Malayalam
ജയിൽ അടുക്കള ജോലി ചെയ്യുന്ന സുനി എങ്ങനെയാണ് ലക്ഷങ്ങൾ മുടക്കി സുപ്രീം കോടതിയിൽ പോകുന്നത്, കേസിനെ അട്ടിമറിയ്ക്കും, ദിലീപിനെ സഹായിക്കാനായി പൾസർ സുനി രംഗത്തെത്തും; ബൈജു കൊട്ടാരക്കര
ജയിൽ അടുക്കള ജോലി ചെയ്യുന്ന സുനി എങ്ങനെയാണ് ലക്ഷങ്ങൾ മുടക്കി സുപ്രീം കോടതിയിൽ പോകുന്നത്, കേസിനെ അട്ടിമറിയ്ക്കും, ദിലീപിനെ സഹായിക്കാനായി പൾസർ സുനി രംഗത്തെത്തും; ബൈജു കൊട്ടാരക്കര
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇപ്പോഴിതാ ജയിലിൽ തുച്ഛമായ ശമ്പളം വാങ്ങുന്ന പൾസർ സുനിയ്ക്ക് സുപ്രീം കോടതിയിൽ പോകാൻ ലക്ഷങ്ങൾ മുടക്കിയത് ആരാണെന്ന് ചോദിക്കുകയാണ് സംവിധായകൻ ബൈജു കൊട്ടാരക്കര.
പൾസർ സുനിക്ക് ജയിലിലെ ശമ്പളം 63 രൂപ മുതൽ നൂറ് രൂപ വരെയാണ്. ജയിൽ അടുക്കളയിലാണ് ഇയാൾക്ക് ജോലി. ഏഴര വർഷമായി ജയിലിൽത്തന്നെയാണ് അയാൾ കിടക്കുന്നത്. ലക്ഷങ്ങൾ മുടക്കി നാലാം തവണയും സുപ്രീംകോടതിയിൽ പോകണമെങ്കിൽ സുനിയെ സഹായിക്കുന്നതാരാണ്. ഇതെല്ലാം പല തവണ നമ്മൾ ചോദിച്ചിട്ടുള്ള ചോദ്യമാണ്.
ഞാൻതന്നെ പല മാധ്യമങ്ങൾക്കുമുന്നിലും ഇതേ ചോദ്യം ഉന്നയിച്ചിട്ടുണ്ട്. സഹ തടവുകാരനായ ജിൻസനോട് 250 രൂപ ചോദിക്കുന്ന ഓഡിയോ വരെ പുറത്തുവന്നിട്ടുണ്ട്. സുനിയ്ക്കുവേണ്ടി കാശുമുടക്കിയത് ആരാണെന്നാണ് ആദ്യം അറിയേണ്ടത്. അതിന്റെ ആവശ്യകത ആർക്കാണ്? ഇതിൽ നിന്ന് ഒരു കാര്യം മനസിലായി. സർക്കാർ പറയുന്നതുപോലെ ഈ കേസ് അനന്തമായി നീട്ടിക്കൊണ്ടുപോയത് പൾസർ സുനിയൊന്നുമല്ല.
അതിനുപിന്നിൽ കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപാണ്. കാരണം 66 പ്രാവശ്യമാണ് സുനിയ്ക്കുവേണ്ടി സുപ്രീം കോടതിയിൽ ഹർജി കൊടുത്തത്. 87 ദിവസം അന്വേഷണ ഉദ്യോഗസ്ഥനെ വിചാരണ ചെയ്തു. 46 ദിവസം ബാലചന്ദ്ര കുമാർ എന്നയാളെ വിചാരണ ചെയ്തു. മൂന്ന് കോടതികളിൽ നിന്ന് മൂന്നു പ്രാവശ്യം മെമ്മറി കാർഡ് ചോർന്നുപോയിട്ട് അതിനുള്ള വ്യക്തമായ ഉത്തരം ഈ കോടതികളിൽ ആരെങ്കിലും തന്നോ? അതൊന്നും ആരും ചർച്ച ചെയ്യുന്നില്ല.
ഒരു പെൺകുട്ടിയുടെ മാനം അടങ്ങുന്ന മെമ്മറി കാർഡാണ് മൂന്ന് കോടതികളിൽ നിന്ന് പുറത്തുപോയത്. അതിനുശേഷം രണ്ടര വർഷത്തോളം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽനിന്ന് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പൂഴ്ത്തിവെച്ചു. അവസാനം പ്രോസിക്യൂഷൻ ചോദിച്ചപ്പോഴാണ് നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷനിലേയ്ക്ക് അതയച്ചുകൊടുത്തത്. ഇത് എവിടുത്തെ നീതിയും നിയമവുമാണ്?
സുപ്രീം കോടതിയുടെ ചൊവ്വാഴ്ചത്തെ വിധിന്യായത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളൊക്കെ പുറത്തുവരട്ടേ. ഇനി സംഭവിക്കാൻ പോകുന്നത്, പൾസർ സുനി പുറത്തിറങ്ങുന്നതോടെ ബാക്കി പ്രതികളുമായി ചേർന്ന് പല വെളിപ്പെടുത്തലുകളും നടത്തും. അതിനോടനുബന്ധിച്ച് ഈ കേസിനെ അട്ടിമറിക്കാനുള്ള എല്ലാ കാര്യങ്ങളും അയാൾ ചെയ്യും. ദിലീപടക്കം ഈ കേസിൽ പ്രബലന്മാരായി നിൽക്കുന്ന ആളുകളെ സഹായിക്കാനായി പൾസർ സുനി നൂറ് ശതമാനം രംഗത്തെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന സർക്കാർ എതിർത്തുവെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. വിചാരണ നീണ്ടു പോകുന്നതിനാൽ ജാമ്യം നല്കിയ കോടതി ഒരാഴ്ചയ്ക്കുള്ളിൽ വിചാരണ കോടതി ജാമ്യം നൽകണമെന്നും ഉത്തരവിട്ടു.
പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ചാൽ വിചാരണ നടപടികൾ അട്ടിമറിക്കുന്നതിനുള്ള ശ്രമം ഉണ്ടായേക്കുമെന്നും വിചാരണ അട്ടിമറിക്കുന്നതിനായി ആക്രമണ ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്ന് അതിജീവിതയെ ഭീഷണിപ്പെടുത്താൻ സാധ്യത ഉണ്ടെന്നും സംസ്ഥാന സർക്കാർ വാദിച്ചിരുന്നു.
എന്നാൽ വിചാരണ നീണ്ടു പോകുന്ന സാഹചര്യത്തിലാണ് സുനിയ്ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിനെ കേസിലെ പ്രതിയായ ദിലീപിന്റെ അഭിഭാഷകൻ ബൈജു പൗലോസിനെ 95 ദിവസമായി ക്രോസ് വിസ്താരം നടത്തുകയാണെന്ന് പൾസർ സുനിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചതിനെ തുടർന്ന് വിസ്താര രേഖകൾ ഹാജരാക്കാൻ സുപ്രീം കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു.
ഏഴര വർഷമായി ജയിലിലാണെന്നും ജാമ്യം നൽകണമെന്നുമായിരുന്നു അഭിഭാഷകൻ സുപ്രീം കോടതിയെ അറിയിച്ചത്. നേരത്തെ ഹൈക്കോടതി സുനിയുടെ ജാമ്യ ഹർജി തള്ളിയിരുന്നു. തുടർച്ചയായി ജാമ്യഹർജി ഫയൽ ചെയ്തതിന് സുനിയ്ക്ക് ഹൈക്കോടതി 25,000 രൂപ പിഴ ചുമത്തിയിരുന്നു.