News
പോക്‌സോ കേസില്‍ ശ്രീജിത്ത് രവിക്ക് ജാമ്യം, സ്വഭാവ വൈകൃതത്തിന് ചികിത്സയിലാണെന്ന വാദം അംഗീകരിച്ചാണ് ജാമ്യം അനുവദിച്ചത്
പോക്‌സോ കേസില്‍ ശ്രീജിത്ത് രവിക്ക് ജാമ്യം, സ്വഭാവ വൈകൃതത്തിന് ചികിത്സയിലാണെന്ന വാദം അംഗീകരിച്ചാണ് ജാമ്യം അനുവദിച്ചത്
പെൺകുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ റിമാന്‍റിലായ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.
സ്വഭാവ വൈകൃതത്തിന് ചികിത്സയിലാണെന്ന വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. 2016 മുതൽ സ്വഭാവവൈകല്യത്തിന് ചികിത്സയിലെന്നാണ് ശ്രീജിത്ത് കോടതിയെ അറിയിച്ചത്. തുടർച്ചയായുള്ള ജയിൽവാസം ആരോഗ്യനില മോശമാക്കുമെന്നു൦ അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. നിബന്ധനകളോടെയാണ് ജാമ്യം. ഭാര്യയും പിതാവും ശ്രീജിത്തിന് ആവശ്യമായ ചികിത്സ നൽകുമെന്ന് സത്യവാങ് മൂലം നൽകണമെന്നാണ് ഒരു നിബന്ധന. വീണ്ടും ഇത്തരത്തിലെ സംഭവങ്ങൾ ആവര്‍ത്തിച്ചാൽ ജാമ്യം റദ്ദാക്കുമെന്നും കോടതി അറിയിച്ചു.
പോക്‌സോ വകുപ്പ് പ്രകാരമാണ് ശ്രീജിത്ത് രവിയെ അറസ്റ്റ് ചെയ്തത്. അയ്യന്തോളിലെ എസ്.എന്‍ പാര്‍ക്കിന് സമീപം കാര്‍ നിര്‍ത്തി രണ്ട് കുട്ടികളോട് അശ്ലീല ആംഗ്യം കാണിച്ചു എന്നതാണ് കേസ്. 11ഉം അഞ്ചും വയസുള്ള രണ്ട് കുട്ടികള്‍ക്ക് മുന്നില്‍ വെച്ച് നഗ്‌നതാ പ്രദര്‍ശനം നടത്തിയ ശേഷം പ്രതി അവിടെ നിന്ന് കാറില്‍ പോവുകയായിരുന്നു.
കുട്ടികള്‍ മാതാപിതാക്കളെ വിവരം അറിയിച്ചു എങ്കിലും പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്ത് അന്വേഷിച്ചതിനിടെ കാറിനെ കുറിച്ച് ലഭിച്ച സൂചനകള്‍ വഴിയാണ് ശ്രീജിത്ത് രവിയാണ് പ്രതിയെന്ന് തിരിച്ചറിയുന്നത്.