Tamil
വഴക്കുകള്‍ ഒരിക്കലും വര്‍ഷങ്ങളോളം നീട്ടിക്കൊണ്ട് പോകാന്‍ പാടില്ല. ജീവിതം അത്രയേയുള്ളൂ; മക്കള്‍ വലുതായെങ്കിലും ഇപ്പോഴും ജനിച്ചപ്പോഴുള്ളത് പോലെയാണ് അവരെ ഞാന്‍ നോക്കുന്നത്; പ്രഭുദേവ
വഴക്കുകള്‍ ഒരിക്കലും വര്‍ഷങ്ങളോളം നീട്ടിക്കൊണ്ട് പോകാന്‍ പാടില്ല. ജീവിതം അത്രയേയുള്ളൂ; മക്കള്‍ വലുതായെങ്കിലും ഇപ്പോഴും ജനിച്ചപ്പോഴുള്ളത് പോലെയാണ് അവരെ ഞാന്‍ നോക്കുന്നത്; പ്രഭുദേവ
ലോകം മുഴുവന്‍ ആരാധകരുള്ള ആളാണ് നടനും സംവിധായകനും ഒപ്പം ഒരു നൃത്ത സംവിധായകനുമാണ് പ്രഭുദേവ. അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് പ്രഭു ദേവ സുന്ദരം എന്നാണ്. അദ്ദേഹത്തിന്റെ ഡാന്‍സിനെ ആരാധിക്കാത്ത താരങ്ങള്‍ കുറവായിരിക്കും. വ്യത്യസ്തമായ നൃത്ത ചുവടുകള്‍ എന്നും പ്രേക്ഷകരെ രസിപ്പിച്ചിട്ടുള്ള അദ്ദേഹത്തെ ഇന്ത്യയിലെ മൈക്കല്‍ ജാക്സണ് എന്നാണ് അറിയപ്പെട്ടിരുന്നത്. നടനെന്ന നിലയില്‍ ചുരുങ്ങിയ കാലം മാത്രമേ പ്രഭുദേവയ്ക്ക് ശ്രദ്ധിക്കപ്പെടാന്‍ പറ്റിയുള്ളൂ.
ഡാന്‍സിന് കൂടുതല്‍ പ്രാധാന്യം കൊടുത്ത അദ്ദേഹം പിന്നീട് ഡാന്‍സ് കൊറിയോഗ്രാഫിലേക്കും സിനിമാ സംവിധാനം, നിര്‍മാണം എന്നിവയിലേക്കും ശ്രദ്ധ കൊടുത്തു. പക്ഷെ വ്യക്തി ജീവിതത്തില്‍ അദ്ദേഹം ഇതിനോടകം ഏറെ വിവാദങ്ങളെ നേരിട്ടിരുന്നു. ആദ്യ ഭാര്യയുമായുള്ള പ്രശ്നം, നയന്‍താരയുമായുള്ള ലിവ് ഇന്‍ റിലേഷന്‍ഷിപ്പ്, പിരിയല്‍ തുടങ്ങി പല സംഭവങ്ങള്‍ ഇതിന് കാരണമായി.
ആദ്യ വിവാഹബന്ധം നിലനില്‍ക്കെയാണ് പ്രഭുദേവ നയന്‍താരയുമായി പ്രണയത്തിലായത്. ലത എന്നാണ് പ്രഭുദേവയുടെ ആദ്യ ഭാര്യയുടെ പേര്. മുസ്ലിം മതസ്ഥയായ റംലത്ത് പ്രഭുദേവയ്ക്കൊപ്പം ജീവിക്കാനായി മതം മാറുകയും പേര് ലത എന്നാക്കുകയുമായിരുന്നു. മൂന്ന് മക്കളും ദമ്പതികള്‍ക്ക് ജനിച്ചു. ഇവരില്‍ മൂത്തമകന് കാന്‍സര്‍ ബാധിച്ച് മരിച്ചു. ഈ മരണശേഷമണ്ടായ വിഷമഘട്ടത്തിലാണ് പ്രഭുദേവ നയന്‍താരയുമായി അടുത്തത്.
എന്നാല്‍ ബന്ധത്തെക്കുറിച്ച് അറിഞ്ഞ ലത പ്രഭുദേവയ്ക്കും നയന്‍താരയ്ക്കുമെതിരെ രംഗത്ത് വന്നു. എന്നാല്‍ ഇത് ഗൗനിക്കാതെ രണ്ട് പേരും മുന്നോട്ട് പോയി. 2011 ല്‍ പ്രഭുവേദ നിയമപരമായി ലതയുമായി വേര്‍പിരിഞ്ഞു. എന്നാല്‍ നയന്‍താരയും പ്രഭുദേവയും തമ്മിലുള്ള ബന്ധം അധിക നാള് നീണ്ടുനിന്നില്ല. ലതയെ ഡിവോഴ്സ് ചെയ്ത് ഒരു വര്‍ഷത്തിനുള്ളില്‍ പ്രഭുദേവ നയന്‍താരയുമായി ബ്രേക്കപ്പായി.
ഇപ്പോള്‍ ഹിമാനി സിംഗിനെ വിവാഹം കഴിച്ച് ഒരു കുഞ്ഞുമായി ജീവിക്കുകയാണ് പ്രഭുദേവ. ഇപ്പോഴിതാ ാെരു അഭിമുഖത്തില്‍ ആദ്യ പ്രണയത്തെ കുറിച്ചും മക്കളെ കുറിച്ചുമെല്ലാം പറയുകയാണ് നടന്. അച്ഛന് വളരെ സ്ട്രിക്ട് ആയിരുന്നു. ഇപ്പോഴും അദ്ദേഹത്തിന്റെ ഒച്ച കേട്ടാല്‍ എഴുന്നേറ്റ് നില്ക്കും. ഇഷ്ടങ്ങളും ആഗ്രഹങ്ങളും പറയാന്‍ തന്നെ പേടിയായിരുന്നു. എന്നിട്ടും എന്റെ ആദ്യ വിവാഹം പ്രണയമായിരുന്നു.
എപ്പോഴും ഡാന്‍സ് എന്ന് പറഞ്ഞിരിക്കുന്ന എനിക്ക് ഒരു പ്രണയമോ, എന്നോര്‍ത്ത് അവര്‍ ഞെട്ടി. ആ പ്രണയത്തിന് അവര്‍ സമ്മതിച്ചതുമില്ല. ഒരുപാട് എതിര്‍പ്പുകളെ അവഗണിച്ചാണ് അന്ന് വിവാഹം കഴിച്ചത്. ജീവിതത്തില്‍ ഏറ്റവും വേദനയുണ്ടായിട്ടുള്ള ഒത്തിരി സംഭവങ്ങള്‍ നടന്നിട്ടുണ്ട്. മക്കളുടെ മേലെ ഭയങ്കരമായിട്ടുള്ള അടുപ്പം ഉണ്ടാവരുതെന്നാണ് ഞാന്‍ വിചാരിക്കുന്നത്. അവര്‍ കൂടെയുണ്ട്. മക്കളുമായി എനിക്കുള്ളത് പോലെ അവരും വളരെ അറ്റാച്ച്മെന്റിലാണ്.
മൂത്ത മകന് ഇരുപതും രണ്ടാമത്തെ മകന് പതിനഞ്ച് വയസ്സുമായി. പക്ഷെ ഇപ്പോഴും അവരെനിക്ക് ചെറിയ കുട്ടികളാണ്. ജനിച്ചപ്പോഴുള്ളത് പോലെയാണ് അവരെ ഞാന്‍ നോക്കുന്നത്. അവരുമായുള്ള അമിതമായ അറ്റാച്ച്മെന്റ് കുറയ്ക്കണം എന്നാഗ്രഹിച്ചാലും കഴിയുന്നില്ല. അവര്‍ക്ക് അതൊരു ബാധ്യതയാകുമോ എന്ന ഭയമുണ്ട്. പക്ഷെ മാറി നില്ക്കാന് കഴിയുന്നില്ല. അവരാണ് എന്റെ സന്തോഷം.
മക്കള്‍ എങ്ങനെ വളരും, എന്തായി തീരും എന്നൊക്കെയുള്ള ടെന്‍ഷനും അവലാതിയുമുണ്ട്. മക്കളുടെ കാര്യത്തില്‍ എത്ര നിയന്ത്രിക്കാന്‍ ശ്രമിച്ചാലും എനിക്ക് വിട്ടു വരാന്‍ കഴിയുന്നില്ലെന്നാണ് പ്രഭു ദേവ പറയുന്നത്. പ്രഭുദേവ ഒരു ഫ്രണ്ട്ലി ഫാദര്‍ ആണെങ്കിലും മക്കളുടെ പ്രണയ വിവാഹത്തിനെ അനുകൂലിക്കുമോന്ന് ചോദിച്ചാല്‍ അറിയില്ലെന്നാണ് താരത്തിന്റെ മറുപടി. അപ്പോള്‍ ഞാന്‍ എങ്ങനെയായിരിക്കുമെന്ന് അറിയില്ല.
ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് പോലും സന്തുഷ്ടനായിട്ടുള്ള ആളാണ് ഞാന്‍. പുതിയതായി ഒരു ഷര്‍ട്ട് കിട്ടിയാല്‍ പോലും സന്തോഷമാണ്. ഇപ്പോള്‍ പോലും അങ്ങനൊരു ആകാംഷ തനിക്കുണ്ടാവാറുണ്ടെന്ന് താരം വ്യക്തമാക്കുന്നു. മാത്രമല്ല ആദ്യഭാര്യയുമായി വഴക്കുണ്ടായതിനെ കുറിച്ചും താരം പറഞ്ഞു. വഴക്കും പിണക്കവും എല്ലാം മറക്കാനുള്ളതാണെന്നാണ് താരം പറയുന്നത്.
വഴക്കുകള്‍ ഒരിക്കലും വര്‍ഷങ്ങളോളം നീട്ടിക്കൊണ്ട് പോകാന്‍ പാടില്ല. ജീവിതം അത്രയേയുള്ളൂ. ഇവിടെ വച്ച് ഞാനും നിങ്ങളും വഴക്കിട്ടു. ഒരു മാസം കഴിഞ്ഞ് അറിയാത്ത ഒരു നാട്ടില്‍ വച്ച് വീണ്ടും കണ്ടുമുട്ടിയാല്‍ ഞാന്‍ നിങ്ങളുടെ സുഖവിവരം തിരക്കില്ലേ. അതിന് പകരം പഴയ വഴക്ക് അവിടെ ആവര്‍ത്തിക്കുകയാണോ ചെയ്യുക? പിന്നെ എന്തിനാണ് അത്രയും ദൂരം പോകാന്‍ കാത്തു നില്‍ക്കുന്നത്. പിണക്കങ്ങള്‍ മറന്ന് ജീവിക്കാമെന്നാണ് പ്രഭുദേവ പറയുന്നത്.
എന്നാല്‍ അദ്ദേഹത്തിന്റെ അഭിമുഖം വൈറലായതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. മക്കളോട് ഇത്രയധികം സ്നേഹമുണ്ടെങ്കില്‍ പിണക്കങ്ങളെല്ലാം മറന്ന് ആദ്യ ഭാര്യയ്ക്കൊപ്പം മക്കളുമായി സന്തോഷമായി ജീവിക്കാമല്ലോ, ഇനി ശരിക്കും എല്ലാം ഉപേക്ഷിച്ച് ആദ്യ ഭാര്യയുടെ അടുത്തേയ്ക്ക് പോകുകയാണോ, കഴിഞ്ഞതെല്ലാം കഴിഞ്ഞു ഇനിയിപ്പോ സന്തോഷമായി ജീവിക്കൂ എന്നെല്ലാമാണ് കമന്റുകളായി എത്തുന്നത്.
