Actor
ഷൂട്ടിംഗിനിടെ ഏറെ ടെന്‍ഷനടിച്ച കാര്യം അതാണ്; തുറന്ന് പറഞ്ഞ് രാഘവ ലോറന്‍സ്
ഷൂട്ടിംഗിനിടെ ഏറെ ടെന്‍ഷനടിച്ച കാര്യം അതാണ്; തുറന്ന് പറഞ്ഞ് രാഘവ ലോറന്‍സ്
നിരവധി ആരാധകരുള്ള താരമാണ് രാഘവാ ലോറന്‍സ്. ഇപ്പോള്‍ ജിഗര്‍തണ്ട ഡബിള്‍ എക്സ് എന്ന ചിത്രമാണ് താരത്തിന്റേതായി ഒടുവില്‍ പുറത്തെത്തിയ ചിത്രം. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ രാഘവാ ലോറന്‍സ്, എസ്.ജെ. സൂര്യ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നത്. ഇപ്പോഴിതാ ഒരു മാധ്യമത്തോട് സംസാരിക്കവെ ചിത്രീകരണത്തിനിടെ ഏറെ ടെന്‍ഷന്‍ അനുഭവിച്ച ഒരു കാര്യത്തേക്കുറിച്ച് സംസാരിക്കുകയാണ് രാഘവ.
കാര്‍ത്തിക് സുബ്ബരാജ് സാര്‍ വന്ന് ഡാന്‍സ് കണ്ട്രോള് ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ കുറച്ച് ബുദ്ധിമുട്ടായി. നൃത്തം എന്നുപറയുന്നത് തന്റെ ഹൃദയവും ജീവനുമാണ്. ഡാന്‍സ് വേണ്ടെന്ന് പറഞ്ഞപ്പോള്‍ പിന്നെ എന്തിനാണ് എന്നെ വിളിച്ചതെന്ന് ചോദിച്ചു. നൃത്തം ചെയ്യുന്നത് വേറൊരു രീതിയില്‍ വേണമെന്നാണ് ഇതിന് മറുപടിയായി കാര്‍ത്തിക് പറഞ്ഞത്. രണ്ട് ദിവസമാണ് അതിന്മേല് ടെന്ഷനായിരുന്നത്.
ഡാന്‍സ് അറിയാത്ത ഒരാളായിരുന്നെങ്കില്‍ എന്നാലോചിച്ച് ചെയ്യാനാണ് പറഞ്ഞത്. താളത്തിന് അനുസരിച്ചല്ലാതെ നൃത്തം ചെയ്യുന്നത് ബുദ്ധിമുട്ടായിരുന്നു. സ്ക്രീനില്‍ കണ്ടപ്പോള്‍ ഇതൊരു പുതിയ രാഘവാ ലോറന്‍സ് ആണല്ലോ എന്ന് തോന്നിയെന്നും അദ്ദേഹം പറഞ്ഞു. ക്യാമറയ്ക്ക് മുന്നിലും പുറത്തും എസ്.ജെ. സൂര്യക്കൊപ്പമുള്ള നിമിഷങ്ങളേക്കുറിച്ചും ലോറന്‍സ് വാചാലനായി. എസ്.ജെ. സൂര്യയുടെ ഖുഷി വളരെ ഇഷ്ടമുള്ള ചിത്രമാണ്. അദ്ദേഹത്തിന്റെ ഡാന്‍സും ഏറെ ഇഷ്ടമാണ്.
സംവിധായകനും വലിയ നടനുമൊക്കെയാണ്, സെറ്റില്‍ വളരെ സൈലന്റായി ഇരിക്കുമെന്നാണ് കരുതിയത്. അഞ്ച് മിനിറ്റ് സംസാരിച്ചപ്പോഴാണ് കൊച്ചുകുഞ്ഞാണെന്ന് മനസിലായത്. വിഷമമുണ്ടായാലും അദ്ദേഹം പുഞ്ചിരിച്ചുകൊണ്ടേയിരിക്കുമെന്നും ലോറന്‍സ് പറഞ്ഞു.
ജിഗര്തണ്ടഡബിള് എക്സില്‍ നായകന്, വില്ലന്‍ എന്നൊന്നില്ല. എല്ലാവരും കഥാപാത്രങ്ങള്‍ മാത്രം. രണ്ടുപേരിലും നല്ലതിന്റേയും ചീത്തയുടേയും അംശങ്ങളുണ്ട്. പിന്നെ തങ്ങള്‍ക്ക് രണ്ടുപേര്‍ക്കും വില്ലനായിരുന്നത് സംവിധായകന് കാര്‍ത്തിക് സുബ്ബരാജ് ആണെന്ന് അദ്ദേഹം തമാശയായി പറഞ്ഞു. ക്ലിന്റ് ഈസ്റ്റ് വുഡിന്റെ ഗുഡ് ബാഡ് അഗ്ലിയുടെ വലിയ ആരാധകനാണ് താനെന്നും ലോറന്‍സ് പറഞ്ഞു.
നിമിഷ സജയന്, സഞ്ജന നടരാജന്, നവീന്‍ ചന്ദ്ര എന്നിവരാണ് ഡബിള്‍ എക്സിലെ മറ്റഭിനേതാക്കള്‍. എസ്.എസ് തിരുനാവക്കരശാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. വിവേക്, മുത്തമിള്‍ ആര്.എം.എസ് എന്നിവരുടേതാണ് വരികള്‍. ഷഫീഖ് മൊഹമ്മദാലിയാണ് എഡിറ്റിങ്. സ്റ്റോണ്‍ബെഞ്ച് ഫിലിംസ്, ഫൈവ് സ്റ്റാര്‍ ക്രിയേഷന്‍സ് എന്നിവയുടെ ബാനറില്‍ കാര്ത്തികേയന് സന്താനം, കതിരേശന് എന്നിവരാണ് ചിത്രം നിര്‍മിച്ചത്.
