Malayalam
ചികിത്സ കിട്ടാതെ പിതാവ് മരിച്ചു; ലക്ഷദ്വീപിലെ ദുരനുഭവം പങ്കിട്ട് യുവസംവിധായിക ഐഷ സുല്‍ത്താന
ചികിത്സ കിട്ടാതെ പിതാവ് മരിച്ചു; ലക്ഷദ്വീപിലെ ദുരനുഭവം പങ്കിട്ട് യുവസംവിധായിക ഐഷ സുല്‍ത്താന
സിനിമകളിലെ സഹസംവിധായികയായി പ്രവര്‍ത്തിച്ച ഐഷ സുല്‍ത്താന ലക്ഷദ്വീപിന്റെ സാമൂഹിക ജീവിതം ചൂണ്ടിക്കാണിക്കുന്ന ‘ഫ്ളഷ്’ എന്ന ചിത്രവുമായി സ്വതന്ത്ര സംവിധാനത്തിലേയ്ക്കു കടക്കുകയാണ്. ലക്ഷദ്വീപില്‍ ആധുനിക ചികിത്സാ സംവിധാനം ഏര്‍പ്പെടുത്തെണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനും, ദേശീയ മനുഷ്യാവകാശ കമ്മിഷനും നിവേദനം സമര്‍പ്പിച്ചിരിക്കുകയാണ് ഐഷ
മികച്ച ചികിത്സ കിട്ടാതെ സ്വന്തം പിതാവ് ഉൾപ്പടെ നൂറ് കണക്കിന് പേര്‍ക്കാണ് ലക്ഷദ്വീപില്‍ ഇതിനകം ജീവന് നഷ്ടപ്പെട്ടതെന്ന് ഐഷ പറയുന്നു
”തന്റെ പിതാവിന് യഥാസമയത്ത് ലക്ഷദ്വീപിലെ ആശുപത്രിയില്‍ വച്ച് രോഗം തിരിച്ചറിയാനും ചികിത്സ നല്‍കാനും കഴിയാതിരുന്നതിനാല്‍ അദ്ദേഹത്തിന്റെ ജീവന് നഷ്ടപ്പെട്ടു. ഹൃദയാഘാതം വന്ന പിതാവിനെ 24 മണിക്കൂറിനകം നല്‍കേണ്ട ചികിത്സ നല്കാന് ലക്ഷദ്വീപിലെ ആശുപത്രികള്‍ക്ക് സാധിച്ചില്ല. കൊച്ചിയില്‍ ലിസി ആശുപത്രിയില്‍ എത്തിച്ചാണ് വിദഗ്ദ്ധ ചികിത്സ നല്കാന് കഴിഞ്ഞത്. പക്ഷേ അപ്പോഴേക്കും വൈകിയിരുന്നു. താമസിയാതെ അദ്ദേഹം മരണപ്പെട്ടു. യഥാസമയത്ത് ലക്ഷദ്വീപില്‍നിന്ന് ചികിത്സ കിട്ടിയിരുന്നെങ്കില്‍ പിതാവിന്റെ ജീവന് രക്ഷിക്കാമായിരുന്നു. അങ്ങനെ വ്യക്തിപരമായും സാമൂഹ്യപരമായും താൻ ലക്ഷദ്വീപിലെ ആരോഗ്യമേഖലയില്‍ ആശങ്കയും സങ്കടവും അറിയിക്കുകയാണ്, ഐഷ സമര്‍പ്പിച്ച നിവേദനത്തിൽ പറയുന്നു.
സാമൂഹികവും സാമ്പത്തികവുമായി ഏറെ പിന്നോക്കം നില്ക്കുന്ന സാധാരണക്കാരായ മനുഷ്യര്‍ ജീവിക്കുന്ന ലക്ഷദ്വീപ് ഇപ്പോള്‍ അതീവ ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്നങ്ങള്‍ നേരിടുകയാണ്. കോവിഡ് 19 പോലെ അതീവ ഗുരുതരമായ വൈറസുകള്‍ പടരുന്ന സാഹചര്യത്തില്‍ പോലും അവയെ ചികിത്സ കൊണ്ടോ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കിയോ ലക്ഷദ്വീപ് നിവാസികള്‍ക്ക് തടഞ്ഞുനിര്‍ത്താനാവുന്നില്ല. എങ്കില്‍ തന്നെ ഇന്ത്യയില്‍ കോവിഡ് 19 ബാധിക്കാത്ത ഏക പ്രദേശം ലക്ഷദ്വീപാണെന്നു കൂടി സൂചിപ്പിക്കട്ടെ, ഐഷ കുറിക്കുന്നു.
