News
മഹാഭാരതം സീരിയലിലെ ഭീമന്; പ്രവീണ്‍ കുമാര്‍ സോബ്തി അന്തരിച്ചു; വേദനയോടെ ആരാധകർ
മഹാഭാരതം സീരിയലിലെ ഭീമന്; പ്രവീണ്‍ കുമാര്‍ സോബ്തി അന്തരിച്ചു; വേദനയോടെ ആരാധകർ
മഹാഭാരതം ടെലിവിഷന്‍ സീരിയലില്‍ ഭീമസേനനെ അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധ നേടിയ നടനും കായികതാരവുമായ പ്രവീണ്‍ കുമാര്‍ സോബ്തി അന്തരിച്ചു. ന്യൂഡല്‍ഹിയിലെ അശോക് വിഹാറിലെ വസതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.
ആറര അടിയിലേറെ പൊക്കവും വലിയ ആകാരവുമുള്ള പ്രവീണ്‍ കുമാര്‍ എഴുപതുകളുടെ അവസാനം ബോളിവുഡ് ചിത്രങ്ങളിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. പക്ഷേ അദ്ദേഹത്തിന് ലഭിച്ചതില്‍ ഏറെയും ഒരേപോലെയുള്ള വില്ലന്‍ വേഷങ്ങളാണ്. മഹാഭാരതം സീരിയലിലെ ഭീമന്റെ റോള്‍ ആണ് അവതരിപ്പിച്ചവയില്‍ ഏറ്റവും ശ്രദ്ധേയം.
അഭിനയരംഗത്തേക്ക് എത്തുന്നതിനു മുന്‍പ് സ്പോര്‍ട്സ് താരം എന്ന നിലയില്‍ പേരെടുത്തയാളാണ് പ്രവീണ്‍ കുമാര്‍ സോബ്തി. ഹാമര്‍ ത്രോയും ഡിസ്കസ് ത്രോയുമായിരുന്നു പ്രാഗത്ഭ്യം തെളിയിച്ച കായികയിനങ്ങള്‍. ഈ ഇനങ്ങളില്‍ ഇന്ത്യയ്ക്കുവേണ്ടി നാല് ഏഷ്യന്‍ മെഡലുകള്‍ നേടിയിട്ടുള്ള പ്രവീണ്‍ കുമാര്‍ രണ്ട് ഒളിമ്പിക്സുകളില്‍ രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുമുണ്ട്. അര്‍ജുന അവാര്‍ഡ് ജേതാവുമാണ്. സ്പോര്‍ട്സിലെ മികവ് പരിഗണിച്ച് ബിഎസ്എഫില്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് ആയി നിയമനവും ലഭിച്ചിരുന്നു. അഭിനയിച്ച സിനിമകളില്‍ അമിതാഭ് ബച്ചന് നായകനായ ഷെഹന്‍ഷായാണ് ഏറ്റവും ശ്രദ്ധേയ ചിത്രം.
2013ല്‍ ദില്ലിയിലെ വസിര്‍പൂര്‍ മണ്ഡലത്തില്‍ നിന്ന് അസംബ്ലിയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ആം ആദ്മി ടിക്കറ്റിലായിരുന്നു ഇത്. പിന്നീട് ബിജെപിയില്‍ ചേര്‍ന്നു.
