എന്നെ സന്തോഷിപ്പിച്ചതും കരയിപ്പിച്ചതും എന്നില്‍ ജീവനുണ്ടാക്കിയതും മുന്നോട്ട് ജീവിക്കണമെന്ന് തോന്നിപ്പിച്ചതും പലപ്പോഴും ലതാജിയുടെ ശബ്ദവും ആലപാന വൈവിദ്ധ്യവും സംഗീതധാരയുമാണ്; എം ജയചന്ദ്രന്
ലതാ മങ്കേഷ്കറുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് സംഗീത സംവിധാകയന് എം ജയചന്ദ്രന്. വളരെ സങ്കടമുള്ള ദിവസമാണിന്നെന്നും ഒരു പ്രാവശ്യം പോലും നേരിട്ട് കാണാന്‍ പറ്റാത്തതില്‍ ദുഖമുണ്ടെന്നും ജയചന്ദ്രന് ഒരു പ്രമുഖ ചാനലിനോട് പറഞ്ഞു. സംഗീത സംവിധായകനാകാന്‍ തന്നെ പ്രചോദിപ്പിച്ചത് മദന്മോഹന് – ലതാജി കോമ്പിനേഷനിലുള്ള പാട്ടുകളാണ്. ലതാജിയെ പോലെ ഒരു പാട്ടിന്റെ രാജകുമാരി ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവില്ല. ലതാജിയുടെ സംഗീതം നമ്മുടെ കൂടെയുണ്ട്, ആ രീതിയില്‍ ലതാജിക്ക് മരണമില്ലെന്നും ജയചന്ദ്രന് പറഞ്ഞു.
എം ജയചന്ദ്രന്റെ വാക്കുകള്‍
വളരെ ആഴത്തില്‍ സങ്കടമുള്ള ദിവസമാണിന്ന്. ലതാജിയുടെ ഭാതിക സാന്നിധ്യമില്ലാത്ത ലോകം. ലതാജിയെ നേരിട്ട് കാണണം, നമസ്ക്കരിക്കണം, അനുഗ്രഹീതനാകണം എന്ന് ആഗ്രഹിച്ചിട്ടുണ്ട്. അതിനുവേണ്ടി മുംബൈയില്‍ പോയി താമസിച്ചിട്ടും അതിനുള്ള ഭാഗ്യം കിട്ടിയിട്ടില്ല. ഒരു പ്രാവശ്യം പോലും നേരിട്ട് കാണാന്‍ പറ്റാത്തതില്‍ സങ്കടം. ലതാജിയുടെ സംഗീതം ഇല്ലാതെ രാത്രികള്‍ മുന്നോട്ട് പോയിട്ടില്ല. എന്നെ സന്തോഷിപ്പിച്ചതും കരയിപ്പിച്ചതും എന്നില്‍ ജീവനുണ്ടാക്കിയതും മുന്നോട്ട് ജീവിക്കണമെന്ന് തോന്നിപ്പിച്ചതും പലപ്പോഴും ലതാജിയുടെ ശബ്ദവും ആലപാന വൈവിദ്ധ്യവും സംഗീതധാരയും ഒക്കെയാണ്. സംഗീത സംവിധായകനാകണമെന്ന് എന്നെ പ്രചോദിപ്പിച്ചത് മദന്മോഹന്-ലതാജി കോമ്പിനേഷനിലുള്ള പാട്ടുകളാണ്.
ലതാജിയെ പോലെ ഒരു പാട്ടിന്റെ രാജകുമാരി ഉണ്ടായിട്ടില്ലെന്നും ഇനി ഉണ്ടാന്‍ പോവില്ലെന്നും വിശ്വസിക്കുന്ന ആളാണ് താന്‍. ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാണ് ലതാജിയെ നഷ്ടപ്പെട്ടത്. ലതാജിയുടെ സംഗീതം നമ്മുടെ കൂടെയുണ്ട്, ആ രീതിയില്‍ ലതാജിക്ക് മരണമില്ല. ഏറ്റവും പെര്‍ഫ്കടായിട്ടുള്ള ഗായിക ലതാ മങ്കേഷ്കറാണെന്ന് ദേവരാജന്‍ മാസ്റ്റര്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ദൈവീകമായ ശബ്ദമാണ് ലതാ മങ്കേഷ്കറിന്റേത്. സംഗീതത്തിന്റെ ആള്‍രൂപമെന്ന് ലതാജിയെ പറയാം. ഈശ്വരവിശ്വാസം, സംഗീതത്തില്‍ ഫോക്കസ് ഇവയൊക്കെ ലതാജിക്കുണ്ടായിരുന്നു. മറ്റൊരാള്‍ക്കും ലതാജിയെ പോലാകാന്‍ പറ്റില്ല. ലതാജിയുടെ പാട്ടുകള്‍ നമുക്ക് പഠിക്കാം, പാഠാം. എന്നാല്‍ ലതാജി അതില്‍ കണ്ടെത്തിയ ആത്മാവിനെ നമുക്ക് തൊടാന്‍ പാോലും പറ്റില്ല.
കൊവിഡ് ബാധിതയായി ഏറെനാളായി മുംബയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുകയായിരുന്നു ഗായിക . ജനുവരി പതിനൊന്നിനാണ് കൊവിഡ് ബാധയെത്തുടർന്ന് ലതാ മങ്കേഷ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊവിഡിന് പിന്നാലെ ന്യുമോണിയ കൂടി പിടിപെട്ടതാണ് രോഗം ഗുരുതരമാക്കിയത്.
പതിമൂന്നാം വയസിൽ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് കടന്ന ലതാ മങ്കേഷ്കർ നിരവധി ഇന്ത്യൻ ഭാഷകളിലായി 30,000ത്തിലധികം ഗാനങ്ങൾ പാടിയിട്ടുണ്ട്. ഇന്ത്യയുടെ വാനമ്പാടി എന്നാണ് ലതാ മങ്കേഷ്കറെ വിശേഷിപ്പിക്കുന്നത്. പദ്മവിഭൂഷൺ, പദ്മഭൂഷൺ, ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം തുടങ്ങിയ വിശിഷ്ട പുരസ്കാരങ്ങൾ ഗായികയെ തേടിയെത്തി.
