ഇവളെ കല്ലട ബസ്സില്‍ കയറ്റി ബാംഗ്ലൂര്‍ക്ക് വിടണം !അതിരുവിട്ട് മലയാളികളുടെ പ്രതികരണങ്ങള്‍ !റിമിയോട് എന്തിനാണ് ഇത്ര ദേഷ്യം..
റിമി ടോമി വിവാഹമോചിതയാകുന്നുവെന്ന് വാര്‍ത്ത പുറത്തുവന്നിരുന്നു. 11 വര്‍ഷത്തെ ദാമ്പത്യമാണ് റിമി ടോമിയും റോയ്സും അവസാനിപ്പിക്കാന്‍ തയ്യാറായിരിക്കുന്നത്.
എറണാകുളം കുടുംബകോടതിയില്‍ കഴിഞ്ഞ് ഏപ്രില്‍ 16ന് റിമി ടോമി വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തത്. പരസ്പര സമ്മതത്തോടെയുള്ളതാണ് വിവാഹമോചന ഹര്‍ജി.
വാര്‍ത്ത പുറത്തുവന്നതോടെ മലയാളികളുടെ പ്രതികരണങ്ങള്‍ അതിരുകടക്കുകയാണ്. ”ഇത്രയും വര്‍ഷം ഇവളെ സഹിച്ച ഭര്‍ത്താവിന് ഒരു വലിയ സല്യൂട്ട്….”
”ഇവളെ കല്ലട ബസ്സില്‍ കയറ്റി ബാംഗ്ലൂര്‍ക്ക് വിടണം…””ജീവപര്യന്തം തടവ് കഴിഞ്ഞ് ഭര്‍ത്താവ് രക്ഷപ്പെട്ടു….! ”
തുടങ്ങി ലൈംഗികച്ചുവയുള്ള വാചകങ്ങളും തെറിവാക്കുകളും കൊണ്ട് മലയാളികള്‍ തനി സ്വഭാവം കാണിക്കുകയാണ്.
കുറിപ്പ് വായിക്കാം:
വിവാഹമോചനത്തിന് ഒരുങ്ങുകയാണെന്ന് വാര്‍ത്ത വന്നിരുന്നു.അങ്ങേയറ്റം തരംതാഴ്ന്ന രീതിയിലാണ് മലയാളികള്‍ അതിനോട് പ്രതികരിച്ചുകൊണ്ടിരിക്കുന്നത്…!”ഇത്രയും വര്‍ഷം ഇവളെ സഹിച്ച ഭര്‍ത്താവിന് ഒരു വലിയ സല്യൂട്ട്….”
”ഇവളെ കല്ലട ബസ്സില്‍ കയറ്റി ബാംഗ്ലൂര്‍ക്ക് വിടണം…”
”ജീവപര്യന്തം തടവ് കഴിഞ്ഞ് ഭര്‍ത്താവ് രക്ഷപ്പെട്ടു….! ”ഇങ്ങനെപോകുന്നു കമന്റുകള്‍.ഇതിനുപുറമെ ലൈംഗികച്ചുവയുള്ള വാചകങ്ങളും തെറിവാക്കുകളും വേറെയുമുണ്ട് !
എന്തിനാണ് റിമിയോട് ഇത്ര ദേഷ്യം?പലപ്പോഴും സ്വയം ട്രോള്‍ചെയ്യുന്ന വ്യക്തിയാണ് അവര്‍.മലയാളിയുടെ ഈഗോയെ മുറിപ്പെടുത്താന്‍ പോന്ന, ‘അഹങ്കാരം’ നിറഞ്ഞ പ്രസ്താവനകളൊന്നും റിമിയില്‍ നിന്ന് ഉണ്ടാവാറില്ല.പിന്നെ എന്താവും കാരണം?ഒരു പെണ്ണ് എങ്ങനെയായിരിക്കണം എന്ന കാര്യത്തില്‍ സമൂഹം ചില വാര്‍പ്പുമാതൃകകള്‍ സൃഷ്ടിച്ചുവെച്ചിട്ടുണ്ട്.അതിനോട് ഒരു ശതമാനം പോലും നീതിപുലര്‍ത്താത്ത വ്യക്തിയാണ് റിമി.മലയാളികള്‍ക്ക് അവരോട് ഇത്ര കലിപ്പുതോന്നുന്നതിന്റെ കാരണം അതാണ്.
ചിരിക്കുമ്പോള്‍ വായ പൊത്തിപ്പിടിക്കുന്ന പെണ്‍കുട്ടികളെ കണ്ടിട്ടില്ലേ? സമൂഹം അവരെ അങ്ങനെയാണ് പഠിപ്പിക്കുന്നത്.അടക്കത്തിന്റെയും ഒതുക്കത്തിന്റെയും സ്റ്റഡി ക്ലാസുകളാണ് പെണ്‍കുട്ടികള്‍ക്ക് നിരന്തരം കിട്ടുന്നത്.പെണ്ണിന്റെ ചിരിയ്ക്ക് തീര്‍ച്ചയായും പരിധികള്‍ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്.ഇതിന് കടകവിരുദ്ധമാണ് റിമി.വേദി ഏതായാലും,മുമ്പിലിരിക്കുന്നത് എത്ര വലിയ സെലിബ്രിറ്റി ആയാലും,അവര്‍ സര്‍വ്വവും മറന്ന് പൊട്ടിച്ചിരിക്കും ! ഈ സ്വഭാവം മാറ്റണമെന്ന ഉപദേശം ഒരുപാട് പേര് റിമിയ്ക്ക് നല്കിയിട്ടുണ്ടാവും.പക്ഷേ അവര്‍ മാറിയില്ല.അവരുടെ കലപില സംസാരത്തില്‍ ‘അടക്കവും ഒതുക്കവും’ തീരെയില്ല.സ്റ്റേജില്‍ കയറിയാല്‍ ചാടിത്തുള്ളിയെന്നിരിക്കും.ഈ വക കാര്യങ്ങളൊന്നും ‘ഉത്തമ സ്ത്രീ’യ്ക്ക് ചേര്‍ന്നതല്ലല്ലോ…!
വിവാഹിതയായ ഒരു സ്ത്രീ മറ്റൊരു പുരുഷന്റെ കൂടെ ബൈക്കില്‍ സഞ്ചരിച്ചാല്‍ അതില്‍ അവിഹിതം കണ്ടെത്തുന്ന ഒരു ജനതയാണ് ഇവിടെയുള്ളത്.പണ്ട് ഷാറൂഖ് ഖാന് റിമി ടോമിയെ എടുത്തുയര്‍ത്തിയതൊന്നും സ്വാഭാവികമായും ശരാശരി മലയാളിയ്ക്ക് ദഹിച്ചിട്ടുണ്ടാവില്ല.റിമി ഒരിക്കലും തന്റെ പ്രതിച്ഛായയെക്കുറിച്ച് വേവലാതിപ്പെട്ടിട്ടില്ല.ആളുകള്‍ എന്തു പറയുമെന്നോര്‍ത്ത് ജീവിതത്തില്‍ അഭിനയിക്കാന്‍ ശ്രമിച്ചിട്ടില്ല.വര്‍ഷങ്ങളോളം പരിഹാസങ്ങളും വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിട്ടും റിമി തന്റെ ‘തലതെറിച്ച’ സ്വഭാവം അതേപടി തുടര്‍ന്നു.നമുക്ക് പലര്‍ക്കും സാധിക്കാത്ത കാര്യമാണത്.ജീവിതം നമുക്കുവേണ്ടിയാവണം.പക്ഷേ പലപ്പോഴും അത് നാട്ടുകാരെ തൃപ്തിപ്പെടുത്തുന്നതിനുവേണ്ടി മാത്രമാകുന്നു.റിമിയുടെ ശൈലി ചിലര്‍ക്ക് അരോചകമായി അനുഭവപ്പെടുന്നുണ്ടാവാം.പക്ഷേ മിക്ക ചാനലുകളിലും അവര്‍ സ്ഥിരം സാന്നിദ്ധ്യമാണ് എന്ന കാര്യം ഓര്‍ക്കുക.
സമൂഹത്തില്‍ നടക്കുന്ന വിഷയങ്ങളെക്കുറിച്ചെല്ലാം ആധികാരികമായി അഭിപ്രായം പറയുന്ന ഒരാളൊന്നുമല്ല റിമി.നാട്യങ്ങളില്ലാതെ ഇടപെടുന്നു എന്നുമാത്രമേയുള്ളൂ.ഇവിടത്തെ യാഥാസ്ഥിതികരെ അസ്വസ്ഥരാക്കാന്‍ അതുതന്നെ ധാരാളം.അപ്പോള്‍ പിന്നെ പാര്‍വ്വതിയെപ്പോലെ ശക്തമായ നിലപാടുകളുള്ള അഭിനേത്രികള്‍ ആക്രമിക്കപ്പെടുന്നതില്‍ അത്ഭുതമുണ്ടോ!?എല്ലാ പെണ്‍കുട്ടികളും വാര്‍പ്പ് മാതൃകകളെ തകര്‍ത്തെറിഞ്ഞ് സ്വതന്ത്രമായി ഇടപെടാന്‍ തുടങ്ങിയാല്‍ എന്താകും സ്ഥിതി? സൈബര്‍ സഹോദരന്മാര്ക്ക് നിദ്രാവിഹീനരാത്രികളുടെ കാലമായിരിക്കും പിന്നീട് !വിവാഹമോചനം എന്നത് തീര്‍ത്തും വ്യക്തിപരമായ ഒരു സംഭവമാണ്.കല്യാണം എന്ന ഉടമ്പടിയിലേര്‍പ്പെട്ട രണ്ടുപേര്‍ അതിന് വിരാമമിടാന്‍ നിശ്ചയിക്കുന്നു.പുറത്തുനിന്നുള്ളവര്‍ക്ക് അതില്‍ ഒരു കാര്യവുമില്ല.വിമര്‍ശനമോ പിന്തുണയോ അതില്‍ ആവശ്യവുമില്ല.
അതിനുപകരം ഇവിടത്തെ ചില മാദ്ധ്യമങ്ങള്‍ എരിവും പുളിയും ചേര്‍ത്ത് വാര്‍ത്ത കൊടുക്കുന്നു.ഇക്കിളിപ്പെടുത്തുന്ന തലക്കെട്ടുകള്‍ നല്കുന്നു.ലൈംഗികദാരിദ്ര്യം പ്രകടമാക്കാന്‍ ഒരു വേദി അന്വേഷിച്ചുനടക്കുന്ന കുലപുരുഷന്മാരും കുലസ്ത്രീകളും അതില്‍ കേറി മേയുന്നു.ശുഭം !കുടുംബം എന്ന സ്ഥാപനത്തോട് എതിര്‍പ്പൊന്നുമില്ല.പക്ഷേ യോജിച്ചുപോകാനാവില്ലെന്ന് രണ്ടു വ്യക്തികള്‍ക്ക് ബോദ്ധ്യമായാല്‍ ഒരുമിച്ചുള്ള സഞ്ചാരം അവസാനിപ്പിക്കുന്നത് തന്നെയാണ് ഉചിതം.പക്ഷേ മലയാളികള്‍ക്ക് ഇതൊന്നും മനസ്സിലാവില്ല.ഡിവോഴ്സിന് ഒരുങ്ങുന്നവരെ പരിഹസിച്ച് വീര്യംകെടുത്തും.യോജിപ്പില്ലെങ്കിലും കടിച്ചുതൂങ്ങാന്‍ നിര്‍ദ്ദേശിക്കും.അവസാനം ആത്മഹത്യയും കൊലപാതകവും അരങ്ങേറുമ്പോള്‍ ”എന്തുകൊണ്ട് ബന്ധം വേര്‍പിരിഞ്ഞില്ല” എന്ന് നിഷ്കളങ്കമായി ചോദിക്കും !
ഈ കപടസദാചാരം വിളമ്പുന്ന ഏര്‍പ്പാട് മലയാളി അവസാനിപ്പിച്ചാല്‍ ഗാര്‍ഹികപീഡനങ്ങള്‍ക്കും അതേത്തുടര്‍ന്നുള്ള ദുരന്തങ്ങള്‍ക്കും വലിയതോതില്‍ കുറവ് വരുന്നത് കാണാം.ഒരാളുടെ കുടുംബജീവിതം അയാള്‍ക്കുമാത്രം വിട്ടുകൊടുക്കുക.പബ്ലിക് പെര്‍ഫോമന്‍സ് മാത്രം ഓഡിറ്റ് ചെയ്താല്‍ പോരേ?
Public response about Rimi Tomi’s Divorce…
