Malayalam
തമിഴകം കീഴടക്കാന്‍ നിവിന്‍ പോളി!, പേരന്പ് സംവിധായകനോടൊപ്പമുള്ള ചിത്രത്തിന്റെ പേര് പുറത്ത്
തമിഴകം കീഴടക്കാന്‍ നിവിന്‍ പോളി!, പേരന്പ് സംവിധായകനോടൊപ്പമുള്ള ചിത്രത്തിന്റെ പേര് പുറത്ത്
നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് നിവിന്‍ പോളി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങള്‍ എല്ലാം പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ നിവിന്‍ പോളിയെ നായകനാക്കി തമിഴ് സംവിധായകന് റാം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് പേരിട്ടിരിക്കുകയാണ്.
ഏഴു കടല്‍ ഏഴു മലൈ എന്നാണ് ടൈറ്റില്‍. തമിഴിലെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം മാനാടിന് ശേഷം വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാച്ചി ഒരുക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളിയെ കൂടാതെ തമിഴ് നടന് സൂരിയും മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് അഞ്ജലിയാണ്.
ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ചുക്കൊണ്ടിരിക്കുകയാണ്. പേരന്പ്, തരമണി, തങ്കമീന്‍കള്‍, കട്രത് തമിഴ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന് റാം സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. 2017ലിറങ്ങിയ റിച്ചിക്ക് ശേഷം നിവിന്‍ പോളി അഭിനയിക്കുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണിത്.
മുമ്പ്, റിച്ചിയില്‍ നടന്റെ തമിഴ് ഡയലോഗുകള്‍ക്കെതിരെ ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. തമിഴ് ഉച്ചാരണത്തില്‍ പാളിച്ചകളുണ്ടെന്നും മലയാളി പറയുന്ന തമിഴ് പോലെ തന്നെ തോന്നുന്നുവെന്നുമായിരുന്നു ആ വിമര്‍ശനങ്ങള്‍.വ്യത്യസ്തമായ അനിമേഷനാണ് ഈ ടൈറ്റില്‍ അനൗണ്‍സ്മെന്റ് വീഡിയോയിലേത്. കഥാപാത്രങ്ങളുടേതെന്ന സൂചനകള്‍ നല്കുന്ന അനിമേറ്റഡ് രൂപങ്ങളാണ് ഇതില്‍ പ്രധാനമായിട്ടുള്ളത്.
നിവിന്‍ പോളി കഥാപാത്രത്തിന്റെ ഡയലോഗോടു കൂടി അവസാനിക്കുന്ന ടൈറ്റില്‍ അനോസ്മെന്റ് വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തമിഴ് ഭാഷ നന്നായി സ്വായത്തമാക്കിയ ശേഷമാണ് നിവിന്‍ പുതിയ ചിത്രത്തിന് ഡബ് ചെയ്തിരിക്കുന്നതെന്ന് ഒറ്റ ഡയലോഗിലൂടെ മനസിലാകുന്നുണ്ടെന്നും കമന്റുകളില്‍ പറയുന്നു.
യുവന് ശങ്കര്‍ രാജയാണ് ചിത്രത്തിനായി സംഗീതം പകരുന്നത്. വെട്ടം, ഒപ്പം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച എന്‍.കെ ഏകാംബരമാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ ഉമേഷ് ജെ കുമാര്‍, ചിത്രസംയോജനം മതി വി.എസ്., ആക്ഷന്‍ സ്റ്റണ്ട് സില്‍വ, കൊറിയോഗ്രഫി സാന്‍ഡി. ചന്ദ്രക്കാന്ത് സോനവാനെയാണ് കോസ്റ്റ്യൂം ഡിസൈനര്‍. പട്ടണം റഷീദാണ് ചമയം.
