Malayalam
അപകടകരമായ ഒരു സമ്പ്രദായം സൃഷ്ടിക്കപ്പെടുന്നു; അന്നപൂരണി വിവാദത്തില്‍ പാര്‍വതി തിരുവോത്ത്
അപകടകരമായ ഒരു സമ്പ്രദായം സൃഷ്ടിക്കപ്പെടുന്നു; അന്നപൂരണി വിവാദത്തില്‍ പാര്‍വതി തിരുവോത്ത്
നയന്‍താര നായികയായി എത്തിയ പുതിയ ചിത്രമായിരുന്നു അന്നപൂരണി. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി പാര്‍വതി തിരുവോത്ത്. അന്നപൂരണി സിനിമ നെറ്റ്ഫ്ളിക്സില്‍നിന്ന് നീക്കം ചെയ്തതിനുപിന്നാലെയാണ് പാര്‍വതിയുടെ പ്രതികരണം. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് വിവാദത്തോട് പാര്‍വതി പ്രതികരിച്ചിരിക്കുന്നത്.
അപകടകരമായ ഒരു സമ്പ്രദായം സൃഷ്ടിക്കപ്പെടുകയാണെന്നാണ് അന്നപൂരണി വിവാദത്തില്‍ പാര്‍വതി പ്രതികരിച്ചിരിക്കുന്നത്. സിനിമ ഇത്തരത്തില്‍ സെന്‍സറിങ്ങിന് വിധേയമാകുമ്പോള്‍ ശ്വസിക്കാന്‍പോലും നമുക്ക് അനുവാദംകിട്ടാത്ത ഒരു കാലം ഉണ്ടായേക്കാം എന്നും പാര്‍വതി ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ പറഞ്ഞു.
സിനിമയിലൂടെ ശ്രീരാമദേവനെ മോശമായി ചിത്രീകരിക്കുകയും ലവ് ജിഹാദ് പ്രോത്സാഹിപ്പിച്ചുവെന്നും ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്നും വ്യാപകമായ പരാതി ഉയര്‍ന്നതോടെയാണ് ചിത്രം വിവാദത്തില്‍ അകപ്പെട്ടത്.
ഇതിനുപിന്നാലെ ചിത്രം നെറ്റ്ഫ്ലിക്സ് തങ്ങളുടെ പ്ലാറ്റ്ഫോമില്‍ നിന്നും പിന്‍വലിച്ചു. കൂടാതെ മധ്യപ്രദേശിലെ ജബല്‍പൂരിലെ രണ്ട് വലതുപക്ഷ സംഘടനകള്‍ നല്കിയ വെവ്വേറെ പരാതികളുടെ അടിസ്ഥാനത്തില്‍ നയന്‍താര, അന്നപൂരണിയുടെ സംവിധായകന് നീലേഷ് കൃഷ്ണ, നിര്‍മാതാക്കള്‍, നെറ്റ്ഫ്ളിക്സ് ഇന്ത്യാ കണ്ടന്റ് ഹെഡ് മോണിക്കാ ഷെര്‍ഗില്‍ എന്നിവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.
സിനിമ ഹിന്ദുമതവിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്ന രമേഷ് സോളങ്കി എന്നയാളുടെ പരാതിയില്‍ നേരത്തെ മുംബൈ പോലീസ് കേസെടുത്തിരുന്നു. നയന്‍താര, സിനിമയുടെ സംവിധായകന് നിലേഷ് കൃഷ്ണ, നായകന് ജയ് എന്നിവരുടെയും നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും പേരിലായിരുന്നു കേസ്.
ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതും ഹിന്ദുമതത്തെ അവഹേളിക്കുന്നതുമാണ് സിനിമ എന്നുകാണിച്ച് രമേഷ് സോളങ്കിയാണ് മുംബൈയിലെ എല്‍.ടി. മാര്‍ഗ് പോലീസ് സ്റ്റേഷനില്‍ പരാതിനല്‍കിയത്. ഡിസംബര്‍ ഒന്നിന് തിയേറ്ററില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം 29നാണ് നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്തത്.
