Malayalam
ദിലീപിന്റെ കാല് പിടിച്ചിട്ടാണെങ്കിലും ഒരു പത്ത് ലക്ഷം രൂപ വാങ്ങിച്ച് തരാം. പക്ഷെ…!; തുറന്ന് പറഞ്ഞ് ശാന്തിവിള ദിനേശ്
ദിലീപിന്റെ കാല് പിടിച്ചിട്ടാണെങ്കിലും ഒരു പത്ത് ലക്ഷം രൂപ വാങ്ങിച്ച് തരാം. പക്ഷെ…!; തുറന്ന് പറഞ്ഞ് ശാന്തിവിള ദിനേശ്
നടിയെ ആക്രമിച്ച കേസിൽ പ്രതിസ്ഥാനത്തുളള നടൻ ദിലീപിനെതിരെ നിരവധി തെളിവുകളടക്കം പുറത്ത് വിട്ട വ്യക്തിയായിരുന്നു ദിലീപിന്റെ മുൻ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാർ. ദിലീപിനെതിരെ കടുത്ത ആരോപണങ്ങളാണ് ബാലചന്ദ്രകുമാർ ഉന്നയിച്ചിരുന്നത്. ഈ വെളിപ്പെടുത്തലുകളാണ് കേസിൽ തുടരന്വേഷണത്തിന് വഴി തുറന്നത്. എന്നാൽ ബാലചന്ദ്രകുമാറിന്റെ നിലവിലെ അവസ്ഥ വളരെ ഗുരുതരമാണ്. വൃക്ക രോഗത്തെ തുടർന്ന് ഏറെ നാളുകളായി ബാലചന്ദ്രകുമാർ ചികിത്സയിലാണ്.
നിലവിൽ തിരുവല്ല കെ എം ചെറിയാൻ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. വൃക്ക മാറ്റിവെക്കണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. ഈ സാഹചര്യത്തിൽ ചികിത്സാച്ചിലവിനായി അദ്ദേഹത്തിന്റെ ഭാര്യ സുഹൃത്തുക്കളുടെയും സുമനസ്സുകളുടേയും സഹായം തേടുന്നുമുണ്ട്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ശാന്തിവിള ദിനേശ്.
ദിലീപിനെതിരെ എന്തൊക്കെ പറഞ്ഞെങ്കിലും ബാലചന്ദ്രകുമാറോ ഷീബയോ എന്നെ വിളിച്ച് ഞങ്ങൾക്ക് എന്തെങ്കിലും സഹായം ചെയ്ത് തരണമെന്ന് ദിലീപേട്ടനോട് പറയണമെന്ന് ആവശ്യപ്പെട്ടാൽ ഉറപ്പായും ഞാൻ അത് ചെയ്യും. ദിലീപിനെ ഞാൻ നേരിട്ട് വിളിക്കുമെന്നുമാണ് ശാന്തിവിള ദിനേശ് പറയുന്നത്.
എത്ര കോടി രൂപ ഈ കേസിന് വേണ്ടി ചിലവാക്കുന്നുണ്ട്. നിങ്ങൾക്കാണെങ്കിൽ ആവശ്യത്തിലധികം സ്വത്തുമുണ്ട്. വളരെ താഴെക്കിടയിൽ നിന്നും വന്ന് കോടീശ്വരനായി മാറിയ വ്യക്തിയാണ്. നിങ്ങൾ ആർക്കെല്ലാം വീടുവച്ച് കൊടുത്തു, എന്തൊക്കെ സഹായം ചെയ്യുന്നു. അദ്ദേഹം ഒരുപാട് ചാരിറ്റി ചെയ്യുന്നയാളാണ്. അതുകൊണ്ടാണ് പറയുന്നത് ബാലചന്ദ്ര കുമാറോ ഷീബയോ എന്നെ വിളിച്ചാൽ ഞാൻ ദിലീപിനെ ബന്ധപ്പെടാമെന്ന്.
ഞാൻ ഒരിക്കൽ പറഞ്ഞ കാര്യമാണെങ്കിലും വീണ്ടും പറയാം. ഒരു സെറ്റിൽ വെച്ച് ഞാൻ തിരിച്ച് പോരാൻ തുടങ്ങിയ സമയത്ത് എനിക്ക് ഒരു ഇന്നോവ കാർ പട്ടണം റഷീദ് ഏർപ്പാടാക്കി തന്നു. ആ കാറിൽ കയറി ഇരിക്കുമ്പോൾ അതിലെ ഡ്രൈവർ എന്നോട് പറയുകയാണ് ‘ദൈവപുത്രനായിട്ടാണ് എന്നെ പോലുള്ളവർ താങ്കളെ കാണുന്നത്’ എന്ന്. കാര്യം അന്വേഷിച്ചപ്പോൾ ഞാൻ ചർച്ചകളിൽ ദിലീപിന് വേണ്ടി സംസാരിക്കുന്നത് കണ്ടിട്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്.
തുടർന്ന് ഡ്രൈവർ പറഞ്ഞു,’സാറിന് ഈ കാറിനെ കുറിച്ച് അറിയുമോ? കൊച്ചിൻ ഹനീഫ എന്ന നടന്റെ വീട്ടുകാർ ഇന്ന് ജീവിക്കുന്നത് ഈ കാറുകൊണ്ടാണ്. അദ്ദേഹത്തിന്റെ മക്കൾക്കും രണ്ട് മക്കൾക്കും ഒരു വരുമാന മാർഗ്ഗം ആകട്ടെ എന്ന നിലയിൽ ദിലീപ് സർ വാങ്ങി നൽകിയതാണ്. കാർ ഓടി കിട്ടുന്ന തുക മുഴുവൻ കൊച്ചിൻ ഹനീഫ സാറിന്റെ വീട്ടിൽ കൊണ്ടു പോയി കൊടുക്കും.
ദിലീപ് ജയിലിൽ ആയ സമയത്ത് ഈ കാറിന് ഓട്ടമില്ലാതായി പോയി. ആ കാലം മുഴുവൻ അവർക്ക് വരുമാനം ഉണ്ടായിരുന്നില്ല. കാറിന്റെ അറ്റകുറ്റ പണിക്കായി 2.5 ലക്ഷം രൂപ ചിലവഴിച്ചത് ദിലീപാണ്. ഒരിക്കൽ കൂടെ പറയുകയാണ് അവർ ആവശ്യപ്പെട്ടാൽ ദിലീപിന്റെ കാല് പിടിച്ചിട്ടാണെങ്കിലും ഒരു പത്ത് ലക്ഷം രൂപ വാങ്ങിച്ച് തരാം. പക്ഷെ അതിന് എന്നെ വിളിച്ച് പറയണം.
വിചാരണ കഴിഞ്ഞ സ്ഥിതിയ്ക്ക് പണം തരുന്നത് കോടതിയലക്ഷ്യമൊന്നുമാകില്ല. അങ്ങനെ ഒരു ആവശ്യം ഉന്നയിച്ചാൽ ദിലീപ് തള്ളിക്കളയില്ലെന്നാണ് എന്റെ വിശ്വാസം. എത്രയും പെട്ടെന്ന് ബാലചന്ദ്രകുമാർ ജീവിതത്തിലേയ്ക്ക് തിരിച്ച് വരട്ടെ. ദിലീപ് കുറ്റവിമുക്തനായി കോടതിയിൽ നിന്ന് തിരിച്ച് വരുമ്പോൾ അദ്ദേഹം ജീവനോടെയുണ്ടാകണമെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.
കുറേക്കാലമായി വൃക്ക സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിൽ ആണ് ബാലചന്ദ്രകുമാർ. ഇദ്ദേഹത്തിന്റെ രണ്ട് വൃക്കകളെയും അസുഖം ബാധിച്ചതോടെ നിരന്തരം ഡയാലിസിസ് നടത്തിയാണ് മുന്നോട്ടു പോകുന്നത്. തുടർച്ചയായുള്ള ഹൃദയാഘാതവും സംഭവിച്ചിരുന്നു. സിനിമയിൽ നിന്നും ബാലചന്ദ്ര കുമാറിന് വരുമാനമൊന്നും കാര്യമായി ലഭിച്ചിരുന്നില്ല. പല സുഹൃത്തുക്കളുടെയും സഹായത്തോടെയാണ് ചികിത്സ മുന്നോട്ടു പോയത്. രോഗാവസ്ഥയിലും നടിയെ ആക്രമിച്ച കേസിൽ വിചാരണയ്ക്കായും തുടർച്ചയായി ബാലചന്ദ്രകുമാർ കോടതിയിൽ ഹാജരായിരുന്നു.