News
കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ജാക്വലിനെ സുകേഷിന് പരിചയപ്പെടുത്തിയ സ്ത്രീ അറസ്റ്റില്‍
കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ജാക്വലിനെ സുകേഷിന് പരിചയപ്പെടുത്തിയ സ്ത്രീ അറസ്റ്റില്‍
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കൂടുതല്‍ അറസ്റ്റ്. ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസും സുകേഷ് ചന്ദ്രശേഖറും പ്രതികളായ കേസിൽ മുംബൈ സ്വദേശിയായ പിങ്കി ഇറാനി എന്ന യുവതിയെയാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്.
ജാക്വലിനെ സുകേഷിന് പരിചയപ്പെടുത്തി നല്‍കിയത് ഈ യുവതിയാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
മതിയായ തെളിവുകള്‍ ലഭിച്ചതിന് ശേഷമാണ് പിങ്കി ഇറാനിയെ അറസ്റ്റ് ചെയ്തതെന്നും ബന്ധപ്പെട്ട കോടതിയില്‍ ഹാജരാക്കിയതെന്നും പൊലീസ് അറിയിച്ചു. പ്രതിയെ മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നേരത്തെ സുകേഷുമായുള്ള ജാക്വിലിന്റെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ജാക്വിലിന് ഏഴ് കോടിയോളം രൂപയുടെ ആഭരണങ്ങള്‍ സമ്മാനിച്ചിട്ടുണ്ടെന്നും സുകേഷ് മൊഴി നല്‍കിയിരുന്നു. ബ്രേസ് ലെറ്റുകള്‍, കമ്മലുകള്‍, മോതിരങ്ങള്‍, വാച്ചുകളും ഉള്‍പ്പെടെ നല്‍കിയെന്നാണ് വെളിപ്പെടുത്തല്‍. മിനി കൂപ്പര്‍ കാറും ഒരു കുതിരയും സമ്മാനിച്ചു.
സഹോദരിക്ക് 1,50,000 രൂപയുടെ വായ്പയും ബിഎംഡബ്ലു എക്സ്5 കാറും സഹോദരന് 50,000 ഡോളര്‍ വായ്പയും നല്‍കിയെന്നും മൊഴി നല്‍കിയിട്ടുണ്ട്. പിന്നാലെ മണിക്കൂറുകളോളം നടിയെ ഇഡി ചോദ്യം ചെയ്തിരുന്നു. സുകേഷ് അറസ്റ്റിലാകും വരെ ബന്ധമുണ്ടായിരുന്നെന്നും കാര്‍ ഉള്‍പ്പെടെ തിരികെ നല്‍കിയെന്നും ജാക്വലിന്‍ സമ്മതിച്ചിരുന്നു.
ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ പ്രമോട്ടര്‍ ശിവീന്ദര്‍ സിങ്ങിന്റെ ഭാര്യ അദിതി സിങ്ങില്‍ നിന്ന് 215 കോടി രൂപ തട്ടിയെടുത്ത കേസിലാണ് സുകേഷ് അറസ്റ്റിലായത്. സുകേഷ് ഡല്‍ഹിയിലെ മണ്ഡോലി ജയിലിലാണ്. നേരത്തെ തിഹാര്‍ ജയിലില്‍ കഴിഞ്ഞിരുന്നെങ്കിലും സുകേഷിന്റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് പിന്നീട് മാറ്റുകയായിരുന്നു. തിഹാര്‍ ജയിലില്‍ നിന്ന് തനിക്ക് വധഭീഷണിയുണ്ടെന്ന് ആരോപിച്ചതിന് പിന്നാലെയായിരുന്നു ജയില്‍ മാറ്റം.
