News
കേസ് നീട്ടുന്നതിനുള്ള തീരുമാനം വിചാരണകോടതിയുടേത് തന്നെയാണോ, അതോ? വിചാരണ നീട്ടാനുള്ള കാരണത്തിന് പിന്നിൽ ദുരൂഹത; പ്രകാശ് ബാരെ
കേസ് നീട്ടുന്നതിനുള്ള തീരുമാനം വിചാരണകോടതിയുടേത് തന്നെയാണോ, അതോ? വിചാരണ നീട്ടാനുള്ള കാരണത്തിന് പിന്നിൽ ദുരൂഹത; പ്രകാശ് ബാരെ
നടി ആക്രമിക്കപ്പെട്ട കേസിൽ കോടതിയിൽ നിന്നും കനത്ത തിരിച്ചടിയായണ് ദിലീപ് നേരിട്ടത്.
വിചാരണയ്ക്ക് കൂടുതൽ സമയം അനുവദിച്ചിരിക്കുകയാണ് സുപ്രീം കോടതി. വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം നീട്ടി നൽകണമെന്ന വിചാരണക്കോടതി ജഡ്‌ജി ഹണി എം വർഗീസിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. അടുത്ത മാർച്ച് 31 വരെയാണ് സമയം നീട്ടി നൽകിയിരിക്കുന്നത്.
കേസിൽ ഇനിയും വിചാരണ നീട്ടാനുള്ള തീരുമാനത്തിന് പിന്നിൽ ദുരൂഹത ഉണ്ടെന്ന് ആരോപിക്കുകയാണ് സംവിധായകൻ പ്രകാശ് ബാരെ. ഒരു ചാനൽ ചാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രകാശ് ബാരെയുടെ വാക്കുകളിലേക്ക്
‘ഇപ്പോൾ കേസിന്റെ വിചാരണ നീട്ടാനുള്ള കാരണത്തിന് പിന്നിൽ ദുരൂഹതയുണ്ട്. കഴിഞ്ഞ തവണ ഇതേ ആവശ്യം സുപ്രീം കോടതിയുടെ മുന്നിലെത്തിയപ്പോൾ ഓരോരുത്തരേയും വിസ്തരിക്കാൻ നിശ്ചിത സമയം ആവശ്യപ്പെടുകയും സുപ്രീം കോടതി അത് അനുവദിക്കുകയുമായിരുന്നു. ആ സമയത്ത് ഉണ്ടാകാതിരുന്ന എന്ത് കാര്യമാണ് കോടതിയുടെ പരിഗണനയിൽ വന്നിരിക്കുന്നത്.
നേരത്തേ ആവശ്യപ്പെട്ടത് നാല് മാസത്തെ സമയമാണ്. ഇപ്പോൾ വിചാരണ കോടതി പറയുന്നു എട്ട് മാസത്തെ സമയം വേണമെന്ന്. ഇത് ആരുടെ താത്പര്യമാണ്. പൊതുവെ ധനികരും പ്രമുഖരുമൊക്കെ കേസിൽ പ്രതികളാകുമ്പോൾ ആ കേസ് നീട്ടിക്കൊണ്ട് പോകുന്നത് സാധാരണക്കാര്യമാണ്. കാരണം ദിലീപിന്റെ ഒരു പടം റിലീസ് ആയിരിക്കുകയാണ്. എന്റർടെയിൻമെന്റ് മേഖലയിൽ അദ്ദേഹം വളരെ ആക്ടീവായി തന്നെ തുടരുന്നുണ്ട്. ആരോഗ്യകാരണങ്ങളാൽ ബുദ്ധിമുട്ടുന്ന സാക്ഷിയെ ദിവസങ്ങളോളും വിസ്തരിച്ച് വളരെ ക്രൂരമായൊരു നടപടിയാണ് പ്രതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. ഇതൊക്കെ കഴിഞ്ഞ് ഇപ്പോൾ കേസ് നീട്ടുന്നതിനുള്ള തീരുമാനം വിചാരണകോടതിയുടേത് തന്നെയാണോ, അതോ എന്താണ് ഇവിടെ പ്രവർത്തിച്ചിരിക്കുന്നത്. കാരണം ഇത്രയധികം തെളിവുകൾ കോടതിയിൽ എത്തിയിട്ടുണ്ട്. എട്ട് ഫോണുകളിൽ നിന്നുള്ള ഡേറ്റയാണ് അവിടെ ഉള്ളത്. തെളിവുകൾ ഉണ്ട്, ശക്തനായ സാക്ഷി അവിടെ ഉണ്ട്. അദ്ദേഹത്തിനെ പൊളിക്കാൻ വേണ്ടിയുള്ള കൊണ്ടുപിടിച്ച ശ്രമം നടന്നിരുന്നു. പക്ഷേ ഇത്രയും തെളിവുള്ള കേസിൽ പെട്ടെന്ന് വിധി വരികയാണെങ്കിൽ അത് ആർക്കെതിരെ ആയിരിക്കുമെന്ന് നമ്മുക്കൊക്കെ ഊഹിക്കാവുന്നതേ ഉള്ളൂ. അതുകൊണ്ട് വൈകിപ്പിക്കാനുള്ള ശ്രമം ഇവിടെ തീർച്ചയായി നടന്നിട്ടുണ്ട്. വിചാരണ നീട്ടിക്കൊണ്ടുപോകാൻ കൂടുതൽ സമയം അനുവദിച്ചത് വളരെ നിരാശാജനകമായിട്ടുള്ള കാര്യമാണ്. ഇത് അതിജീവിതയുടെയോ ദിലീപിന്റെയോ ആവശ്യമല്ല, സമൂഹത്തിന്റെ ആവശ്യമാണ്.
ഇത്രയും ഹീനമായൊരു കുറ്റകൃത്യം ഇവിടെ നടന്നിട്ട് അഞ്ച് വർഷം കഴിഞ്ഞിട്ടും നമ്മുക്ക് ആ കേസ് ഒന്ന് തീർക്കാൻ സാധിച്ചിട്ടില്ല. അപ്പീലും അതിന് മുകളിലുമൊക്കെ പോകാൻ സാധ്യതയുള്ള കേസാണിത്. ഈ കേസ് ഇത്രയും നാളായിട്ടും പൂർത്തിയാക്കാൻ നമ്മുക്ക് സാധിച്ചില്ലെങ്കിൽ ഇത് സമൂഹത്തിന് മുകളിലുള്ള കളങ്കമായിട്ടേ കാണാൻ സാധിക്കൂ. മെമ്മറി കാർഡിൽ പരിശോധന വൈകുന്നത് തെളിവുകൾ നശിക്കാൻ കാരണമാകും. ഈ കേസിൽ കേട്ട് കേൾവിയില്ലാത്ത രണ്ട് കാര്യങ്ങളാണ് നടന്നിട്ടുള്ളത്. വക്കീലൻമാർ പ്രതിക്ക് വേണ്ടി തെളിവ് നശിപ്പിക്കുന്നതൊക്കെ കണ്ടു. രണ്ടാമത്തെ കാര്യം കോടതിയിൽ ഏൽപ്പിച്ച മെമ്മറി കാർഡ് ആരൊക്കെയോ ആക്സസ് ചെയ്തിട്ടുണ്ട്. ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയിട്ടില്ല, മെമ്മറി കാർഡിന്റെ ഹാഷ് വാല്യുവേ മാറിയിട്ടുള്ളൂ എന്നാണ് വാദം. എന്ത് തരം മുടന്തൻ ന്യായമാണത്. ഒന്നും മാറാൻ പാടില്ലാത്തതാണ്. മെമ്മറി കാർഡ് ആക്സസ് ചെയ്തത് സാങ്കേതിക കാര്യമാണ് . എത്രയൊക്കെ തെളിവുകൾ മുക്കാൻ ശ്രമിച്ചാലും ഇത് സംബന്ധിച്ച കാര്യങ്ങൾ നശിപ്പിക്കാനുള്ള സ്മാർട്നെസ് ഒന്നും പ്രതിക്കോ പ്രതിയുടെ ഒപ്പമുള്ളവർക്കോ അല്ലെങ്കിൽ മെമ്മറി കാർഡ് ആക്സസ് ചെയ്തവർക്കോ ഇല്ല. അതുകൊണ്ട് തന്നെ പ്രതീക്ഷയുണ്ട്. നശിപ്പിക്കാൻ പറ്റാത്ത വിധത്തിലുള്ള കാര്യങ്ങൾ കോടതിയുടെ മുന്നിൽ എത്തിയിട്ടുണ്ട്. അത് തന്നെ വളരെ പോസിറ്റീവായ കാര്യമാണ്’, പ്രകാശ് ബാരെ പറഞ്ഞു.
സാക്ഷി വിസ്താരം പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്നന്ന് ആവശ്യപ്പെട്ട് വിചാരണ കോടതി സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ആറ് സാക്ഷികളുടെ കൂടി വിസ്താരം പൂർത്തിയാക്കാൻ ഉണ്ടെന്നായിരുന്നു വിചാരണ കോടതി ജഡ്ജിയായ ഹണി എം വർഗീസ് സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞത്. അതേസമയം വിചാരണ മനപ്പൂർവ്വം വൈകിപ്പിക്കുകയാണെന്നായിരുന്നു നടൻ ദിലീപിന് വേണ്ടി ഹാജരായ മുകുൾ റോഹ്ത്തഗി കോടതിയിൽ വാദിച്ചത്. വിചാരണയ്ക്ക് സമയപരിധി നിശ്ചയിക്കണമെന്ന ദിലീപിന്റെ ഹർജിയിൽ സുപ്രീം കോടതി വാദം കേൾക്കുന്നതിനിടെയായിരുന്നു ഇത്.
