News
താരചക്രവര്‍ത്തിമാരായി വാഴണ്ട, ഉടൻ അത് ചെയ്യണം! നിശാഗന്ധിയെ ഇളക്കി മറിച്ച് ഇടിത്തീ പോലെ ആ വാക്കുകൾ
താരചക്രവര്‍ത്തിമാരായി വാഴണ്ട, ഉടൻ അത് ചെയ്യണം! നിശാഗന്ധിയെ ഇളക്കി മറിച്ച് ഇടിത്തീ പോലെ ആ വാക്കുകൾ
26ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്നലെ തിരശ്ശീലവീണു. വൈകിട്ട് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന സമാപന ചടങ്ങ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖിയായിരുന്നു മുഖ്യാതിഥി.
ചലച്ചിത്ര മേളയുടെ സമാപന വേദിയിൽ നടിയെ ആക്രമിച്ച കേസും ഹേമ കമ്മീഷൻ റിപ്പോർട്ടും അടക്കം പ്രശസ്ത എഴുത്തുകാരൻ ടി പത്മനാഭൻ ഉന്നയിച്ചു. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടാൻ സർക്കാർ തയ്യാറാകണമെന്നും ഇല്ലെങ്കിൽ ചരിത്രം മാപ്പ് നൽകില്ലെന്നും ടി പത്മനാഭൻ പറഞ്ഞു.
ഐഎഫ്എഫ്കെ ഉദ്ഘാടന ദിവസം വേദിയിൽ എത്തിയ ഭാവനയെ അപരാജിതയായ പെൺകുട്ടിയെന്ന് ടി പത്മനാഭൻ വിശേഷിപ്പിച്ചു. തെറ്റ് ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെട്ടേ പറ്റൂ എന്നും അദ്ദേഹം പറഞ്ഞു. വലിയ കയ്യടികളോടെയാണ് കാണികൾ ടി പത്മനാഭന്റെ വാക്കുകളെ സ്വീകരിച്ചത്.
ടി പത്മനാഭന്റെ വാക്കുകള്‍ ഇങ്ങനെ
’26 വര്‍ഷം നീണ്ട് നില്ക്കുന്ന ചലച്ചിത്രോത്സവത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വര്‍ഷമാണിത്. കാരണം ഇത് സ്ത്രീകളുടെ ചലച്ചിത്രോത്സവമായിരുന്നു. ഇവിടെ പ്രദര്‍ശിപ്പിച്ച സിനിമകളില്‍ ഭൂരിഭാഗവും സ്ത്രീകളാണ് സംവിധാനം ചെയ്തത് എന്നത് കൊണ്ട് മാത്രമല്ല താനിത് പറയുന്നത്. മേളയുടെ ഉദ്ഘാടന ദിവസം താന്‍ വീട്ടിലെ ചെറിയ മുറിയില്‍ ടെലിവിഷന്‍ നോക്കി ഇരിക്കുകയായിരുന്നു. അഭൂതപൂര്‍വ്വമായ ഒരു കാഴ്ചയാണ് അന്ന് കണ്ടത്. അപരാജിതയായ ഒരു പെണ്‍കുട്ടി, ഒരിക്കലും ഒരാള്‍ക്കും തോല്‍പ്പിക്കാന്‍ കഴിയാത്തൊരു പെണ്‍കുട്ടി. രഞ്ജിത്ത് അവരെ വേദിയിലേക്ക് ആനയിച്ചു. ആദ്യം അത്ഭുതമായിരുന്നു കാണികള്‍ക്ക്. അന്ന് ഇവിടെ ഉണ്ടായിരുന്ന കാണികള്‍ക്ക് മാത്രമല്ല, ടിവിയിലൂടെ ലോകമെമ്പാടുമുളള താന്‍ അടക്കമുളള കാണികള്‍ക്കും അത്ഭുതമായിരുന്നു. ഇവര്‍ പരസ്യമായി രംഗപ്രവേശം ചെയ്യുകയോ എന്ന്.
പക്ഷേ പിന്നീട് നിലയ്ക്കാത്ത കരഘോഷമായിരുന്നു. അതുകൊണ്ട് മാത്രമാണ് ഇത് സ്ത്രീകളുടെ വിജയം ഉദ്ഘോഷിക്കുന്ന ഒരു ചലച്ചിത്രോത്സവം ആണെന്ന് താന്‍ പറയുന്നത്. അവരുടെ കേസിലേക്ക് താന്‍ പോകുന്നില്ല. നിയമം പഠിച്ചവനാണ് താന്‍. പക്ഷേ ഈ സമയത്ത് അതിലേക്കൊന്നും പോകുന്നില്ല. പക്ഷെ തെറ്റ് ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെട്ടേ പറ്റൂ.
എത്ര വലിയവര്‍ ആയാലും ഒരു തരത്തിലുളള ദാക്ഷിണ്യത്തിനും അവര്‍ അര്‍ഹരാകുന്നില്ല. കേരളം ഇതര സംസ്ഥാനങ്ങളേക്കാളും പല വിഷയത്തിലും മുന്നിലാണ്. മുന്നിലേക്കുളള ആ പ്രയാണം തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കുളള സുരക്ഷയില്‍ നാം ഇനിയും ഏറെ മുന്നോട്ട് പോകേണ്ടതുണ്ട്. സിനിമ പുതിയ കാലഘട്ടത്തിന്റെ ഏറ്റവും പ്രിയപ്പെട്ട കലാരൂപമാണ്.
ആ സിനിമയുടെ വിവിധ മേഖലകളില്‍ പെണ്‍കുട്ടികള്‍ ജോലി ചെയ്യുന്നുണ്ട്. അഭിനയത്രികളോ പാട്ടുകാരികളോ മാത്രമായിട്ടല്ല. പല മേഖലകളിലും അവര്‍ തങ്ങളുടെ സാന്നിധ്യം വിളിച്ച് പറയുന്നുണ്ട്. അവര്‍ക്ക് കിട്ടുന്ന പരിചരണം എന്താണ്. ഈ അപരാജിതയുടെ കേസ് വന്നതിന് ശേഷമാണ് കുറേയൊക്കെ അത് ലോകത്തിന് മുന്നില്‍ വന്നത്. ഒരുപക്ഷേ ഇനിയും വരാനുണ്ടാകും. ഇത് തുടര്‍ന്ന് അനുവദിക്കാന്‍ പറ്റുമോ
ഈ കേസിന് ശേഷം കേരള സര്‍ക്കാര്‍ ജസ്റ്റിസ് ഹേമയും മറ്റ് രണ്ട് വനിതകളുമുളള ഒരു സമിതി രൂപീകരിച്ചു. രണ്ടിലേറെ കൊല്ലം സിറ്റിംഗ് നടത്തി, നിരവധി പേരില്‍ നിന്ന് തെളിവുകള്‍ ശേഖരിച്ചു. രണ്ട് കോടിയിലധികം ചെലവാക്കി അവര്‍ ഒരു റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. അത് ഇനിയും വെളിച്ചം കണ്ടിട്ടില്ല. ഇതിലും വലിയ ദുര്‍ഘടങ്ങളെയൊക്കെ നിഷ്പ്രയാസം തരണം ചെയ്ത സര്‍ക്കാരാണ് കേരളത്തിലുളളത്.
ഈ സര്‍ക്കാര്‍ വിചാരിച്ചാല്‍ തരണം ചെയ്യാന്‍ കഴിയാത്ത അത്ര വലിയ ഒരു കടമ്പയാണ് ഇതെന്ന് താന്‍ കരുതുന്നില്ല. സീല്‍ വെച്ച കവറുകളില്‍ വിശ്വസിക്കുന്നില്ലെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞു. അങ്ങനെയൊക്കെ ഉളള ഈ കാലത്ത് ജസ്റ്റിസ് ഹേമ കമ്മീഷന് റിപ്പോര്‍ട്ട് ഇനിയും വെളിച്ചം കാണാതിരിക്കരുത്. ഇത് ചെയ്തില്ലെങ്കില്‍ ഭാവി കേരളം നിങ്ങള്‍ക്ക് മാപ്പ് തരില്ല. സമയം തീരുകയാണ്. അതില്‍ വേണ്ടത് ചെയ്യണം.
റിപ്പോര്‍ട്ടില്‍ പറഞ്ഞ എല്ലാ നടപടികളുമെടുക്കണം. കുറ്റവാളികളെ വെളിച്ചത്ത് കൊണ്ടുവരണം. നല്ല ഒന്നാന്തരം ശിക്ഷ നല്‍കുകയും വേണം. ഇത്തരം പ്രവര്‍ത്തികള്‍ ചെയ്ത് അധികകാലം എല്ലാവര്ക്കും ഇവിടെ താരചക്രവര്‍ത്തിമാരായി വാഴാന്‍ കഴിയില്ല”.
തുടര്‍ന്ന് ഹേമ കമ്മീഷന് റിപ്പോര്‍ട്ടിന്റെയും അടൂര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ സിനിമാ മേഖലയില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയുളള നിയമത്തിന്റെ കരട് തയ്യാറായിട്ടുണ്ടെന്ന് മന്ത്രി സജി ചെറിയാന് അറിയിച്ചു
.ചലച്ചിത്രമേളയിലെ മികച്ച ചിത്രമായി കോസ്റ്റാറിക്ക ചിത്രമായ ക്ളാര സോള അര്‍ഹമായി. രജതചകോരം അര്‍ജന്റിനിയന്‍ ചിത്രമായ കാമില കംസ് ഔട്ട് ടുനൈറ്റ് നേടി. തമിഴ് ചിത്രമായ കൂഴങ്ങള്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി. മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ് പാക്ക് അവാര്‍ഡും കൂഴങ്ങള്‍ നേടി. ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡും കൂഴങ്ങള്ക്കാണ്. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ് പാക്ക് അവാര്‍ഡ് ആവാസവ്യൂഹം നേടി. പുതുമുഖ സംവിധായര്‍ക്കുള്ള കെ ആര് മോഹനന് അവാര്‍ഡ് – താരാ രാമനാഥും പ്രഭാഷ് ചന്ദ്രയും നേടി.പ്രൗഢ ഗംഭീരമായ വേദിയില്‍ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്തു. ചടങ്ങിനു ശേഷം പുരസ്ക്കാരം നേടിയ ക്ളാര സോള നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിച്ചു.
