News
പ്രതിദിന കണക്കിലാണ് സിനിമയില്‍ താന്‍ പ്രതിഫലം വാങ്ങുന്നത്; തുറന്ന് പറഞ്ഞ് പവന് കല്യാണ്‍
പ്രതിദിന കണക്കിലാണ് സിനിമയില്‍ താന്‍ പ്രതിഫലം വാങ്ങുന്നത്; തുറന്ന് പറഞ്ഞ് പവന് കല്യാണ്‍
തെലുങ്കിലെ മുന്‍നിര താരങ്ങളില്‍ ഒരാളാണ് ഇന്ന് പവന് കല്യാണ്‍. വലിയ ആരാധകവൃന്ദമുള്ള അദ്ദേഹം രാഷ്ട്രീയത്തിലും സജീവമാണ്. മുന്‍പ് ചിരഞ്ജീവിയുടെ പ്രജാ രാജ്യം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്ന പവന് കല്യാണ്‍ 2014 ല്‍ ജന സേനാ പാര്‍ട്ടി എന്ന പേരില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു.
നിലവില്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് ആണ് പവന്. അടുത്തിടെ ഒരു രാഷ്ട്രീയ റാലിക്കിടെ അണികളെ അഭിവാദ്യം ചെയ്യുമ്പോള്‍ സിനിമയില്‍ നിലവില്‍ താന്‍ വാങ്ങുന്ന പ്രതിഫലം എത്രയെന്ന് അദ്ദേഹം പറഞ്ഞിരുന്നു. തെലുങ്ക് മാധ്യമങ്ങളില്‍ വലിയ വാര്‍ത്താപ്രാധാന്യമാണ് ഇത് നേടുന്നത്.
പ്രതിദിന കണക്കിലാണ് സിനിമയില്‍ താന്‍ പ്രതിഫലം വാങ്ങുന്നതെന്നാണ് പവന് കല്യാണ്‍ പറഞ്ഞത്. ദിവസേന താന്‍ വാങ്ങുന്നത് 2 കോടിയാണെന്നാണ് അദ്ദേഹം പറയുന്നത്. രാഷ്ട്രീയ അധികാരം താന്‍ ലക്ഷ്യമാക്കുന്നത് പണം മുന്നില്‍ കണ്ടല്ലെന്ന് വ്യക്തമാക്കാനാണ് സിനിമയിലെ പ്രതിഫലക്കാര്യം പവന് കല്യാണ്‍ റാലിക്കിടെ പറഞ്ഞത്.
പണത്തോട് വലിയ ആഗ്രഹമുള്ള ആളല്ല ഞാന്‍. അത്തരത്തിലൊരു മനുഷ്യനല്ല ഞാന്‍. ആവശ്യം വന്നാല്‍ ഞാന്‍ ഇതുവരെ സമ്പാതിച്ചതൊക്കെ ഞാന്‍ എഴുതിക്കൊടുക്കും. ഒരു സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍ ഞാന്‍. ഭയമില്ലാതെ ഞാന്‍ പറയട്ടെ, ദിവസേന 2 കോടിയാണ് അതില്‍ എന്റെ പ്രതിഫലം.
20 ദിവസം ജോലി ചെയ്താല്‍ 45 കോടി എനിക്ക് കിട്ടും. എല്ലാ ചിത്രങ്ങള്‍ക്കും ഇത്രതന്നെ ലഭിക്കുമെന്നല്ല ഞാന്‍ പറയുന്നത്. എന്റെ ശരാശരി പ്രതിഫലം ഇത്രയുമാണ്. നിങ്ങള്‍ എനിക്ക് നല്കിയ മൂല്യമാണ് അത്, തന്നെ കേള്‍ക്കാനെത്തിയ നൂറ് കണക്കിന് പ്രവര്‍ത്തകരോട് പവന് കല്യാണ്‍ പറഞ്ഞു.
അയ്യപ്പനും കോശിയും തെലുങ്ക് റീമേക്ക് ആയ ഭീംല നായക് ആണ് പവന് കല്യാണിന്റേതായി ഏറ്റവുമൊടുവില്‍ തിയറ്ററുകളിലെത്തിയത്. മലയാളത്തില്‍ ബിജു മേനോന് അവതരിപ്പിച്ച റോളില്‍ പവന് കല്യാണ്‍ എത്തിയപ്പോള്‍ പൃഥ്വിരാജിന്റെ വേഷത്തില്‍ റാണ ദഗുബാട്ടി ആയിരുന്നു.
