Malayalam
ബാന്ദ്ര പാലി ഹിൽസിൽ പുതിയ 30കോടിയുടെ ആഡംബര വസതി സ്വന്തമാക്കി പൃഥ്വിരാജും സുപ്രിയയും
ബാന്ദ്ര പാലി ഹിൽസിൽ പുതിയ 30കോടിയുടെ ആഡംബര വസതി സ്വന്തമാക്കി പൃഥ്വിരാജും സുപ്രിയയും
നടനായും ഗായകനായും സംവിധായകനായും നിർമ്മാതാവായുമെല്ലാം മലയാളികൾക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. അദ്ദേഹത്തിന്റെതായി പുറത്തെത്താറുള്ള വിശേഷങ്ങൾക്കെല്ലാം തന്നെ വളരെ സ്വീകര്യതയാണ് ലഭിക്കുന്നത്. ഇരുപതാം വയസിൽ മലയാള സിനിമയിൽ അരങ്ങേറിയ പൃഥ്വിരാജ് ഇന്ന് മലയാള സിനിമയിൽ കൈവെയ്ക്കാത്ത മേഖലകളില്ല.
തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക് നീങ്ങുമ്പോൾ പൃഥ്വിക്ക് കൂട്ടായി നല്ലപാതിയായി സുപ്രിയയുമുണ്ട്. ഭാര്യ, അമ്മ എന്നതിനേക്കാളുപരി നിർമാതാവായും സുപ്രിയ ശോഭിക്കുന്നുണ്ട്.
ഇപ്പോഴിതാ ബാന്ദ്ര പാലി ഹിൽസിൽ പുതിയ ആഡംബര വസതി സ്വന്തമാക്കിയിരിക്കുകയാണ് പൃഥ്വിരാജ്. നടന്റെയും ഭാര്യ സുപ്രിയ മേനോന്റെയും പ്രൊഡക്ഷൻ ഹൗസിന്റെ പേരിലാണ് ഫ്‌ളാറ്റ് എടുത്തിരിക്കുന്നത്. ബോളിവുഡ് താരങ്ങളുടെ വസതിയ്ക്കടുത്തായി ആണ് പൃഥ്വിരാജിന്റെ പുതിയ വസതി.
30.6 കോടി രൂപയ്ക്കാണ് പൃഥ്വിരാജ് ഫ്ലാറ്റ് സ്വന്തമാക്കിയത്. 2971 ചതുരശ്രയടി വിസ്തീർണമുണ്ട്. 1.84 കോടി രൂപയാണ് സ്റ്റാംപ് ഡ്യൂട്ടി അടച്ചതെന്ന് റിയൽ എസ്റ്റേറ്റ് ഏജൻസിയായ സ്‌ക്വയർ യാർഡ്‌സ് അറിയിച്ചു. നേരത്തേ 17 കോടി രൂപ വില വരുന്ന വസതി പാലി ഹില്ലിൽ തന്നെ താരം വാങ്ങിയിരുന്നു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടിയും എംപിയുമായ കങ്കണ റണാവത്ത് 20 കോടി രൂപയ്ക്ക് 2017ൽ ഇവിടെ വാങ്ങിയ വീട് 32 കോടി രൂപയ്ക്ക് വിറ്റിരുന്നു. ഇത് വലിയ വാർത്തയായി മാറിയിരുന്നു. രൺവീർ സിങ്, അക്ഷയ് കുമാർ, ക്രിക്കറ്റ് താരം കെ.എൽ രാഹുൽ തുടങ്ങി പ്രമുഖരാണ് പാലി ഹിൽസിൽ വസതി സ്വന്തമാക്കിയിരിക്കുന്നത്.