Malayalam
നടി ആക്രമിക്കപ്പെട്ട കേസ്; രണ്ടു ഫൊറൻസിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണം; പൾസർ സുനി സുപ്രീം കോടതിയിൽ
നടി ആക്രമിക്കപ്പെട്ട കേസ്; രണ്ടു ഫൊറൻസിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണം; പൾസർ സുനി സുപ്രീം കോടതിയിൽ
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ സംഘങ്ങൾ ആദ്യം പിടിയിലായ കേസിൽ മാസങ്ങൾ പിന്നിട്ടപ്പോഴാണ് ദിലീപിന്റെ പേര് ഉയർന്നു കേട്ടത്. പിന്നാലെ നടന്റെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ മുഖ്യപ്രതിയായ പൾസർ സുനി സുപ്രീം കോടതിയെ സമീപിച്ചുവെന്നുള്ള വാർത്തകളാണ് പുറത്തെത്തുന്നത്. കേസിൽ ഹാജരായ രണ്ടു ഫൊറൻസിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്നാണ് ആവശ്യം. ഹൈക്കോടതി ഈ ആവശ്യം തള്ളിയതിനു പിന്നാലെയാണ് സുനി സുപ്രീം കോടതിയെ സമീപിച്ചത്. സാക്ഷികളെ വീണ്ടും വിസ്തരിക്കേണ്ടത് അനിവാര്യമായ നടപടിയല്ലെന്നും പൾസർ സുനിയുടേത് ബാലിശമായ വാദമെന്നും ആയിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
സാംപിളുകൾ ശേഖരിച്ച ഡോക്ടർ, ഫൊറൻസിക് ലബോറട്ടറി അസിസ്റ്റന്റ് ഡയറക്ടർ എന്നിവരെ തിരിച്ചു വിളിച്ച് വിസ്തരിക്കണം എന്നാണ് പൾസർ സുനിയുടെ ആവശ്യം. ഈ കേസിൽ തന്നെ സംബന്ധിച്ചെടുത്തോളം നിർണായകമാണ് ഈ സാക്ഷികൾ. ഇവരെ വിസ്തരിക്കുന്ന സമയത്ത് താൻ ജയിലിൽ ആയിരുന്നു. ഈ സാഹചര്യത്തിൽ അഭിഭാഷകനോട് കാര്യങ്ങൾ സംസാരിക്കാനായില്ലെന്നുമായിരുന്നു പൾസർ സുനിയുടെ വാദം.
എന്നാൽ പൾസർ സുനിയുടെ ആവശ്യം ബാലിശമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹർജി തള്ളിയത്. ജസ്റ്റിസ് സി ജയചന്ദ്രന്റെ സിംഗിൾ ബഞ്ചാണ് ഹർജി തള്ളിയത്. സാംപിളുകൾ ശേഖരിച്ച ഡോക്ടർ, ഫോറൻസിക് ലബോറട്ടറി അസിസ്റ്റൻഡ് ഡയറക്ടർ എന്നിവരെ വീണ്ടും വിസ്തരിക്കണം എന്നായിരുന്നു പൾസർ സുനി ആവശ്യപ്പെട്ടത്.
അതിന് കാരണമായി പൾസർ സുനി ഹർജിയിൽ വ്യക്തമാക്കിയത് ഈ രണ്ട് പേരുടേയും വിസ്താര സമയത്ത് താൻ ജയിലിൽ ആയിരുന്നുവെന്നും അതുകൊണ്ട് ആ സമയത്ത് തന്റെ അഭിഭാഷകനുമായി ചർച്ച ചെയ്യാൻ സാധിച്ചില്ല എന്നുമായിരുന്നു. ഇത് വിസ്താരത്തെ ബാധിച്ചിരിക്കാനുളള സാധ്യത പരിഗണിച്ച് ഇവരെ വീണ്ടും വിസ്തരിക്കണം എന്ന് ഹർജിയിൽ ആവശ്യപ്പെട്ടത്. എന്നാൽ ഫൊറൻസിക് വിദഗ്ധനെ വിസ്തരിച്ചപ്പോൾ സുനി വിചാരണക്കോടതിയിൽ ഹാജരായിരുന്നുവെന്നും കോടതി വ്യക്തമാക്കിയിരുന്നു.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി ഏഴര വർഷത്തിനുശേഷം കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ജയിലിൽനിന്നു ജാമ്യത്തിൽ പുറത്തിറങ്ങിയത്. സുപ്രീം കോടതിയുടെ നിർദേശത്തെ തുടർന്നാണ് വിചാരണ കോടതി കേസിൽ പൾസർ സുനിക്ക് ജാമ്യം അനുവദിച്ചത്.
അതേസമയം, ചട്ടവിരുദ്ധമായി മെമ്മറി കാർഡ് തുറന്ന സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ നടപടിയുണ്ടായില്ലെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് അതിജീവിത രാഷ്ട്രപതി ദ്രൗപദി മുർമുവിന് കത്ത് അയച്ചിരുന്നു. 3 തവണയാണ് മെമ്മറി കാർഡ് പരിശോധിച്ചത് എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
2018 ജനുവരി 9ന് അങ്കമാലി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി, 2018 ഡിസംബർ 13 ന് എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി, 2021 ജൂലായ് 19 ന് എറണാകുളം സി ബി ഐ സ്‌പെഷ്യൽ കോടതി എന്നിവിടങ്ങളിൽ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചുവെന്ന് ഹൈക്കോടതിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ വിചാരണ കോടതി ജഡ്ജി വ്യക്തമാക്കി.
തുടർന്ന് ലൈം ഗികാതിക്രമ ദൃശ്യങ്ങൾ കൈമാറ്റം ചെയ്യപ്പെട്ടിരിക്കാമെന്ന ആശങ്ക ഉന്നയിച്ച് അതിജീവിത പോലീസ് അന്വേഷണം ആവശ്യപ്പെട്ടെങ്കിലും ആവശ്യം അംഗീകരിക്കപ്പെട്ടില്ല. നിരന്തരം ഇത് സംബന്ധിച്ച ഹർജികളുമായി അതിജീവിത കോടതികൾ കയറി ഇറങ്ങിയെങ്കിലും അനുകൂല ഉത്തരവ് ഉണ്ടായില്ല. അതിനിടെയാണ് തനിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത രാഷ്ട്രപതിക്ക് കത്തയച്ചത്.
2017 ഫെബ്രുവരി 2ന് ആയിരുന്നു രാജ്യം തന്നെ ശ്രദ്ധിച്ച നടി ആക്രമിക്കപ്പെട്ട സംഭവം നടന്നത്. നടിയുടെ വാഹനത്തിൽ നിന്ന് ഇവരെ ഭീഷണിപ്പെടുത്തി പുറത്തിറക്കിയ ശേഷം മറ്റൊരു വാഹനത്തിൽ വച്ച് പീഡനത്തിനിരയാക്കുകയും ഇതിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ചെന്നുമാണ് കേസ്.
