News
ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ;ക്രൈംബ്രാഞ്ചിൽ വിശ്വാസമില്ല,സിബിഐ അന്വേഷണം വേണമെന്ന് ദിലീപും; കോടതിയിൽ നാടകീയ രംഗങ്ങൾ
ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ;ക്രൈംബ്രാഞ്ചിൽ വിശ്വാസമില്ല,സിബിഐ അന്വേഷണം വേണമെന്ന് ദിലീപും; കോടതിയിൽ നാടകീയ രംഗങ്ങൾ
കൊച്ചിയിൽ നടിയെ കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും. വ്യാഴാഴ്ച പരിഗണിക്കുമെന്നാണ് ആദ്യം പറഞ്ഞതെങ്കിലും കോടതി വീണ്ടും തീരുമാനം മാറ്റുകയായിരുന്നു. നാളെ ഉച്ചയ്‌ക്ക് 1.45ന് ഹർജി പരിഗണിക്കും. ഫോണുകൾ ക്രൈംബ്രാഞ്ചിന് കൈമാറുന്നതു സംബന്ധിച്ചും നാളെ ഹൈക്കോടതി തീരുമാനമെടുക്കും. ഫോണുകൾ മാറ്റിയത് നിസ്സഹകരണമായി കണക്കാക്കാം എന്ന് കോടതി നിരീക്ഷിച്ചു.
ജാമ്യാപേക്ഷ തള്ളണമെന്നും ദിലീപിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. കേസ് നടത്തിപ്പിന് പ്രതി ഉപാധികൾ വയ്ക്കുന്നത് കേട്ടുകേൾവിയില്ലാത്തതാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഫോണുകള്‍ മുംബൈയിലേക്ക് അയച്ചത് കേസ് അട്ടിമറിക്കാനെന്നും പ്രോസിക്യൂഷൻ ആരോപിച്ചു. അതേ സമയം, ഫോണുകൾ കൈമാറുന്നത് ദിലീപ് എതിർത്തു. ഫോണുകൾ കേരളത്തിലെ ലാബിൽ പരിശോധിക്കരുതെന്നും ദിലീപ് ആവശ്യപ്പെട്ടു
ഇന്ന് രാവിലെ ആറ് ഫോണുകൾ ദിലീപ് കോടതിക്ക് സമർപ്പിച്ചിരുന്നു. നടൻ ഉപയോഗിച്ച മൂന്ന് ഫോണുകൾ, സഹോദരൻ അനൂപിന്റെ കൈവശമുള്ള രണ്ട് ഫോണുകൾ, സുരാജിന്റെ കൈവശമുള്ള ഒരു ഫോൺ എന്നിവയാണ് മുദ്രവെച്ച കവറിൽ സമർപ്പിച്ചത്.
പൊലീസ് പറയുന്ന ഒന്നാം നമ്പർ ഫോൺ തന്റെ കൈവശമില്ലെന്നാണ് ദിലീപ് പറയുന്നത്. പട്ടികയിലെ 2,3,4 ഫോണുകളാണ് താരം കൈമാറിയത്. ആദ്യ ക്രമനമ്പറിൽ പറയുന്ന ഐഫോൺ പണ്ടുപയോഗിച്ചതോ അന്വേഷണ സംഘം പിടിച്ചെടുത്തതോ ആകാമെന്നാണ് ദിലീപിന്റെ വിശദീകരണം.
അതേസമയം, ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് പ്രോസിക്യൂഷൻ വ്യക്തമാക്കി. കോടതി ഉത്തരവ് മറയാക്കി തെളിവുകൾ നശിപ്പിച്ചുവെന്നും പ്രതികളുടേത് കുറ്റക്കാരാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള പെരുമാറ്റമാണെന്നും പ്രോസിക്യൂഷൻ വാദം ഉയർത്തി. മറ്റാർക്കും കിട്ടാത്ത ആനുകൂല്യമാണ് ദിലീപിന് കിട്ടുന്നത്. മുൻകൂർ ജാമ്യം പോയിട്ട് സ്വാഭാവിക ജാമ്യത്തിന് പോലും അർഹതയില്ല. അന്വേഷണം ഒരുപാട് മുന്നോട്ട് പോയി. ജാമ്യം നൽകുന്നത് തെറ്റായ കീഴ് വഴക്കമുണ്ടാക്കുമെന്നും ഫോൺ സൂക്ഷിക്കേണ്ട സ്ഥലം തീരുമാനിക്കുന്നത് പ്രതിയല്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം നാലാമത്തെ ഫോൺ അറിയില്ലെന്ന് പറഞ്ഞ ദിലീപ് ഇന്ന് കോടതിയിൽ പറഞ്ഞത് ഒന്നാമത്തെ ഫോൺ അറിയില്ല എന്നാണ്. പ്രതി കൂടെ കൂടെ മൊഴി മാറ്റി പറയുന്നുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു.ഗൂഢാലോചന സ്ഥിരീകരിക്കാനായി ശക്തമായ ഒരു തെളിവും അന്വേഷണസംഘത്തിന്റെ കൈയിൽ ഇല്ല. നടക്കുന്നത് മാദ്ധ്യമവിചാരണയാണ്. വീട്ടിലുള്ള എല്ലാ ഗാഡ്ജറ്റ്സും ഉദ്യോഗസ്ഥർക്ക് നൽകി. തന്റെ അമ്മയെ ഒഴിച്ച് എല്ലാവരെയും പ്രതികളുമാക്കി. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ തനിക്ക് വിശ്വാസമില്ലെന്നും സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്നും ദിലീപ് വാദിച്ചു.
ഫോണുകൾ ഉടനേ കിട്ടണമെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. ഫോണുകൾ അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കട്ടെയെന്നും അതിന് ശേഷം മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതല്ലേ ഉചിതമെന്നും കോടതി പറഞ്ഞു. തുടർന്നാണ് വ്യാഴാഴ്‌ച പരിഗണിക്കാനായി കോടതി കേസ് മാറ്റിയത്. എന്നാൽ, വ്യാഴാഴ്ച വരെ ഈ ഫോണുകൾ അന്വേഷണ സംഘത്തിന് കൈമാറരുതെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകർ വാദിച്ചത്. പക്ഷേ അന്വേഷണ സംഘത്തിന് ഇന്ന് തന്നെ വേണമെന്നായിരുന്നു പ്രോസിക്യൂഷന്റെ നിലപാട്. ആ തർക്കത്തിനൊടുവിലാണ് നാളെ കേസ് വീണ്ടും പരിഗണിക്കാൻ കോടതി തീരുമാനിച്ചത്. കേസിന്റെ മെറിറ്റിലേക്ക് ഇപ്പോൾ കടക്കുന്നില്ല എന്നും കോടതി പറഞ്ഞു.
