ഫോണില്‍ നിന്ന് നീക്കിയ 12 വാട്സാപ്പ് ചാറ്റുകളില്‍ ഒന്ന് ഇറാന് സ്വദേശിയുടേത്! ദിലീപിന്റെ സിനിമകള്‍ ഇറാനില്‍ മൊഴിമാറ്റം നടത്തിയത് ഗുല്ച്ചന്
ദിലീപിന്റെ ഫോണില്‍നിന്ന് നീക്കിയ 12 വാട്സാപ്പ് ചാറ്റുകളില്‍ ഒന്ന് ഇറാന് സ്വദേശി ഗുല്ച്ചന്റെയാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇയാള്‍ മലയാളചിത്രങ്ങള്‍ ഇറാനില്‍ മൊഴിമാറ്റം നടത്തി പ്രദര്ശിപ്പിക്കുന്നയാളാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ദിലീപിന്റെ ഒട്ടേറെ സിനിമകള്‍ ഇയാള്‍ മൊഴിമാറ്റം നടത്തിയിട്ടുണ്ട്.
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശം ഉണ്ടെന്ന സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ സ്ഥിരീകരിക്കുന്ന വസ്തുതകള്‍ ലഭിച്ചിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. ഫോണുകളിലെ വിവരങ്ങള്‍ മായ്ച്ചുകളയാനായി അയച്ച മുംബൈയിലെ ലാബ് സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡില്‍നിന്ന് പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്കില്‍ നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചത്. ദിലീപും സഹോദരീഭര്‍ത്താവ് സൂരജും ഉപയോഗിച്ചിരുന്ന ഫോണുകളില്‍നിന്ന് ലഭിച്ച പുതിയ വസ്തുതകളില്‍ നിന്നാണ് ഈ വിവരങ്ങള്‍ കിട്ടിയത്. ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ആറ് മൊബൈല്‍ ഫോണുകളില്‍ നിന്ന് ലഭിച്ചത് ആയിരക്കണക്കിന് രേഖകളാണ്.
ഫോണിലെ സംഭാഷണങ്ങള്‍ മാത്രം 200 മണിക്കൂറിലേറെ വരും. ആറ് ഫോണുകളില്‍ രണ്ടെണ്ണത്തിന്റെ പരിശോധന 90 ശതമാനം പൂര്‍ത്തിയായി. മറ്റു നാല് ഫോണുകളുടെ പരിശോധന നടത്തേണ്ടതുണ്ട്.അഭിഭാഷകരുടെ സഹായത്തോടെ ദിലീപ് അടക്കമുള്ളവര്‍ തെളിവുകള്‍ നശിപ്പിച്ചെങ്കിലും ചില തെളിവുകള്‍ ശേഖരിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് അധികൃതര്‍ പറഞ്ഞു.
ദിലീപിന്റെ വീടിനുസമീപം കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി എത്തിയതിനും തെളിവുണ്ട്. വധഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് സംവിധായകന് ബാലചന്ദ്രകുമാറിന്റെ കൈവശമുള്ള ഓഡിയോ ടേപ്പിലെ ശബ്ദശകലവും ക്രൈംബ്രാഞ്ചിന്റെ പക്കലുണ്ട്. ദിലീപിന്റെ ഫോണില്‍നിന്ന് കോടതി രേഖകളുടെ ഫോട്ടോയും ലഭിച്ചിട്ടുണ്ട്. പ്രിസൈഡിങ് ഓഫീസര്‍ ഒപ്പിട്ട രേഖകളാണിത്. ഇതിനെ സംബന്ധിച്ച് അന്വേഷിക്കുന്നതിനായി എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ അനുമതി തേടി മാര്‍ച്ച് 29-ന് അപേക്ഷ നല്‍കിയിരുന്നു. അനുമതി ലഭിച്ചിട്ടില്ല.ദിലീപിന്റെ ഭാര്യ കാവ്യ ചെന്നൈയിലാണെന്നാണ്
വിവരം. ചെന്നൈയില്‍നിന്ന് തിരിച്ചെത്തിയാലുടന്‍ കാവ്യയെ ചോദ്യംചെയ്യണ്ടതുണ്ടെന്ന നിലപാടിലാണ് പോലീസ്.
