Malayalam
നടിയായത് മൂന്നു ദിവസം കൊണ്ട്,ആദ്യ പ്രേമം തോന്നിയത്.. തുറന്നു പറഞ്ഞ് പ്രാചി തെഹ്ലാൻ!
നടിയായത് മൂന്നു ദിവസം കൊണ്ട്,ആദ്യ പ്രേമം തോന്നിയത്.. തുറന്നു പറഞ്ഞ് പ്രാചി തെഹ്ലാൻ!
മമ്മൂട്ടി പ്രധാനവേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ബ്രഹ്മാണ്ഡ ചിത്രമാണ് മാമാങ്കം.ചിത്രത്തിന്റെ ട്രെയ്ലർ പുറത്തുവന്നപ്പോൾ ഏറ്റവും കൂടുതൽ ജനശ്രദ്ധ പിടിച്ചുപറ്റിയത് പ്രാചി തെഹ്ലാനായിരുന്നു.പ്രാചിയുടെ നൃത്ത രംഗങ്ങൾ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.ഡൽഹിക്കാരിയായ പ്രാചി തെഹ്ലാനിനെ മലയാളികൾ അറിയുന്നത് മാമാങ്കത്തിലെ നായിക എന്ന നിലയിൽ മാത്രമാണ്.എന്നാൽ അതിനപ്പുറം ഒരു പ്രാചിയുണ്ട്.കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ താരം തന്റെ സിനിമാ ജീവിതത്തെ കുറിച്ചും ഇഷ്ടങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞു.
പ്രാചിയുടെ വാക്കുകൾ ഇങ്ങനെ.
മലയാള സിനിമയെക്കുറിച്ച് എനിക്ക് ഒരുപാടൊന്നും അറിയില്ലായിരുന്നു. വടക്കേന്ത്യയിൽ ജനിച്ച് ബോളിവുഡ് സിനിമകൾ കണ്ടാണ് വളർന്നത്. മലയാള സിനിമ ആകെ എനിക്ക് പുതിയ അനുഭവമായിരുന്നു. ഏറ്റവും ചെലവേറിയ ചിത്രത്തിൽ മമ്മൂക്കയ്ക്കൊപ്പമുള്ള നായികയെ പറ്റി അണിയറ പ്രവർത്തകരുടെ പ്രതീക്ഷകളെല്ലാം വളരെ ഉയരെയായിരുന്നു. എന്നാൽ, ഓഡിഷനിൽ എന്റെ വ്യക്തിത്വത്തിലെ ചില ഘടകങ്ങൾ എനിക്ക് അനുകൂലമായി. അങ്ങനെയാണ് മാമാങ്കത്തിലെ ഉണ്ണിമായ ആവാൻ ഞാൻ തിരഞ്ഞെടുക്കപ്പെടുന്നത്. നിർമ്മാതാവ് വേണുസാറിന് നന്ദി പറയണം. പുതുമുഖമായ എന്റെ കഴിവിൽ വിശ്വസിച്ച് അവസരം നൽകിയതിന്. ഡാൻസും ഫൈറ്റും എല്ലാം ഉണ്ടായിരുന്നു. ഇതെല്ലാം പഠിക്കാൻ പറഞ്ഞു. ഒരു മാസത്തിനുള്ളിൽ കുറച്ചൊക്കെ പഠിച്ചു. ഡയലോഗെല്ലാം പാട്ട് പോലെ പാടി കാണാപ്പാഠം പഠിക്കുകയായിരുന്നു. രണ്ട് വർഷമായി മാമാങ്കത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിട്ട്. കാത്തിരിപ്പ് അവസാനിക്കുന്നതിന്റെ സന്തോഷത്തിലാണിപ്പോൾ ഞാൻ. മലയാള സിനിമയിൽ അഭിനയിക്കാനുള്ള അവസരം നോക്കിയിരിക്കുമ്പോഴാണ് മാമാങ്കത്തിലേക്ക് ഓഡിഷന് വിളിച്ചത്. പക്ഷേ, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും വരുന്നത് ഇരട്ടി മധുരമാണ്.
ദൈവത്തിന്റെ പ്രിയപ്പെട്ട മകളാണ് ഞാനെന്നാണ് കരുതുന്നത്. അതുപോലെയുള്ള അവസരങ്ങളാണ് അദ്ദേഹം എനിക്ക് തന്നത്. ഒരിക്കലും ഒരു അഭിനേതാവാകണം എന്ന് ഞാൻ ആഗ്രഹിച്ചിട്ടേയില്ല. എന്നെ സംബന്ധിച്ച് സിനിമയെന്നാൽ പോയി കാണുക, സന്തോഷിക്കുക എന്നതായിരുന്നു. ഞാൻ സ്പോർട്സ് രംഗത്തിൽ നിന്ന് പിന്മാറിയതിന് ശേഷം എം.ബി.എ ചെയ്ത് ഒരു കമ്പനിയിൽ കൺസൾട്ടന്റ് ആയി ജോലി നോക്കുമ്പോഴാണ് ഹിന്ദി സീരിയലിൽ അഭിനയിക്കാൻ താൽപര്യമുണ്ടോന്ന് ഒരു കൂട്ടർ അന്വേഷിക്കുന്നത്. ആ സീരിയലിൽ സ്പോർട്സ് ബാക്ക് ഗ്രൗണ്ട് ഉള്ള ആളെ വേണമായിരുന്നു. ഞാൻ ചേരുമെന്ന് അവർക്ക് തോന്നി. ഒരു കൈ നോക്കിയേക്കാം എന്ന് ഞാനും കരുതി. ഓക്കെ പറഞ്ഞപ്പോൾ മൂന്നു ദിവസത്തിനുള്ളിൽ മുംബയിൽ വരാൻ പറഞ്ഞു. അങ്ങനെ മൂന്നു ദിവസം കൊണ്ടാണ് ഞാൻ നടിയായത്. അതുവരെ സ്കൂളിൽ പോലും ഒരു നാടകത്തിൽ അഭിനയിക്കാത്ത ആളാണ്. രണ്ട് ഹിന്ദി സീരിയലുകളും ഒരു പഞ്ചാബി സിനിമയും ചെയ്തിട്ടാണ് മലയാളത്തിലേക്ക് വരുന്നത്.
സ്പോർട്സ് ആണ് എപ്പോഴും എന്റെ ആദ്യ പ്രണയം. ചെറുപ്പത്തിലെ നല്ല പൊക്കമുണ്ടായിരുന്നത് കൊണ്ട് സ്പോർട്സിലേക്ക് വന്നത്. ബാസ്ക്കറ്റ് ബാൾ, നെറ്റ് ബാൾ പ്ലെയറായിരുന്നു. 2010 കോമൺ വെൽത്ത് ഗെയിംസ്, 2010-11ലെ മറ്റ് ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ഇന്ത്യൻ നെറ്റ്ബാൾ ടീമിന്റെ ക്യാപ്ടനായിരുന്നു. പ്രായമാകും തോറും നമ്മുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ള വഴി കൂടി നോക്കേണ്ടതുകൊണ്ടും കരിയറിൽ ഒരു വളർച്ച ഇനിയില്ല എന്ന് മനസിലാക്കിയിട്ടുമാണ് സ്പോർട്സിനോട് ബൈ പറഞ്ഞത്. എനിക്ക് കോച്ചാവാൻ താൽപര്യമില്ലായിരുന്നു. പക്ഷേ, എനിക്ക് ഇന്ന് എന്തൊക്കെയുണ്ടോ അതൊക്കെ തന്നത് സ്പോർട്സ് ആണ്, അഭിനേത്രിയെന്ന പേര് പോലും! ഇപ്പോഴും അവസരം കിട്ടുമ്പോൾ ബാസ്ക്കറ്റ് ബോളും മറ്റും കളിക്കാറുണ്ടെന്നും പ്രാചി പറയുന്നു.
prachi tehlan talks about mamangam
