News
”ഇതാണോ കോണ്‍ഗ്രസ് സംസ്‌കാരം? ജോജു ജോര്‍ജിനെതിരെ നടന്ന ഹീനമായ അക്രമത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നു; സംവിധായകന്‍ എം പത്മകുമാര്‍
”ഇതാണോ കോണ്‍ഗ്രസ് സംസ്‌കാരം? ജോജു ജോര്‍ജിനെതിരെ നടന്ന ഹീനമായ അക്രമത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നു; സംവിധായകന്‍ എം പത്മകുമാര്‍
ജോജു ജോര്‍ജിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ അപലപിച്ച് സംവിധായകന്‍ എം പത്മകുമാര്‍. ജോജു ജോര്‍ജിനെതിരെ നടന്ന ഹീനമായ അക്രമത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
”ഇതാണോ കോണ്‍ഗ്രസ് സംസ്‌കാരം? ഇതാണോ സെമി കേഡര്‍ ? പെട്രോളിയം ഉല്‍പന്നങ്ങളുടെ വില കുറക്കാന്‍ യാത്രക്കാരുടെ വാഹനം തല്ലി പൊളിക്കുകയാണോ പരിഹാരം? എ.കെ. ആന്റണി അടക്കമുള്ള ഡല്‍ഹിയിലെ നേതാക്കള്‍ മൗനം ഭജിച്ച് വീട്ടിലിരിക്കുമ്പോള്‍ കൊച്ചിയിലെ വഴിയാത്രക്കാരെ ആക്രമിക്കുകയാണോ ഇവിടുത്തെ കോണ്‍ഗ്രസുകാരുടെ സമരമുറ? ജോജു ജോര്‍ജിനെതിരെ നടന്ന ഹീനമായ അക്രമത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നു, അപലപിക്കുന്നു” എന്നാണ് സംവിധായകന്റെ വാക്കുകള്‍.
ഇന്ധന വിലവർധനക്കെതിരായി കോണ്‍ഗ്രസിന്റെ വഴിതടയല്‍ സമരത്തിനെതിരെയായിരുന്നു നടന്‍ ജോജു ജോര്‍ജ് പൊട്ടിത്തെറിച്ചത്. സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന സമരമാണിത്. രണ്ട് മണിക്കൂറായി ആളുകൾ കഷ്ടപ്പെടുകയാണ്. സാധാരണക്കാരെ ബുദ്ധിമുട്ടിച്ചു കൊണ്ടുള്ള സമരം കൊണ്ട് എന്താണ് നേടുന്നതെന്നും ജോജു ചോദിച്ചു. പ്രതിഷേധത്തിന് പിന്നാലെ കോൺഗ്രസ് സമരം അവസാനിപ്പിച്ചു.
വൈറ്റിലയില്‍ ഗതാഗതം തടസ്സപ്പെടുത്തി ഉപരോധം സംഘടിപ്പിച്ചതിനെതിരെയാണ് ജോജു പരസ്യമായി പ്രതിഷേധിച്ചത്. എന്നാല്‍ പ്രതിഷേധിച്ചതിന് പിന്നാലെ ജോജുവിന്റെ വാഹനത്തിന്റെ ചില്ല് സമരക്കാര്‍ അടിച്ചു തകര്‍ത്തു.
വാഹനങ്ങള്‍ റോഡില്‍ പലയിടങ്ങളിലായി നിര്‍ത്തി താക്കോല്‍ ഊരി പുറത്തിറങ്ങുകയായിരുന്നു. ഇതോടെ വൈറ്റില മുതല്‍ ഇടപ്പള്ളി വരെ ഗതാഗതം തടസ്സപ്പെട്ടു. ഇതിനിടെയാണ് ഗതാഗതക്കുരുക്കില്‍ പെട്ട ജോജു പ്രതിഷേധവുമായി രംഗത്തെത്തിയത്.
വാഹനത്തില്‍ നിന്നിറങ്ങിയ ജോജു സമരക്കാരുടെ അടുത്തെത്തി രോഷാകുലനായി തന്റെ പ്രതിഷേധം അറിയിക്കുകയായിരുന്നു. ഇത് ചെറിയ രീതിയിലുള്ള വാക്കേറ്റത്തിനും ഇടയാക്കി. രണ്ട് മണിക്കൂറോളമായി ആളുകള്‍ കഷ്ടപ്പെടുകയാണെന്നും താന്‍ ഷോ കാണിക്കാന്‍ വന്നതല്ലെന്നും ജോജു മാധ്യമങ്ങളോട് പറഞ്ഞു.
