Connect with us

ദുരിതങ്ങളും കഷ്ടപ്പാടുകളും നിറഞ്ഞ കുട്ടിക്കാലം; വേദനകളിൽ നിന്ന് പറന്ന് ഉയർന്നു! 13-ാം വയസിൽ ആദ്യഗാനം!! തലമുറകളിലേക്ക് പകർന്നൊഴുകിയ വിസ്മയ നാദം!ഇന്ത്യയുടെ വാനമ്പാടി ഓർമയാകുമ്പോൾ….

featured

ദുരിതങ്ങളും കഷ്ടപ്പാടുകളും നിറഞ്ഞ കുട്ടിക്കാലം; വേദനകളിൽ നിന്ന് പറന്ന് ഉയർന്നു! 13-ാം വയസിൽ ആദ്യഗാനം!! തലമുറകളിലേക്ക് പകർന്നൊഴുകിയ വിസ്മയ നാദം!ഇന്ത്യയുടെ വാനമ്പാടി ഓർമയാകുമ്പോൾ….

ദുരിതങ്ങളും കഷ്ടപ്പാടുകളും നിറഞ്ഞ കുട്ടിക്കാലം; വേദനകളിൽ നിന്ന് പറന്ന് ഉയർന്നു! 13-ാം വയസിൽ ആദ്യഗാനം!! തലമുറകളിലേക്ക് പകർന്നൊഴുകിയ വിസ്മയ നാദം!ഇന്ത്യയുടെ വാനമ്പാടി ഓർമയാകുമ്പോൾ….

സ്വരാമാധുരിയും ആലാപനശൈലിയുമാണ് ലതാ മങ്കേഷ്കറെന്ന ഗായികയെ ഇന്ത്യയുടെ വാനമ്പാടിയാക്കി മാറ്റിയത്. എന്നും നെഞ്ചോട് ചേർക്കാവുന്ന നിരവധി ഗാനങ്ങൾ സംഗീത ലോകത്തിന് നൽകിയിട്ടാണ് തന്റെ 92-ാം വയസിൽ അതുല്യ ഗായിക വിടവാങ്ങിയത്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഗായകരിലൊരാളായ ലതാ മങ്കേഷ്‌കര്‍ ആയിരത്തിലധികം ബോളിവുഡ് സിനിമകളില്‍ പിന്നണി ഗായികയായി. വിദേശ ഭാഷകളിലുള്‍പ്പെടെ മുപ്പത്തിയാറില്‍പരം ഭാഷകളില്‍ ലതാജി എന്ന് ആരാധകര്‍ ബഹുമാനത്തോടെയും സ്‌നേഹത്തോടെയും വിളിക്കുന്ന ആ മഹാഗായിക ഗാനങ്ങള്‍ ആലപിച്ചു.

മുപ്പതിനായിരത്തിലധികം ഗാനങ്ങള്‍ ആലപിച്ച ലതയ്ക്ക് ഉന്നത പൗരത്വ ബഹുമതിയായ ഭാരതരത്‌നം 2001 ല്‍ നല്‍കിരാജ്യം ആദരിച്ചു. 1942 ല്‍ തന്റെ പതിമൂന്നാമത്തെ വയസിലാണ് തന്റെ മ്യൂസിക് കരിയര്‍ ലത ആരംഭിച്ചത്. നസന്ത് ജോഗ്‌ലേക്കറിന്റെ കിതി ഹസാല്‍ എന്ന മറാത്ത സിനിമയ്ക്ക് വേണ്ടിയാണ് ലതയുടെ ആദ്യഗാനം റെക്കാഡ് ചെയ്തത്. പ്രധാനമായും ഹിന്ദി, മറാത്തി സിനിമകളിലാണ് ലതാ മങ്കേഷ്‌കര്‍ പാടിയിരുന്നത്. അഞ്ചാം വയസിൽ അച്ഛന്റ സംഗീതനാടകങ്ങളില്‍ ബാലതാരമായി ലത അരങ്ങിലെത്തി. 1929 സെപ്റ്റംബര്‍ 28 നാണ് ലതയുടെ ജനനം. പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്‌കര്‍, ഷേവന്തി മങ്കേഷ്‌കര്‍ എന്നിവരാണ് മാതാപിതാക്കള്‍.

ലതയ്ക്ക് പതിമൂന്ന് വയസ് പ്രായമുള്ളപ്പോള്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ദീനനാഥ് മങ്കേഷ്‌കര്‍ അന്തരിച്ചു. നവ് യുഗ് ചിത്രപഥ് മൂവി കമ്പനി ഉടമയും മങ്കേഷ്‌കര്‍ കുടുംബത്തിന്റെ അടുത്ത സുഹൃത്തുമായ വിനായക് ദാമോദര്‍ കര്‍ണാടകി ലതയുടെ കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. വിനായക് ദാമോദര്‍ കര്‍ണാടകിയാണ് ലതയ്ക്ക് ഗായികയായും അഭിനേത്രിയായും വളര്‍ന്നു വരാനുള്ള പാതയൊരുക്കിയത്. കിതി ഹസാല്‍ എന്ന മറാത്തി സിനിമയ്ക്ക് വേണ്ടിയായിരുന്നു ലത ആദ്യമായി ഗാനമാലപിച്ചത്. സദാശിവ് റാവു നിവ്രേക്കറായിരുന്നു സംഗീതസംവിധായകന്‍. എന്നാല്‍ ഒടുവില്‍ ഗാനം സിനിമയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. അച്ഛന്റെ അപ്രതീക്ഷിത മരണത്തോടെ ദുരിതത്തിലായ കുടുംബത്തെ പോറ്റാന്‍ കൗമാരപ്രായത്തില്‍ തന്നെ ഏറെ കഷ്ടപ്പെടേണ്ടി വന്ന ലതയ്ക്ക് നവ് യുഗ് ചിത്രപഥിന്റെ ഒരു സിനിമയില്‍ ഒരു ചെറിയ വേഷം വിനായക് ലതയ്ക്ക് നല്‍കി.

ആ സിനിമയില്‍ ലതയ്ക്ക് ഒരു ഗാനം പാടാനുള്ള അവസരവും ലഭിച്ചു. മാതാ ഏക സപൂത് കി ദുനിയാ ബാദല്‍ ദെ തൂ ആയിരുന്നു ലതയുടെ ആദ്യ ഹിന്ദി ഗാനം. ഇതോടെ ലതയുടെ പേര് സംഗീതലോകത്ത് കുറിക്കപ്പെടുകയായിരുന്നു.
ഇന്ത്യന്‍ സിനിമാ സംഗീത ചരിത്രത്തില്‍ ലതാ മങ്കേഷ്‌കര്‍ എന്ന പേര് എഴുതിച്ചേര്‍ക്കപ്പെട്ടു. അവസരങ്ങള്‍ ലഭിച്ചു തുടങ്ങിയതോടെ 1945 ല്‍ ജന്മനാടായ ഇന്‍ഡോറില്‍ നിന്ന് ലത മുംബൈയിലേക്ക് താമസം മാറി. തുടര്‍ന്ന് ഹിന്ദുസ്ഥാനി സംഗീത പഠനം ആരംഭിച്ചു. ഉസ്താദ് അമാന്‍ അലി ഖാനായിരുന്നു ഗുരു. തുടര്‍ന്ന് ചില സിനിമകളില്‍ ലതയും അനിയത്തി ആശയും ചെറിയ വേഷങ്ങള്‍ ചെയ്തു. 1948 ല്‍ വിനായക് മരിച്ചതോടെ സംഗീതസംവിധായകന്‍ ഗുലാം ഹൈദര്‍ ലതയുടെ ഉത്തരവാദിത്വം ഏറ്റെടുത്തു. നിര്‍മാതാവ് സാഷാധര്‍ മുഖര്‍ജിയ്ക്ക് ലതയെ പരിചയപ്പെടുത്തിയത് ഗുലാം ഹൈദറായിരുന്നു.

1949 ല്‍ ഉഠായേ ജാ ഉന്‍കി സിതം എന്ന ഹിറ്റ് ഗാനത്തോടെ ലത എന്ന ഗായികയുടെ സുവര്‍ണകാലം ആരംഭിച്ചു. നര്‍ഗീസും വഹീദ റഹ്‌മാനും തുടങ്ങി മാധുരി ദീക്ഷിതിനും പ്രിറ്റി സിന്റയ്ക്കും വരെ ലത തന്റെ ശബ്ദമാധുര്യം പിന്നണിയില്‍ നല്‍കി. മഹല്‍, ബര്‍സാത്, ബൈജു ബാവ് ര, മീന ബസാര്‍, ആധി രാത്, ഛോട്ടി ഭാഭി, അഫ്‌സാന തുടങ്ങി നിരവധി ആദ്യകാല ചിത്രങ്ങള്‍ക്ക് ലതയുടെ ഗാനങ്ങള്‍ വിജയത്തിളക്കമേകി. നൗഷാദിന് വേണ്ടി നിരവധി ക്ലാസിക്കല്‍ ടച്ചുള്ള ഗാനങ്ങളും ലത ആലപിച്ചു. ശങ്കര്‍-ജയ്കിഷന്‍, എസ്.ഡി. ബര്‍മന്‍, സലില്‍ ചൗധരി, മദന്‍ മോഹന്‍, ഭൂപന്‍ ഹസാരിക, ഇളയരാജ, ജയ്‌ദേവ് തുടങ്ങി ലതയുടെ ആലാപനവൈദഗ്ധ്യം ഉപയോഗപ്പെടുത്തിയ സംഗീത സംവിധായകര്‍ നിരവധി.

ആപ്കി നസറോം നെ സംഝാ, ലഗ് ജാ ഗലെ, പ്യാര്‍ കിയാ തൊ ഡര്‍നാ ക്യാ, അജീബ് ദാസ്താം ഹെ യെ, ശീഷാ ഹോ യാ ദില്‍ ഹൊ.. തുടങ്ങി ഇന്നും സംഗീതപ്രേമികള്‍ ആവര്‍ത്തിച്ചു കേള്‍ക്കുന്ന എത്രയോ ഗാനങ്ങള്‍ ലതാ മങ്കേഷ്‌കറുടേതായുണ്ട്. പുതുതലമുറ സംവിധായകരില്‍ എ. ആര്‍. റഹ്‌മാന്‍ ഉള്‍പ്പെടെയുള്ളവരും ലതാ മങ്കേഷ്‌കറിനെ ധൈര്യപൂര്‍വം തങ്ങളുടെ ഗാനങ്ങള്‍ ഏല്‍പ്പിച്ചു. 2012 നവംബറില്‍ എല്‍.എം. എന്ന പേരില്‍ ആരംഭിച്ച മ്യൂസിക് ലേബലിലൂടെ ലത ഭജനുകള്‍ പുറത്തിറക്കി. കൂടാതെ ലതയുടെ സ്വന്തം സ്റ്റുഡിയോയില്‍ നിന്ന് നിരവധി ആല്‍ബങ്ങള്‍ പുറത്തിറങ്ങി. അവയില്‍ ലത ഈണമിട്ടവയും ഉള്‍പ്പെടുന്നു. നാല് സിനിമകള്‍ ലത നിര്‍മിച്ചിട്ടുണ്ട്. ഒരു മറാത്തി സിനിമയും മൂന്ന് ഹിന്ദി ചിത്രങ്ങളുമായിരുന്നു അവ. പദ്മഭൂഷണ്‍, ദാദാ സാഹെബ് ഫാല്‍ക്കെ അവാര്‍ഡ്, മൂന്ന് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍, ഫ്രാന്‍സിന്റെ ലീജിയന്‍ ഓഫ് ഓണര്‍ തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ലതയെ തേടിയെത്തി. എം.എസ്. സുബ്ബലക്ഷ്മിയ്ക്ക് ശേഷം ഭാരതരത്‌നം ലഭിക്കുന്ന സംഗീതജ്ഞയാണ് ലത. ദുരിതങ്ങളുടെ തീക്കനലുകളില്‍ നിന്ന് സംഗീതത്തിന്റെ അപാരസുന്ദര നീലാകാശത്തേക്ക് പറന്നുയര്‍ന്ന് ഇന്ത്യയുടെ വാനമ്പാടിയായിത്തീര്‍ന്ന ചരിത്രമാണ് ലത മങ്കേഷ്‌കര്‍ എന്ന ഗായികയുടേത്. ലത മങ്കേഷ്കറിന്റെ വിയോഗത്തോടെ ഒരു യുഗത്തിനാണ് അന്ത്യമാകുന്നത്. വരും തലമുറകൾക്കായി നിത്യ ഹരിത ഗാനങ്ങളുടെ വസന്ത കാലം സമ്മാനിച്ചാണ് വാനമ്പാടിയുടെ മടക്കം.

More in featured

Trending

Recent

To Top