Actress
‘ഇതിലും ഭേദം ഷൂട്ടിങ് കണ്ട് തിരിച്ചു വരുന്നതായിരുന്നു’, പരിഹാസങ്ങള്‍ക്ക് മറുപടിയുമായി പുണ്യ എലിസബത്ത്
‘ഇതിലും ഭേദം ഷൂട്ടിങ് കണ്ട് തിരിച്ചു വരുന്നതായിരുന്നു’, പരിഹാസങ്ങള്‍ക്ക് മറുപടിയുമായി പുണ്യ എലിസബത്ത്
വമ്പന്‍ വിജയമായി മാറിക്കൊണ്ടിരിക്കുകയാണ് ലോകേഷ് കനകരാജ്-വിജയ് കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ ചിത്രം ‘ലിയോ’. വന്താര നിര അണിനിരന്ന ചിത്രത്തില്‍ നിരവധി മലയാളി താരങ്ങളും ചിത്രത്തിലുടനീളം എത്തിയിരുന്നു. മാത്യു തോമസ്, ബാബു ആന്റണി, മഡോണ സെബാസ്റ്റ്യന്‍, ശാന്തി മായാദേവി തുടങ്ങിയവരാണ് ലിയോയുടെ ഭാഗമായത്. എന്നാല്‍ മലയാളത്തില്‍ നിന്ന് മറ്റൊരു യുവനടിയായ പുണ്യ എലിസബത്ത് ചിത്രത്തിലെത്തിയിരുന്നു.
ഒരു സീനില്‍ മാത്രം തൃഷയോടൊപ്പം അഭിനയിച്ച നടിയ്ക്ക് പക്ഷേ പരിഹാസ കമന്റുകളാണെത്തിയത്. തൃഷയ്ക്കൊപ്പമുള്ള തന്റെ രംഗത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പുണ്യ പങ്കുവച്ചിരുന്നു.
‘ഇതിലും ഭേദം ഷൂട്ടിങ് കണ്ട് തിരിച്ചു വരുന്നതായിരുന്നു’, എന്ന് ചിത്രത്തിന് താഴെ വന്ന കമന്റ്. ഇതിനോട് നടി പ്രതികരിക്കുകയും ചെയ്തു. ‘വലിയ വേഷമാണു ചെയ്തതെന്ന് ഞാന്‍ ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. എന്നിരുന്നാലും ഞാന്‍ നന്ദിയുള്ളവളാണ്, എനിക്ക് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനും നേടാനുമുണ്ടെന്ന് എന്നെത്തന്നെ ഓര്‍മിപ്പിക്കാന്‍ വേണ്ടി മാത്രമാണ് ഈ പോസ്റ്റ് പങ്കുവെച്ചത്’, എന്നും പുണ്യ പറഞ്ഞു.
‘ഗൗതമന്റെ രഥം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ താരമാണ് പുണ്യ എലിസബത്ത്. ലിയോയിലെ തന്റെ അഭിനയത്തിന് ആശംസകളറിയിച്ചും പോസ്റ്റിന് പ്രതികരണങ്ങളെത്തുന്നുണ്ട്. അതേസമയം കേരളത്തിലും ലിയോ മികച്ച കളക്ഷനാണ് സ്വന്തമാക്കിയിരിക്കുന്നത്.
58 കോടിയുമായി രജനികാന്തിന്റെ ജയിലര്‍ നേടിയ കേരളത്തിലെ റെക്കോര്‍ഡ് ഇതിനകം ലിയോ മറികടന്നു കഴിഞ്ഞു. വിജയ്!യ്ക്ക് ഒപ്പമുള്ള ലോകേഷ് കനകരാജിന്റെ രണ്ടാമത്തെ ചിത്രമാണ് ലിയോ.
