സത്യവാങ്മൂലം തെറ്റായി നല്കിയതായിരുന്നു; മാപ്പ് പറഞ്ഞ് ബോളിവുഡ് നടന് സല്മാന് ഖാന്
2003ല്‍ ജോധ്പൂര്‍ സെഷന്‍സ് കോടതിയില്‍ വ്യാജ സത്യവാങ്മൂലം നല്‍കിയതിന് ബോളിവുഡ് നടന് സല്മാന് ഖാന് മാപ്പുപറഞ്ഞു. ജോധ്പൂരില്‍ വെച്ച് 1998ല്‍ മാനുകളെ വേട്ടയാടിയ കേസില്‍ വിചാരണ നേരിടവേയാണ് സല്മാന് വ്യാജ സത്യവാങ് മൂലം നല്‍കിയത്. കേസിന്റെ അന്തിമ വിധി വ്യാഴാഴ്ച പ്രഖ്യാപിക്കും.
സത്യവാങ്മൂലം തെറ്റായി നല്കിയതായിരുന്നുവെന്ന് സല്‍മാന്റെ അഭിഭാഷകന് ഹസ്തിമല്‍ സരസ്വത് കോടതിയെ ബോധ്യപ്പെടുത്തി. ആദ്യം കോടതിയില്‍ തോക്കിന്റെ ലൈസന്‍സ് നഷ്ടപ്പെട്ടുവെന്ന് പറഞ്ഞത് തിരക്കിനിടയിലെ മറവി കൊണ്ടാണെന്നും തന്റെ ലൈസന്‍സ് പുതുക്കാന്‍ നല്‍കിയിരിക്കുകയായിരുന്നെന്നും സല്മാന് കോടതിയെ അറിയിച്ചു.
1998ല്‍ സല്മാന് ഖാനും മറ്റു ഏഴ് പേരും ചേര്‍ന്ന് രാജസ്ഥാനിലെ ജോധ്പൂരിനു സമീപം ബവാഡയില്‍ രണ്ടു തവണ മാന്‍ വേട്ട നടത്തിയെന്നാണ് കേസ്. കേസില്‍ 2018ല്‍ സല്മാന് അഞ്ചുകൊല്ലം തടവ് വിധിച്ചിരുന്നു. തുടര്‍ന്ന് സല്മാന് അപ്പീല്‍ നല്‍കുകയായിരുന്നു.
