കിൽ മറ്റേതെങ്കിലും പ്രമുഖർ വന്നാൽ ഏതെങ്കിലും രീതിയിലുള്ള പരിഗണന അവർക്ക് കൊടുക്കാതിരിക്കാൻ പറ്റുമോ. തിരുപ്പതിയിലൊക്കെ കാശ് വാങ്ങിച്ച് വി ഐ പി ക്യൂ അനുവദിക്കുന്ന സംവിധാനമുണ്ട്. കോടതി എന്ത് പറഞ്ഞാലും അനുസരിക്കാൻ നമ്മൾ ബാധ്യതസ്ഥരാണ്. കോടതിയുടെ നിലപാടിനെ ബഹുമാനിക്കണം. അവരാണ് ശബരിമലയെ നല്ല രീതിയിൽ കൊണ്ടുപോകുന്നത്.

അങ്ങനെയൊക്കെയാണെങ്കിലും ചില കാര്യങ്ങൾ പറയാനുണ്ട്. പഴയ മലയാളം ഹരിവരാസനം പാടാൻ എടുക്കുന്നത് മൂന്ന് മിനുട്ട് സമയമാണ്. കുറച്ച് പതിയെയാണ് ശബരിമലയിൽ ഹരിവരാസനം പാടുന്നത്. അതിന് ഏകദേശം അഞ്ച് മിനുട്ടും ആറ് സെക്കൻഡും എടുക്കും. സംസ്കൃതവും തമിഴും ചേർത്തുള്ളതിന് 9 മിനുട്ടും എടുക്കുമെന്നും രാഹുൽ ഈശ്വർ പറഞ്ഞിരുന്നു.

അതേസമയം, വ്യാഴാഴ്ച വൈകിട്ടോടെ സന്നിധാനത്ത് എത്തിയ നടൻ രാത്രി 11ന് ഹരിവരാസനം പാടി നടയടക്കുന്ന വേളയിൽ തിരുനടയിൽ എത്തുകയായിരുന്നു. തുടർന്ന് നടയടച്ചശേഷം ഗസ്റ്റ് ഹൗസിലേയ്ക്ക് മടങ്ങിയ ദിലീപ് പിറ്റേന്ന് പുലർച്ചെ നിർമാല്യം കണ്ടു തൊഴുതു. തന്ത്രി, മേൽശാന്തിമാർ എന്നിവരെയും കണ്ട് അനുഗ്രഹം വാങ്ങിയാണ് മലയിറങ്ങിയത്.

More in Malayalam

Trending