ആ സമയത്ത് ആളുകള്‍ക്ക് എന്നെ തല്ലാനുള്ള ആഗ്രഹമായിരുന്നു. നേരിട്ട് ഇതുവരെ സീനില്‍ അടികിട്ടിയിട്ടില്ല; പ്രീത
മിനി സ്ക്രീനിലൂടെയും നൃത്തവേദികളിലൂടെയും മലയാളിക്ക് സുപരിചിതയായ താരമാണ് പ്രീത പ്രദീപ്. പ്രീത എന്നതിനേക്കാളുപരിയായി മതികല എന്ന് പറയുന്നതാകും മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് താരത്തെ പെട്ടന്ന് ഓര്‍ക്കാനുള്ള വഴി.. പ്രീത എന്ന പേരിനേക്കാൾ മതികല എന്ന് പറയുമ്പോഴാകും മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് താരത്തെ പെട്ടെന്ന് ഓർമ്മ വരിക. മൂന്നുമണി എന്ന പരമ്പരയിലെ മതികലയായാണ് മലയാളികള്‍ പ്രീതയെ അറിയുന്നത്. മൂന്നുമണി കൂടാതെ പരസ്പരം അടക്കമുള്ള പരമ്പരകളിലൂടെയും പ്രീത ശ്രദ്ധ നേടിയിട്ടുണ്ട്.
മിനിസ്ക്രീനിൽ തിളങ്ങുന്നതിനിടെ ഒരുപിടി ശ്രദ്ധേയ സിനിമകളുടെ ഭാഗമാകാനും പ്രീതയ്ക്ക് കഴിഞ്ഞു. ഉയരെ, സൺഡേ ഹോളിഡേ, പ്രേമസൂത്രം, പാപ്പൻ തുടങ്ങിയവയാണ് പ്രീത അഭിനയിച്ച സിനിമകൾ. ഇപ്പോഴിതാ അഭിനയത്തിലേക്കുള്ള തന്റെ കടന്നുവരവിനെ കുറിച്ചും കരിയറിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് പ്രീത.
അഭിനയം താൽപര്യമുണ്ടായിരുന്നെങ്കിലും സീരിയലിലേക്കും സിനിമയിലേക്കുമൊക്കെ എത്തിപ്പെടുന്നത് എങ്ങനെ ആണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് പ്രീത പറയുന്നു. എങ്ങനെ അവസരം ലഭിക്കും, നമ്മളെ ആര് വിളിക്കുമെന്നൊന്നും ഐഡിയയില്ലായിരുന്നു. ആങ്കറിങിലൂടെയുള്ള തുടക്കമാണ് തനിക്ക് ഇൻഡസ്ട്രിയിലേക്കുള്ള വാതിൽ തുറന്നു തന്നതെന്നും പ്രീത പറയുന്നു. സീരിയൽ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
‘ഡാന്‍സിലൂടെയാണ് കരിയർ തുടങ്ങിയത്. അതിനിടയിലാണ് അവതാരകയാകാന്‍ അവസരം ലഭിച്ചത്. ആ സമയത്താണ് കൈരളി ചാനലിലെ ഫോണ്‍ ഇന്‍ പരിപാടി ആങ്കര്‍ ചെയ്യാനുള്ള അവസരവും ലഭിക്കുന്നത്. ആദ്യ ദിവസം തന്നെ നല്ല അഭിപ്രായമായിരുന്നു. അതുകഴിഞ്ഞാണ് പരസ്പരം പരമ്പരയില്‍ ഒരു ആങ്കര്‍ വേഷമുണ്ടെന്ന് പറയുന്നത്. പരസ്പരത്തിന് ശേഷമാണ് മൂന്നുമണിയില്‍ അഭിനയിച്ചത്. അതില്‍ നെഗറ്റീവ് ക്യാരക്ടറായിരുന്നു ചെയ്തത്’, പ്രീത പറയുന്നു.
‘മൂന്നുമണിയിലെ കഥാപാത്രത്തെ പോലെയൊന്നും ആരോടും ദേഷ്യപ്പെട്ടിട്ടില്ല. ആ ക്യാരക്ടര്‍ കാരണം എന്റെ കൂട്ടുകാരിയുടെ അമ്മ എന്നെ പിച്ചിയിരുന്നു. നിന്നെ കാണുമ്പോള്‍ തരാന്‍ വെച്ചിരുന്നതാണെന്ന് പറഞ്ഞായിരുന്നു നുള്ളിയത്. എന്റെ കൈ പച്ചക്കളറായി വന്നു. സ്കിന്‍ സെന്‍സിറ്റീവാണ്’,
‘ഒരിടയ്ക്ക് മൂന്നുമണിയിലും മറ്റു കഥാപാത്രങ്ങള്‍ എന്നെ അടിക്കുന്ന രംഗമുണ്ടായിരുന്നു. ഇതുവരെ ഇങ്ങനെയൊന്നുമില്ലായിരുന്നല്ലോ, ഇതെന്താണ് പെട്ടെന്ന് അടിയെന്ന് ചോദിച്ചപ്പോള്‍ ഇവിടെ കിട്ടുന്നത് വാങ്ങിച്ചോ, ഇല്ലെങ്കില്‍ ആളുകളുടെ കൈയ്യില്‍ നിന്നും കിട്ടുമെന്നാണ് സംവിധായകന് പറഞ്ഞത്. ആ സമയത്ത് ആളുകള്‍ക്ക് എന്നെ തല്ലാനുള്ള ആഗ്രഹമായിരുന്നു. നേരിട്ട് ഇതുവരെ സീനില്‍ അടികിട്ടിയിട്ടില്ല. പിടിവലി രംഗമൊക്കെയാണെങ്കില് പ്രശ്നമാണ്. ശരീരവേദനയൊക്കെ വരാറുണ്ട്’, പ്രീത പറഞ്ഞു.സീരിയല്‍ ഷൂട്ടിംഗ് എളുപ്പമാണെന്നാണ് ആളുകളുടെ ധാരണ, അതത്ര എളുപ്പമല്ല. രാവിലെ പോയാല്‍ രാത്രിയാവും വരാന്‍. വീട്ടിലെ കാര്യങ്ങളൊന്നും നമുക്ക് ചെയ്യാൻ കഴിയില്ല. വീട്ടില്‍ ആളില്ലെങ്കില്‍ വേറെ ആളെ വെച്ച് ചെയ്യേണ്ടി വന്നേക്കും. എന്റെ കൂടെയൊരു ആന്റിയാണ് വരുന്നത്. പുള്ളിക്കാരിക്ക് വയസായി, എന്നാലും എന്റെ കൂടെ വരാനിഷ്ടമാണ്. ഇപ്പോഴും ഞങ്ങളൊന്നിച്ചാണ് പോവുന്നത്’,
‘മോശം അനുഭവങ്ങളൊക്കെ ഉണ്ടായാല്‍ പ്രതികരിക്കണമെന്ന് അമ്മ പറഞ്ഞ തന്നിട്ടുണ്ട്. അനാവശ്യമായി ആരെങ്കിലും തൊടുകയോ, തൊടാന്‍ ശ്രമിക്കുകയോ ചെയ്താല്‍ പ്രതികരിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. എന്നെ അനാവശ്യമായി തൊട്ടാല്‍ ഞാന്‍ അടിക്കും. തിരക്കുള്ള സ്ഥലങ്ങളിലൂടെ നടക്കുമ്പോള്‍ തോണ്ടാന്‍ വന്നവരെയൊന്നും ഞാന്‍ വെറുതെ വിട്ടിട്ടില്ല’, പ്രീത അഭിമുഖത്തിൽ പറഞ്ഞു.
