Actress
തമിഴ്നാട്ടില്‍ നിന്നൊരു പയ്യന് അവന്റെ അമ്മ മരിച്ചു എന്നൊക്കെ പറഞ്ഞ് വീട്ടില്‍ വന്നു, മോള് പേടിച്ച് കരയാന്‍ തുടങ്ങി; നിഷ സാരംഗ്
തമിഴ്നാട്ടില്‍ നിന്നൊരു പയ്യന് അവന്റെ അമ്മ മരിച്ചു എന്നൊക്കെ പറഞ്ഞ് വീട്ടില്‍ വന്നു, മോള് പേടിച്ച് കരയാന്‍ തുടങ്ങി; നിഷ സാരംഗ്
വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാളി പ്രേക്ഷകര്‍ ഇരു കയ്യുംനീട്ടി സ്വീകരിച്ച പരമ്പരയായിരുന്നു ഉപ്പും മുളകും. സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ടും നര്‍മം കൊണ്ടും പ്രേക്ഷകരെ കയ്യിലെടുക്കുവാന്‍ പരമ്പരയിലെ ഓരോ താരങ്ങള്‍ക്കുമായി. ഓണ്‍ സ്ക്രീനില്‍ അഭിനയിക്കുന്നതിന് പകരം ജീവിക്കുന്നവരാണ് ഉപ്പും മുളകും കുടുംബം. അതുകൊണ്ട് തന്നെയാണ് ഒരിക്കല്‍ നിര്‍ത്തി വച്ചിട്ടും പ്രേക്ഷകരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് ഉപ്പും മുളകും വീണ്ടും ആരംഭിക്കേണ്ടി വന്നത്.
ഉപ്പും മുളകും കുടുംബത്തിലെ ഒരോ കഥാപാത്രവും ഇന്ന് മലയാളികളുടെ വീട്ടിലെ അംഗങ്ങളാണ്. ഓണ്‍ സ്ക്രീനില്‍ മാത്രമല്ല ജീവിതത്തിലും അവരെ മലയാളികള്‍ കാണുന്നത് ബാലുവും നീലവും ലച്ചുവും കേശുവും ശിവയും മുടിയനും പാറുക്കുട്ടിയുമൊക്കെയായിട്ടാണ്. ഇത്രത്തോളം മലയാളികള്‍ സ്നേഹിച്ച മറ്റൊരു ഓണ്‍ സ്ക്രീന്‍ കുടുംബം ഉണ്ടാകില്ലെന്നുറപ്പാണ്.
ഇപ്പോഴിതാ സ്നേഹം കൊണ്ട് തമിഴ് നാട്ടില്‍ നിന്നും തന്നെ കാണാനെത്തിയ ആരാധകനെ കുറിച്ച് പറയുകയാണ് നടി നിഷ സാരംഗ്. പരമ്പരയില്‍ നീലു എന്ന അമ്മ കഥാപാത്രത്തെയാണ് നിഷ അവതരിപ്പിക്കുന്നത്. അമ്മയോടെന്ന പോലെയുള്ള സ്നേഹം പലര്‍ക്കും തന്നോട് ഉണ്ടെന്ന് നിഷ പറയുന്നു. ഒരുപാട് കുട്ടികള്‍ അങ്ങനെ കാണാന്‍ വരാറുണ്ടെന്നും അതുപോലെ വന്ന ഒരാളാണ് തമിഴ്നാട്ടിലെ ഒരു ആരാധകനെന്നും നിഷ പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്സ് ചാനലിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിഷ സാരംഗ്.
‘ഒരുപാട് കുട്ടികളൊക്കെ കാണാന്‍ വന്നിട്ടുണ്ട്. വീട്ടിലൊക്കെ വന്നിട്ടുണ്ട്. തമിഴ്നാട്ടില്‍ നിന്നൊരു പയ്യന് അവന്റെ അമ്മ മരിച്ചു എന്നൊക്കെ പറഞ്ഞ് വീട്ടില്‍ വന്നിട്ടുണ്ട്. ഞാന്‍ ഉപ്പും മുളകും ഷൂട്ടിങ് ലൊക്കേഷനില്‍ ആയിരുന്നു. മൂത്ത മോളും കുട്ടിയും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. അവള് പേടിച്ചിട്ട് വിളിച്ചു. പത്ത് ഇരുപത്തിമൂന്ന് വയസുള്ള ഒരു പയ്യനാണ് വന്നത്. അമ്മയെ കണ്ടിട്ടേ പോകൂ എന്നൊക്കെ പറഞ്ഞാണ് വന്നത്. വലിയ ബാഗൊക്കെ ഉണ്ടായിരുന്നു. അതൊക്കെ അവിടെ വെച്ച് അവിടെ തന്നെ നിന്നു’,
‘അമ്മ വരാന്‍ വൈകുമെന്ന് മോള് പറഞ്ഞു. പക്ഷേ ആള് ബാഗൊക്കെ അവിടെ വെച്ച് കിടന്നുറങ്ങി. മോള് പേടിച്ച് കരയാന്‍ തുടങ്ങി. പിന്നെ ഞാന്‍ ചെന്നു. എന്റൊപ്പം ഉണ്ടായിരുന്നവര്‍ അവനെ വഴക്ക് പറയാന്‍ തുടങ്ങി. ഒരു പെണ്‍കുട്ടി മാത്രമുള്ള വീടിന്റെ മുന്നില്‍ ഇങ്ങനെ വന്നു നില്‍ക്കുന്നത് ശരിയല്ലല്ലോ എന്ന രീതിയില്‍. പക്ഷെ എനിക്ക് വിഷമം വന്നുപോയി. ഒരു അമ്മയില്ലാത്തതിന്റെ ദുഃഖം അത് ഇല്ലാത്തവര്‍ക്കേ അറിയൂ’,
‘കുട്ടികള്‍ വാശിപിടിക്കുന്നതും ദേഷ്യപ്പെടുന്നതും എല്ലാം അമ്മമാരുടെ അടുത്താണ്. നമ്മളെ വഴക്ക് പറയില്ലെന്നും നമ്മളെ വിട്ടു പോകില്ലെന്നും നമ്മളെ ഉപേക്ഷിക്കില്ലെന്നും നമുക്ക് അറിയുന്ന ഒരാളാണ്. ആ അമ്മയെ നഷ്ടപ്പെട്ട് കഴിയുമ്പോഴാണ് അതിന്റെ വാല്യൂ മനസിലാകുന്നത്. ഞാന്‍ ആ പയ്യനെ കണ്ടു, സംസാരിച്ചു. എന്നിട്ടാണ് ആ പയ്യന് പോയത്. തമിഴ്നാട്ടിലൊക്കെ ഉപ്പും മുളകിനും ഒരുപാട് ആരാധകര്‍ ഉണ്ട്. ഒരുപാട് പേര് കാണുന്നുണ്ട്’, നിഷ സാരംഗ് പറഞ്ഞു.
അടുത്തിടെ തന്റെ പേരില്‍ വന്നൊരു വ്യാജ വാര്ത്തയ്ക്കെതിരെയുംനിഷ സാരംഗ് രംഗത്തെത്തിയിരുന്നു. തനിക്ക് വിവാഹോലചന നടക്കുന്നുവെന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെയാണ് നിഷ രംഗത്തെത്തിയിരിക്കുന്നത്. ഒരു യൂട്യൂബ് ചാനലിന് വേണ്ടി നല്കിയ അഭിമുഖത്തിലാണ് നിഷ മനസ് തുറന്നത്. ‘അത് പറയാന്‍ എനിക്ക് പേടിയാണ്. മോള്‍ക്കൊരു വിവാഹ ആലോചന വന്നത് പറഞ്ഞപ്പോള്‍ അത് വേറെ ന്യൂസായിട്ടാണ് യൂട്യൂബിലൊക്കെ വന്നത്. കുട്ടിയ്ക്ക് വിവാഹാലോചന വന്നതിനെക്കുറിച്ചാണ് പറയുന്നതെങ്കില്‍ വരുന്നത് വേറെ വാര്‍ത്തയായിരിക്കും.
പെണ്‍കുട്ടികളുള്ള വീട്ടില്‍ ആളുകള്‍ വിവാഹാലോചനയുമായി വരും. പക്ഷെ അത് ചാനലില്‍ എടുത്തിടുന്നത് എനിക്ക് വിവാഹാലോചന എന്നായിരിക്കും. അങ്ങനെ ഇട്ടു. അങ്ങനെ വന്നതു കൊണ്ട് എനിക്കതേക്കുറിച്ച് പറയാന്‍ പോലും പേടിയാണ് ഇപ്പോള്‍” എന്നാണ് നിഷ പറയുന്നത്. നമ്മളെ വേദനിപ്പിച്ച് അവര്‍ സന്തോഷിക്കുകയാണ്. പക്ഷെ അവര്‍ ചിന്തിക്കുന്നില്ല, അവരെക്കുറിച്ച് ഇങ്ങനൊരു സംഭവം പറഞ്ഞാല്‍ അവര്‍ അനുഭവിക്കുന്ന വേദന എന്തായിരിക്കുമെന്ന്.
ഒരാള്‍ക്ക് കാശുണ്ടാക്കാനും ചാനല്‍ വളര്‍ത്താനും മറ്റൊരാളെ വേദനിപ്പിക്കരുത്. നമ്മള് അഭിമുഖങ്ങള്‍ നല്‍കുന്നത് കാണുന്നവര്‍ സന്തോഷം കിട്ടാനും അവരുമായി നമ്മളുടെ വിശേഷങ്ങള്‍ പങ്കുവെക്കാനുമാണ്. നമ്മളിത് വളരെ പച്ചയായി വന്ന് പറയുന്നതാണ്. അതിനെ വളച്ചൊടിക്കുമ്പോള്‍ നമുക്കൊരു കുടുംബമുണ്ടെന്നും ബന്ധങ്ങളുണ്ടെന്നും അതില്‍ വിള്ളലുണ്ടാകും അവരെ വേദനിപ്പിക്കും എന്നൊന്നും ചിന്തിക്കില്ല. അതുകൊണ്ടാണ് അതേക്കുറിച്ച് പറയുമ്പോള്‍ തന്നെ എനിക്ക് പേടി” എന്നും നിഷ പറയുന്നു.
അതേസമയം മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ സജീവമാണ് നിഷ സാരംഗ്. ശ്യാമപ്രസാദിന്റെ അഗ്നിസാക്ഷി എന്ന ചിത്രത്തിലൂടെയാണ് നിഷ അഭിനയ രംഗത്ത് എത്തുന്നത്. പിന്നീടാണ് മിനിസ്ക്രീനിലേക്ക് ചുവടുവയ്ക്കുന്നത്. എന്നാല്‍ ഉപ്പും മുളകിലെ അമ്മ വേഷമാണ് നിഷയെ പ്രേക്ഷകര്‍ക്ക് സുപരിചിതയാകുന്നത്. ഉപ്പും മുളകിന് ശേഷം നിരവധി സിനിമകളിലും അമ്മ വേഷങ്ങളില്‍ നിഷ എത്തിയിരുന്നു. അര്ജുന് അശോകന് നായകനായ തീപ്പൊരി ബെന്നിയാണ് നിഷ ഒടുവില്‍ അഭിനയിച്ച ചിത്രം.
