News
പുനീത് രാജ്കുമാറിന്റെ ജീവിത കഥ പാഠപുസ്തകത്തില്‍ ചേര്‍ക്കും…, ആരാധകരുടെ അഭ്യര്‍ത്ഥന കണക്കിലെടുത്ത് ബാംഗ്ലൂര്‍ സര്‍വകലാശാല
പുനീത് രാജ്കുമാറിന്റെ ജീവിത കഥ പാഠപുസ്തകത്തില്‍ ചേര്‍ക്കും…, ആരാധകരുടെ അഭ്യര്‍ത്ഥന കണക്കിലെടുത്ത് ബാംഗ്ലൂര്‍ സര്‍വകലാശാല
ആരാധകരെ ഏവരെയും ഞെട്ടിച്ചുകൊണ്ടാണ് കന്നഡ താരം പുനീത് രാജ്കുമാര് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു 46കാരനായ പുനീതിന്റെ മരണം. രാവിലെ ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ അസ്വാസ്ഥ്യം അനുഭവപ്പെട്ട അദ്ദേഹത്തെ ആദ്യം സമീപത്തുള്ള ഒരു ആശുപത്രിയിലും പിന്നാലെ വിക്രം ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. എന്നിട്ടും അദ്ദേഹത്തിന്റെ ജീവിന് രക്ഷിക്കാനായില്ല.
2021 ഒക്ടോബര്‍ 29നാണ് പുനീത് രാജ്കുമാര് മരിക്കുന്നത്. നടന്റെ ജനപ്രീതിയും പാരമ്ബര്യവും കണക്കിലെടുത്ത്, പുനീത് രാജ്കുമാറിന്റെ ജീവിതം സ്കൂളില്‍ പഠിപ്പിക്കുന്ന ഒരു പാഠപുസ്തകത്തിന്റെ രൂപത്തില്‍ രേഖപ്പെടുത്തണമെന്നത് വളരെക്കാലമായി ആരാധകരുടെ ആവശ്യമാണ്. ഫാന്‍സ് ക്ലബ്ബുകളുടെയും വിദ്യാര്‍ത്ഥി സംഘടനകളുടെയും അഭ്യര്‍ത്ഥന കേള്‍ക്കാന്‍ ബാംഗ്ലൂര്‍ സര്‍വകലാശാല തീരുമാനിച്ചു.
സമീപഭാവിയില്‍ പുനീത് രാജ്കുമാറിനെക്കുറിച്ചുള്ള ഒരു അധ്യായം പാഠ്യപദ്ധതിയില്‍ ചേര്‍ക്കുമെന്ന് സര്‍വകലാശാല അറിയിച്ചു. ബികോമിനുള്ള മൂന്നാം സെമസ്റ്റര്‍ കന്നഡ ഭാഷാ സിലബസില്‍ നീനെ രാജകുമാരയില്‍ നിന്നുള്ള ഒരു ഭാഗം ഉള്‍പ്പെടുത്തുമെന്ന് ബാംഗ്ലൂര്‍ യൂണിവേഴ്സിറ്റി കന്നഡ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം കോര്‍ഡിനേറ്റര്‍ ഡോ. രാമലിംഗപ്പ ടി. ബേഗൂര്‍ പറഞ്ഞു.
പുനീതിന്റെ ഭാര്യ അശ്വിനി അടുത്തിടെ പുനീത് രാജ്കുമാറിന്റെ നീനേ രാജകുമാര എന്ന പുസ്തകത്തിന്റെ നാലാം പതിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. കന്നഡയില്‍ ഈ വര്‍ഷം ഏറ്റവുമധികം വിറ്റഴിഞ്ഞ ജീവചരിത്രത്തിനുള്ള റെക്കോര്‍ഡും ഈ പുസ്തകത്തിനായിരുന്നു. അദ്ദേഹം മരിക്കുന്നതിന് മുമ്പ് അഭിനയിച്ച സിനിമയും അടുത്തിടെ റിലീസായിരുന്നു. മികച്ച അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്.
രാജ്കുമാര് നായകനായെത്തിയ ചില ചിത്രങ്ങളിലൂടെ ബാലതാരമായിട്ടായിരുന്നു പുനീതിന്റെ സിനിമാപ്രവേശം. ‘ബെട്ടാഡ ഹൂവു’വിലെ അപ്പു എന്ന കഥാപാത്രം പുനീതിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്തു. മുതിര്‍ന്നശേഷം അപ്പുവെന്ന മറ്റൊരു ചിത്രത്തിലും അഭിനയിച്ച പുനീത് രാജ്കുമാര് അതേ വിളിപ്പേരിലാണ് ആരാധകര്‍ക്ക് ഇടയില്‍ അറിയപ്പെട്ടിരുന്നതും.
അപ്പു, അഭി, വീര കന്നഡിഗ, ആകാശ്, ആരസു, മിലാന, വംശി, റാം, ജാക്കീ, ഹുഡുഗരു, രാജകുമാര തുടങ്ങിവയാണ് പുനീത് രാജ്കുമാറിന്റെ ഹിറ്റ് ചിത്രങ്ങള്‍. കന്നഡ സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള താരവും ഏറ്റവും പ്രതിഫലം വാങ്ങുന്നയാളുമായിരുന്നു. ഹു വാണ്ട്സ് ടു ബി എ മില്ല്യണര്‍ എന്ന ഷോയുടെ കന്നഡ പതിപ്പായ ‘കന്നഡാഡ കോട്യാധിപതി’ യിലൂടെ ടെലിവിഷന്‍ അവതാരകനായും ശ്രദ്ധ നേടിയിരുന്നു പുനീത് രാജ്കുമാര്.
