News
കുട്ടികൾക്ക് മുന്നിൽ നഗ്നത പ്രദർശനം; ശ്രീജിത്ത് രവിക്ക് ജാമ്യമില്ല, 14 ദിവസം റിമാന്‍ഡില്‍…കോടതിയിൽ തിരക്കഥ പൊളിഞ്ഞു
കുട്ടികൾക്ക് മുന്നിൽ നഗ്നത പ്രദർശനം; ശ്രീജിത്ത് രവിക്ക് ജാമ്യമില്ല, 14 ദിവസം റിമാന്‍ഡില്‍…കോടതിയിൽ തിരക്കഥ പൊളിഞ്ഞു
കുട്ടികൾക്ക് മുന്നിൽ നഗ്നത പ്രദർശനം നടത്തിയെന്ന കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യമില്ല. 14 ദിവസത്തേക്ക് തൃശ്ശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി റിമാന്‍റ് ചെയ്തു തൃശ്ശൂര്‍ വെസ്റ്റ് പൊലീസാണ് ഇന്ന് രാവിലെ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പുകൾ ചുമത്തിയാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തത്..
തന്‍റേത് ഒരു രോഗമാണെന്നും മരുന്ന് കഴിക്കാത്തത് കൊണ്ടുണ്ടായ പ്രശ്നമാണെന്നുമാണ് ശ്രീജിത്ത് രവിയുടെ അഭിഭാഷകന്‍ കോടതിയിലെ ജാമ്യഹര്‍ജിയില്‍ വാദിച്ചത്. എന്നാല്‍ പ്രതി മുമ്പും സമാന കുറ്റം ചെയ്തിട്ടുണ്ടെന്നും ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഇത് അംഗീകരിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്.
അതേസമയം, തനിക്ക് മാനസികരോഗമുണ്ടെന്നും ഇതിന് ചികിത്സ തേടുന്നതായും നടന്‍ പോലീസിനോട് പറഞ്ഞു. മാനസികരോഗത്തിന് മരുന്ന് കഴിക്കുന്നുണ്ട്. മരുന്ന് കഴിക്കാത്തതിനാലാണ് ഈ തെറ്റ് പറ്റിപ്പോയതെന്നും ശ്രീജിത്ത് രവി പോലീസിനോട് പറഞ്ഞിരുന്നു. കോടതിയില്‍ ഹാജരാക്കിയപ്പോളും പ്രതിഭാഗവും ഇതുതന്നെയാണ് ആവര്‍ത്തിച്ചത്. ശ്രീജിത്ത് രവിക്ക് സൈക്കോ തെറാപ്പി ചികിത്സ നടത്തുന്നുണ്ടെന്നും പ്രതിഭാഗം വാദിച്ചു.
എന്നാല്‍, പ്രതിഭാഗം ഹാജരാക്കിയ മെഡിക്കല്‍ രേഖകള്‍ ഇന്നത്തെ തീയതിയിലുള്ളതാണെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ആറുമാസം മുമ്പുവരെയാണ് പ്രതി ചികിത്സ തേടിയിരുന്നതെന്നും ഇപ്പോള്‍ ജാമ്യം ലഭിക്കാനായാണ് ഈ രേഖകള്‍ ഹാജരാക്കിയതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. പ്രതി നേരത്തെയും സമാന കുറ്റം ചെയ്തിട്ടുണ്ടെന്നും ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
ഇന്നലെ തൃശൂര്‍ അയ്യന്തോളില്‍ വെച്ചായിരുന്നു സംഭവം. അയ്യന്തോളിലെ എസ്.എന്‍ പാര്‍ക്കിന് സമീപം കാര്‍ നിര്‍ത്തി രണ്ട് കുട്ടികളോട് അശ്ലീല ആംഗ്യം കാണിച്ചു എന്നതാണ് കേസ്. 11ഉം അഞ്ചും വയസുള്ള രണ്ട് കുട്ടികള്‍ക്ക് മുന്നില്‍ വെച്ച് നഗ്നതാ പ്രദര്‍ശനം നടത്തിയ ശേഷം പ്രതി അവിടെ നിന്ന് കാറില്‍ പോവുകയായിരുന്നു.കുട്ടികള്‍ മാതാപിതാക്കളെ വിവരം അറിയിച്ചുവെങ്കിലും പ്രതിയെ തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. പിന്നീട് പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്ത് അന്വേഷിച്ചതിനിടെ കാറിനെകുറിച്ച് ലഭിച്ച സൂചനകള്‍ വഴിയാണ് ശ്രീജിത്ത് രവിയാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞത്
നേരത്തെയും സമാനമായ കേസിൽ ശ്രീജിത്ത് രവി പ്രതിയായിരുന്നു. ഒറ്റപ്പാലം പത്തിരിപ്പാലയിലെ സ്‍കൂൾ വിദ്യാർഥികൾക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയതിന് 2016 ലാണ് നേരത്തെ ഇയാൾ അറസ്റ്റിലായത്.