Tamil
സഹതാരത്തെ ഒരു നോക്ക് കാണാൻ! സൂര്യ കുടുംബസമേതം വിവേകിന്റെ വസതിയിൽ
സഹതാരത്തെ ഒരു നോക്ക് കാണാൻ! സൂര്യ കുടുംബസമേതം വിവേകിന്റെ വസതിയിൽ
തമിഴ് നടൻ വിവേകിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് തമിഴ് സിനിമാ ലോകം. തങ്ങളുടെ പ്രിയ സഹതാരത്തെ ഒരുനോക്ക് കാണാൻ സൂര്യയും കുടുംബസമേതം വിവേകിന്റെ വസതിയിലെത്തി. കാർത്തിയും ജ്യോതികയും സൂര്യയ്ക്കൊപ്പം ഉണ്ടായിരുന്നു.
പുലര്‍ച്ചെയായിരുന്നു മരണം. ഇന്നലെ രാവിലെ 11 മണിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകുന്നേരം ആശുപത്രി പുറത്ത് വിട്ട മെഡിക്കല്‍ ബുള്ളറ്റനിലും വിവേകിന്റെ നില ഗുരുതരമായി തുടരുന്നതായാണ് അറിയിച്ചത്.
കൊറോണറി ആന്‍ജിയോഗ്രാമും ആന്‍ജിയോപ്ലാസ്റ്റിയും ചെയ്ത ശേഷം ഇസിഎംഒ യില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
‘അക്യൂട്ട് കൊറോണറി സിന്‍ഡ്രോ’മിനൊപ്പമുള്ള ഹൃദയാഘാതമാണ് വിവേകിന് സംഭവിച്ചത്. വിവേക് വ്യാഴാഴ്ച ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തി കോവിഡ് വാക്സിന് സ്വീകരിച്ചിരുന്നു.ഇതിനു കാരണം കൊവിഡ് വാക്സിനേഷന് ആവണമെന്നില്ലെന്നും ഡോക്ടര്‍മാര്‍ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നു.
1987ല്‍ കെ. ബാലചന്ദറിന്റെ മനതില്‍ ഒരുത്തി വേണ്ടും എന്ന ചിത്രത്തിത്തിലൂടെയാണ് വിവേകാനന്ദന് എന്ന വിവേക് അഭിനയ ലോകത്തിലേയ്ക്ക് കാലുവെയ്ക്കുന്നത്. തുടര്‍ന്ന് ഖുഷി, മിന്നലേ, റണ്‍, സാമി തുടങ്ങിയ ചിത്രങ്ങളിലെ അഭിനയമാണ് താരത്തെ ഏറെ ശ്രദ്ധേയനാക്കിയത്. മൂന്നു തവണ മികച്ച ഹാസ്യ നടനുള്ള പുരസ്കാരം സ്വന്തമാക്കിയ താരം കൂടിയാണ് വിവേക്.
1990 കളില്‍ തുടര്‍ച്ചയായി വന്‍ഹിറ്റുകളുടെ ഭാഗമായ വിവേകിനെ പ്രേക്ഷകര്‍ ഏറ്റെടുത്തു. തമിഴ് സിനിമ പരിചയിച്ച രീതികളില്‍നിന്നു വ്യത്യസ്തമായിരുന്നു വിവേകിന്റെ തമാശകള്‍. കടുത്ത ആക്ഷേപഹാസ്യത്തിലൂടെ, സമൂഹത്തില്‍ നിലനില്‍ക്കുന്ന പല മോശം പ്രവണതകളെയും വിമര്‍ശിച്ച ഹാസ്യരംഗങ്ങള്‍ തമിഴ്നാടിനു പുറത്തും വിവേകിന് ആരാധകരെ സമ്മാനിച്ചു. പിന്നീട് വര്‍ഷങ്ങളോളം സൂപ്പര്‍സ്റ്റാര്‍ സിനിമകളുടെ അവിഭാജ്യഘടകമായി വിവേക്. രജനികാന്ത്, വിജയ്, അജിത്, വിക്രം, ധനുഷ്, സൂര്യ തുടങ്ങി എല്ലാ സൂപ്പര്‍താരങ്ങള്‍ക്കുമൊപ്പം അഭിനയിച്ച അദ്ദേഹം അന്‍പതിേലറെ സിനിമകള്‍ ചെയ്ത വര്‍ഷങ്ങളുമുണ്ടായി.
