ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരിമരുന്ന് കേസിലെ സാക്ഷി പ്രഭാകർ സെയിൽ മരിച്ചു
ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരിമരുന്ന് കേസിലെ സാക്ഷി പ്രഭാകർ സെയിൽ മരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വീട്ടിലായിരുന്നു അന്ത്യം. കേസിലെ മറ്റൊരു വിവാദ സാക്ഷി കിരൺ ഗോസാവിയുടെ അംഗരക്ഷകൻ കൂടിയായിരുന്ന പ്രഭാകർ സെയിൽ.കേസിൽ ഇയാൾ കൂറ് മാറിയിരുന്നു.
ആര്യൻ ഖാനെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് ആദ്യം ആരോപണം ഉന്നയിച്ച സാക്ഷിയാണ് പ്രഭാകർ. അന്നത്തെ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സമീർ വാംഗഡെയ്ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഇയാൾ ഉന്നയിച്ചിരുന്നത്.
ആര്യൻഖാനെ അറസ്റ്റ് ചെയ്തത് ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ വേണ്ടിയായിരുന്നുവെന്നും 8 കോടിയാണ് ഇത്തരത്തിൽ സമീർ വാംഗഡെക്ക് ലഭിക്കുകയെന്നുമായിരുന്നു ആരോപണം. കേസിലെ മറ്റൊരു പ്രതിയായ കിരൺ ഗോസാവി മറ്റൊരാളോട് ഇക്കാര്യം സംസാരിക്കുന്നത് കേട്ടെന്നായിരുന്നു വെളിപ്പെടുത്തൽ. 50 ലക്ഷം രൂപ ആര്യൻ ഖാൻ അറസ്റ്റിലായതിന് പിറ്റേന്ന് ഗോവാസിക്ക് കിട്ടിയെന്നും പ്രഭാകർ ആരോപിച്ചിരുന്നു.
വലിയ വിവാദമായ ലഹരി മരുന്ന് കേസിൽ ആര്യൻഖാനെതിരെ തെളിവുകളൊന്നുമില്ലെന്നാണ് ഏറ്റവുമൊടുവിൽ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ കണ്ടെത്തൽ. നടപടിക്രമങ്ങൾ പാലിക്കാതെയാണ് റെയ്ഡ് നടത്തിയതെന്നും ഗൂഡാലോചനാ വാദം നിലനിൽക്കില്ലെന്നും എൻസിബി പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കുന്നു.ഷാരൂഖ് ഖാന്റെ മകനെ ആഡംബര കപ്പലിൽ നിന്ന് അറസ്റ്റ് ചെയ്ത സംഭവത്തിൽ അടിമുടി ദുരൂഹതകളും കൈക്കൂലി പണംതട്ടൽ ആരോപണങ്ങളും നിറഞ്ഞപ്പോഴാണ് പ്രത്യേക അന്വേഷണ സംഘത്തിന് എൻസിബി കേസ് കൈമാറിയത്. ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സഞ്ജയ് കുമാർ ഐപിഎസിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കും.
നേരത്തെ കേസ് അന്വേഷിച്ച സോണൽ ഡയറക്ടർ സമീർ വാംഗഡെയെ കൂടുതൽ പ്രതിരോധത്തിലാക്കുന്ന കണ്ടെത്തലുകളാണ് റിപ്പോർട്ടിലുള്ളത്. റെയ്ഡ് ചിത്രീകരിക്കണമെന്നതടക്കം നടപടിക്രമങ്ങൾ ലംഘിച്ചെന്നാണ് ഒരു കണ്ടെത്തൽ. ആര്യൻ ഖാനിൽ നിന്ന് ലഹരി മരുന്ന് പിടിച്ചിട്ടില്ല.അതുകൊണ്ട് കൂടി അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ പിടിച്ചെടുത്ത് പരിശോധിക്കാൻ പാടില്ലായിരുന്നു. മൊബൈൽ പരിശോധിച്ചിട്ടിട്ടും ഗൂഡാലോചനാ വാദം സാധൂരിക്കുന്ന വിവരങ്ങളൊന്നും അതിലില്ലെന്നും കണ്ടെത്തിലുണ്ട്. നേരത്തെ ആര്യൻ ഖാന് ജാമ്യം നൽകിയപ്പോൾ ബോംബെ ഹൈക്കോടതിയും ഇതേ നിരീക്ഷണം നടത്തിയിരുന്നു.
