Uncategorized
ശ്രീനിവാസന്റെ അനാരോഗ്യം കാരണം എന്തെങ്കിലും പറഞ്ഞു പോകുന്നതായിരിക്കാം; രണ്ടു പേരും തന്റെ പ്രിയ സുഹൃത്തുക്കളാണെന്ന് പ്രിയദര്ശന്
ശ്രീനിവാസന്റെ അനാരോഗ്യം കാരണം എന്തെങ്കിലും പറഞ്ഞു പോകുന്നതായിരിക്കാം; രണ്ടു പേരും തന്റെ പ്രിയ സുഹൃത്തുക്കളാണെന്ന് പ്രിയദര്ശന്
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ശ്രീനിവാസന്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ഏറെ വിവാദങ്ങള്‍ക്കാണ് വഴിതെളിച്ചത്. പ്രേംനസീര്‍ ആദ്യമായി സംവിധാനം ചെയ്യാനിരുന്ന ചിത്രത്തില്‍ മോഹന്‍ലാലിനെ നായകനാക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹത്തിന് അതില്‍ താല്പര്യമില്ലായിരുന്നുവെന്നും ശ്രീനിവാസന് പറഞ്ഞിരുന്നു.
സമീപകാലത്ത് ഒരു വേദിയില്‍ മോഹന്‍ലാല്‍ ചുംബിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ‘മോഹന്‍ലാല്‍ കംപ്ലീറ്റ് ആക്ടര്‍ ആണെന്ന് മനസിലായെന്നായിരുന്നു’ ശ്രീനിവാസന്റെ പ്രതികരണം. എന്നാല്‍ ഇപ്പോഴിതാ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ച ഈ സംഭാഷണത്തെക്കുറിച്ച് പ്രതികരിക്കുകയാണ് പ്രിയദര്ശന്.
‘രണ്ടു പേരും എന്റെ പ്രിയ സുഹൃത്തുക്കളാണ്. എന്റെ പുതിയ ചിത്രം കൊറോണ പേപ്പേഴ്സില്‍ ഒരു സംഭാഷണമുണ്ട്. മറക്കുക എന്നത് മാനുഷികമാണ്, പൊറുക്കുക എന്നത് ദൈവികവും എന്ന്. മനുഷ്യര്‍ അത് ചെയ്യണമെന്നാണ് എന്റെ പക്ഷം. എന്താണ് ഇതിന് കാരണമെന്ന് എനിക്കറിയില്ല. അദ്ദേഹത്തിന്റെ അനാരോഗ്യം കാരണം എന്തെങ്കിലും പറഞ്ഞു പോകുന്നതായിരിക്കാം.
എനിക്കറിയില്ല! ഈ പ്രശ്നത്തിനു പിന്നിലുള്ള യഥാര്‍ഥ കാരണം അറിയാതെ ഞാന്‍ അതില്‍ അഭിപ്രായം പറയുന്നത് ശരിയല്ല. സത്യന് അന്തിക്കാടിനും ഇതിനെക്കുറിച്ച് ആശയക്കുഴപ്പമുണ്ട്. ഞങ്ങള്‍ ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ശ്രീനി എന്താണ് ഇങ്ങനെ പറയുന്നതെന്ന് ഞങ്ങള്‍ക്ക് അറിയില്ല. ഏറെ വിചിത്രമായി തോന്നുന്നു.
ഇത്തരം പ്രസ്താവനകളോട് മോഹന്‍ലാല്‍ ഒരിക്കല്‍ പോലും പ്രതികരിച്ചിട്ടില്ല. അതാണ് ഇതിലെ നല്ല വശമായി ഞാന്‍ കാണുന്നത്. എന്താണ് പറയുക എന്നായിരിക്കും അദ്ദേഹം ചിന്തിച്ചിരിക്കുക. ശ്രീനിവാസന് അങ്ങനെ തോന്നിയിരിക്കാം. അതുകൊണ്ടാവാം പറഞ്ഞത് എന്നായിരിക്കും അദ്ദേഹം കരുതിയിട്ടുണ്ടാവുക. മോഹന്‍ലാലിന് ശ്രീനിവാസനെ അറിയാം,’ എന്നും ഒരു അഭിമുഖത്തില്‍ പ്രിയദര്ശന് പറഞ്ഞു.
