News
ഞാന്‍ ഒരുപാട് വയസായി പോയി, മമ്മൂക്ക ഇപ്പോഴും ചുള്ളനായി ഇരിക്കുകയാണ്; താനെന്താടോ മിണ്ടാത്തതെന്ന് മമ്മൂട്ടി ചോദിച്ചു; പഴയ ഓർമ്മകളിലൂടെ പൗളി വത്സന്‍!
ഞാന്‍ ഒരുപാട് വയസായി പോയി, മമ്മൂക്ക ഇപ്പോഴും ചുള്ളനായി ഇരിക്കുകയാണ്; താനെന്താടോ മിണ്ടാത്തതെന്ന് മമ്മൂട്ടി ചോദിച്ചു; പഴയ ഓർമ്മകളിലൂടെ പൗളി വത്സന്‍!
മജു സംവിധാനം ചെയ്ത അപ്പൻ സിനിമയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ് നടി പൗളി വത്സന്‍. അമ്മ കഥാപാത്രങ്ങളെ വളരെ റിയലിസ്റ്റിക് ആയി അവതരിപ്പിച്ച് എല്ലായിപ്പോഴും പൗളി ശ്രദ്ധിക്കപ്പെടാറുണ്ട്.
ഇപ്പോഴിതാ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് പൗളി. തിലകന്റെയും മമ്മൂട്ടിയുടെയും കൂടെ നാടകത്തില്‍ അഭിനയിച്ചതിനെ കുറിച്ചും പറയുന്നുണ്ട്. ഒരു മലയാളം ചാനലിന് നൽകിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പൗളി.
പത്തൊന്‍പതാമത്തെ വയസില്‍ പിജെ ആന്റണിയുടെ സോഷ്യലിസം എന്ന നാടകത്തില്‍ അഭിനയിച്ചു. അന്ന് തിലകന്‍ ചേട്ടന്റെ ഭാര്യയായ എഴുപത്തിയഞ്ച് വയസുള്ള കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഇപ്പോഴും അതില്‍ പറഞ്ഞ ഡയലോഗുകളൊന്നും മറന്നിട്ടില്ല. 12 വയസുള്ളപ്പോഴാണ് എന്റെ കഥാപാത്രത്തെ വിവാഹം കഴിച്ച് കൊണ്ട് വരുന്നത്.
നാടകക്കാരന്‍, ട്രാന്‍സ്‌പോര്‍ട്ടുകാരന്‍, ഒരു ഡോക്ടര്‍ എന്നിങ്ങനെ ആ നാടകത്തില്‍ എനിക്ക് മൂന്ന് മക്കളാണുള്ളത്. ഇവര്‍ മൂന്നും അപ്പനയും അമ്മയെയും ഉപേക്ഷിച്ച് പോവുന്നു. ഇതോടെ അമ്മ തളരും, അവസാനത്തില്‍ അമ്മയെ വലിച്ചിഴച്ച് കൊണ്ട് പോവുന്നുണ്ട്. ആ സമയത്ത് ഞാനൊരു ഭാരമായില്ലേ, എന്ന് ചോദിക്കുമ്പോള്‍ തിലകന്‍ ചേട്ടന്‍ പറയുന്നത് 12 വയസില്‍ നിന്നെ ഞാന്‍ ആരും കാണാതെ എടുത്തിട്ടുണ്ട്. ഇനി എല്ലാവരും കാണ്‍കേ നിന്നെ എടുക്കുമെന്നാണ്.
ആ ഡയലോഗ് പറഞ്ഞപ്പോള്‍ ഞാന്‍ പൊട്ടിക്കരഞ്ഞ് പോയി. കാരണം അത്രയും വേദനയോടെയാണ് തിലകന്‍ ചേട്ടന്‍ ആ ഡയലോഗ് പറഞ്ഞത്. ആ കൈകളില്‍ കിടന്ന് അഭിനയിക്കുക എന്ന് പറയുന്നത് തന്നെ ഒരു ഭാഗ്യമല്ലേ എന്നാണ് പൗളി ചോദിക്കുന്നത്.
അപ്പന്‍ എന്ന സിനിമയില്‍ അഭിനയിച്ചതിനെ കുറിച്ചും പൗളി പറഞ്ഞിരുന്നു. ‘സിനിമയിലെ അപ്പന്‍ വളരെ മോശക്കാരനാണ്. ശരിക്കും അങ്ങനൊരു സാഹചര്യം ഉണ്ടായാല്‍ ആര്‍ക്കും സഹിക്കാന്‍ പറ്റില്ല. നമ്മളുടെ അസാന്നിധ്യത്തില്‍ ഭര്‍ത്താവ് മറ്റൊരുത്തിയുടെ അടുത്തേക്ക് പോവുകയാണെന്ന് പറഞ്ഞാല്‍ ആര്‍ക്കും അത് സഹിക്കില്ല.
അങ്ങനെ ചിലരൊക്കെ എന്നോട് അവരുടെ വിഷമം പറഞ്ഞിട്ടുണ്ട്. പിന്നെ എന്റെ കാലിന് തീരെ സുഖമില്ലാതിരിക്കുന്ന സമയത്താണ് ആ സിനിമയില്‍ അഭിനയിക്കുന്നത്. ഭര്‍ത്താവ് മരിച്ചിട്ട് ഒരു വര്‍ഷം പോലും ആയതുമില്ലായിരുന്നു’.
എന്നാല്‍ അത്രയും വൈകാരികമായിട്ടാണ് സംവിധായകന്‍ മജു അത് ചെയ്തത്. ഞാന്‍ നന്നായി പറയുന്നുണ്ടെന്നും ഇടയ്ക്ക് കരയിപ്പിച്ച് കളഞ്ഞല്ലോ എന്നും മജു ചോദിച്ചിരുന്നു. ഞാന്‍ ചെയ്യുന്നതൊക്കെ ആളുകള്‍ക്ക് ഇഷ്ടപ്പെടുന്നുണ്ടല്ലോ എന്നോര്‍ക്കുമ്പോള്‍ സന്തോഷമാണെന്ന് പൗളി പറയുന്നു.
മുന്‍പ് മമ്മൂക്കയുടെ കൂടെ ഒരുമിച്ച് നാടകത്തില്‍ അഭിനയിച്ചിട്ടുണ്ട്. പിന്നെ അണ്ണന്‍തമ്പിയുടെ ലൊക്കേഷനിലാണ് കാണുന്നത്. അന്ന് ഞാന്‍ പഴയ പരിചയം വെച്ച് മിണ്ടാന്‍ ചെന്നില്ല. കാരണം ഞാന്‍ ഒരുപാട് വയസായി പോയി. മമ്മൂക്ക ഇപ്പോഴും ചുള്ളനായി ഇരിക്കുകയാണ്.
മമ്മൂക്കാ.. അറിയുമോന്ന് ചോദിച്ച് അങ്ങോട്ട് ചെന്നിട്ട് അറിയില്ലെന്ന് പറഞ്ഞാല്‍ നമ്മുടെ പിടിവിട്ട് പോവില്ലേ? അതുകൊണ്ട് പറയാതിരുന്നു. പിന്നെ സിദ്ദിഖ് പോയി പറഞ്ഞപ്പോള്‍ അദ്ദേഹം ഓടി എന്റെ അടുത്ത് വന്നു. താനെന്താടോ മിണ്ടാത്തതെന്ന് ചോദിച്ചു.
പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാന്‍ മമ്മൂക്കയുടെ കൂടെ നാടകത്തില്‍ അഭിനയിക്കുന്നത്. ആ ഫോട്ടോയൊക്കെ ഇപ്പോഴും അദ്ദേഹത്തിന്റെ വീട്ടിലുണ്ട്. എനിക്ക് അവാര്‍ഡ് കിട്ടിയ ചടങ്ങിലെത്തിയപ്പോള്‍ ആ ഫോട്ടോ ഇപ്പോഴും വീട്ടിലുണ്ടെന്നുള്ള കാര്യം അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. അത്രയും ഓര്‍മ്മ ശക്തിയുള്ള ആളാണ്.
about pauly
