News
മോഡലുകളുടെ മരണത്തിന് ദിവസങ്ങൾക്ക് മുൻപ് ‘നമ്പർ 18’ ഹോട്ടലിൽ സംഭവിച്ചത്, ഹോട്ടൽ ഉടമ റോയ് ജെ. വയലാട്ടിനെതിരേ പോക്സോ കേസ്, ഇരയെ കൊച്ചിയിലെത്തിച്ചത് അഞ്ജലി
മോഡലുകളുടെ മരണത്തിന് ദിവസങ്ങൾക്ക് മുൻപ് ‘നമ്പർ 18’ ഹോട്ടലിൽ സംഭവിച്ചത്, ഹോട്ടൽ ഉടമ റോയ് ജെ. വയലാട്ടിനെതിരേ പോക്സോ കേസ്, ഇരയെ കൊച്ചിയിലെത്തിച്ചത് അഞ്ജലി
കോഴിക്കോട് സ്വദേശിയായ അമ്മയുടെയും മകളുടെയും പരാതിയിൽ കൊച്ചിയിലെ മോഡലുകളുടെ മരണത്തിൽ മൂന്നാം പ്രതിയായ ഫോർട്ട്‌കൊച്ചി ‘നമ്പർ 18’ ഹോട്ടൽ ഉടമ റോയ് ജെ. വയലാട്ടിനെതിരേ പോക്സോ കേസ് രജിസ്റ്റർ ചെയ്തു.
റോയിയുടെ സുഹൃത്ത് സൈജു തങ്കച്ചനെയും സൈജുവിന്റെ സുഹൃത്ത് അഞ്ജലിയെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബറിൽ നമ്പർ 18 ഹോട്ടലിൽവെച്ച് റോയി ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് പരാതി. മോഡലുകളുടെ അപകടമരണത്തിന് ഏതാനും ആഴ്ചകൾക്ക് മുമ്പായിരുന്നു പീഡനം. പീഡന ദൃശ്യങ്ങൾ മറ്റു പ്രതികൾ ചേർന്ന് മൊബൈലിൽ പകർത്തി. പോലീസിൽ പരാതി നൽകിയാൽ ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് അഞ്ജലി ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു.
കേസ് മോഡലുകളുടെ അപകടമരണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിരിക്കുകയാണ്. പോക്‌സോ കേസിൽ അമ്മയുടെയും മകളുടെയും മൊഴി രേഖപ്പെടുത്തും. ഇതിന് ശേഷമായിരിക്കും അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുക.
പതിനേഴുകാരിയായ മകളെ ബലമായി കയറിപ്പിടിച്ചെന്നും അമ്മ പരാതിയില്‍ പറയുന്നു. കോഴിക്കോട് സംരംഭകയായി അറിയപ്പെടുന്ന അഞ്ജലിയെ വിശ്വസിച്ച് 5 യുവതികൾ കൂടി കൊച്ചിയിലെത്തിയിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തന്ത്രപൂർവം അഞ്ജലിയും സൈജുവും ചേർന്നു നമ്പർ 18 ഹോട്ടലിൽ എത്തിക്കുകയായിരുന്നു. ഹോട്ടലിൽ വച്ചു റോയി ലൈംഗികമായി ഉപദ്രവിച്ചെന്നാണു പരാതി.
അഞ്ജലിയെ അല്ലാതെ മറ്റാരെയും പെൺകുട്ടിക്കു മനസ്സിലായിരുന്നില്ല. മോഡലുകൾ കൊല്ലപ്പെട്ട വാർത്തകളിലൂടെ റോയിയെയും സൈജുവിനെയും തിരിച്ചറിഞ്ഞ പെൺകുട്ടിയും അമ്മയും കോഴിക്കോട് പൊലീസിനോടു പരാതിപ്പെട്ടിരുന്നു. പിന്നീട് ജനുവരി 31നു കൊച്ചിയിലെത്തി പരാതി നൽകി. സംഭവദിവസം പെൺകുട്ടിയും മാതാവും ഹോട്ടലിൽ നിന്ന് ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നു
സമാന സാഹചര്യത്തിലാണു മോഡലുകളായ 2 യുവതികളും 2 സുഹൃത്തുക്കളുടെ സഹായത്തോടെ കാറിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ അപകടത്തിൽ മരിച്ചത്. പെൺകുട്ടിയെ ഉപദ്രവിച്ച സംഭവം പുറത്തു പറയാതിരിക്കാൻ പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നു. ഇവരുടെ കുളിമുറി ദൃശ്യങ്ങൾ പുറത്തുവിടുമെന്നായിരുന്നു ഭീഷണി. ഫോർട്ട്കൊച്ചി പൊലീസ് തുടരന്വേഷണത്തിനായി കേസ് പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറി.
മോഡലുകളുടെ അപകടമരണം സംബന്ധിച്ച കേസിൽ റോയിയും സൈജുവും പ്രതികളാണ്. ഇതുകൂടാതെ സൈജുവിനെതിരേ ലഹരി ഉപയോഗവും ലഹരിയുടെ വ്യാപാരവും സംബന്ധിച്ച് ഏഴ് കേസുകളും വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നവംബർ ഒന്നിന് രാത്രി നമ്പർ 18 ഹോട്ടലിൽ പാർട്ടിക്കുശേഷം മടങ്ങുമ്പോഴാണ് പാലാരിവട്ടം ബൈപ്പാസിൽ നിയന്ത്രണംവിട്ട കാർ മീഡിയനിലേക്ക് ഇടിച്ചുകയറി മോഡലുകൾ മരിച്ചത്. ഹോട്ടലിൽനിന്ന് സൈജു മോഡലുകളുടെ കാറിനെ പിന്തുടരുന്നതിനിടെയായിരുന്നു അപകടമെന്ന് പോലീസ് കണ്ടെത്തി. ഹോട്ടലിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് കണ്ടെത്താൻ ശ്രമിച്ചെങ്കിലും, ഇത് റോയിയും ഹോട്ടലിലെ ജീവനക്കാരും ചേർന്ന് നശിപ്പിച്ചിരുന്നു. തെളിവു നശിപ്പിക്കാൻ ശ്രമിച്ച കുറ്റത്തിന് റോയിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
