News
നയനും ഞാനും അച്ഛനും അമ്മയും ആയി, ഞങ്ങള്‍ക്ക് ഇരട്ടക്കുട്ടികള്‍ പിറന്നു; പൊന്നോമനകളുടെ ചിത്രം പങ്കുവെച്ച് വിഘ്നേഷ് ശിവന്
നയനും ഞാനും അച്ഛനും അമ്മയും ആയി, ഞങ്ങള്‍ക്ക് ഇരട്ടക്കുട്ടികള്‍ പിറന്നു; പൊന്നോമനകളുടെ ചിത്രം പങ്കുവെച്ച് വിഘ്നേഷ് ശിവന്
നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ സൂപ്പര്‍ നായികയാണ് നയന്‍താര. ജയറാം നായകനായി എത്തിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാറായി തിളങ്ങി നില്‍ക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ നയന്‍താര സജീവമല്ലെങ്കിലും വിഘ്നേഷ് വളരെ സജീവമാണ്. ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.
ഇപ്പോഴിതാ ആരാധകരെ ഞെട്ടിച്ച് പുതിയ വാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ് വിഘ്നേഷ്. നയന്‍താരയ്ക്കും വിഘ്നേഷ് ശിവനും ഇരട്ടക്കുട്ടികള്‍ പിറന്നു. വിഘ്നേഷ് ശിവന് തന്നെയാണ് ഈ സന്തോഷവാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്.
നയനും ഞാനും അച്ഛനും അമ്മയും ആയെന്നും ഞങ്ങള്‍ക്ക് രണ്ട് ഇരട്ടക്കുട്ടികള്‍ പിറന്നുവെന്നും പൊന്നോമനകളുടെ ചിത്രം പങ്കുവച്ച് വിഘ്നേഷ് കുറിച്ചു. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും എല്ലാവരുടെയും ആശീര്‍വാദം വേണമെന്നും വിഘ്നേഷ് കുറിച്ചു. ആണ്‍കുട്ടികളാണ് പിറന്നത്. നിരവധി പേരാണ് ഇതിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം വിവാഹ ശേഷം സിനിമകളിലുടെ തിരക്കുകളിലേക്ക് നീങ്ങിയ നയന്‍സ് ഇനി ഒരു ഇടവേള എടുക്കാന്‍ പോവുകയാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. അമ്മയാവാന്‍ ഒരുങ്ങുന്നതിന്റെ ഭാഗമായാണ് നടിയുടെ തീരുമാനമെന്നും പുതിയ സിനിമകള്‍ക്കൊന്നും നടി ഒപ്പു വെച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു. നേരത്തെ വാടക ഗര്‍ഭപാത്രത്തിലൂടെ നയനും വിഘ്നേശും കുഞ്ഞിനെ സ്വീകരിക്കാന്‍ പോവുകയാണെന്ന് റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഈ വിവരം വിഘ്നേഷ് അറിയിച്ചിരിക്കുന്നത്.
സംവിധായകനും നടനുമായ വിഘനേശ് ശിവനുമായി നയന്‍സ് ഏഴ് വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു. തുടര്‍ന്ന് ജൂണ്‍ ഒമ്പതിനാണ് ഇരുവരും വിവാഹിതരായത്. ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം. വിവാഹ ശേഷമുള്ള ഇരുവരുടെയും ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നയന്‍താര അഭിനയിച്ച നാനും റൗഡി താന്‍ എന്ന സിനിമയുടെ സംവിധായകന് ആയിരുന്നു ഇദ്ദേഹം. നയന്‍താരയെ സംബന്ധിച്ച് കരിയറില്‍ വലിയ ബ്രേക്ക് സമ്മാനിച്ച സിനിമ ആയിരുന്നു ഇത്.
മഹാബലിപുരത്ത് വെച്ച് ആഘോഷ പൂര്‍ണമായാണ് നയന്‍താരവിഘനേശ് ശിവന് വിവാഹം നടന്നത്. ബോളിവുഡിലേയും കോളിവുഡിലേയും നടീനടന്മാര് ഒഴുകിയെത്തിയിരുന്നു. സൂപ്പര്‍താരങ്ങളെ കൊണ്ടു നിറഞ്ഞു. പക്ഷേ മലയാളത്തിലെ സൂപ്പര്‍താരങ്ങളൊന്നും വിവാഹത്തിന് എത്തിയില്ല. മലയാളിയാണ് നയന്‍താര. അതുകൊണ്ടാണ് മലയാളി താരങ്ങളുടെ അസാന്നിധ്യം ചര്‍ച്ചയായതും. നയന്താരവിഘ്നേശ് ശിവന് വിവാഹത്തില്‍ പങ്കെടുക്കാന്‍ ദിലീപ് മാത്രമാണ് കൊച്ചിയില്‍ നിന്ന് എത്തിയത്. ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോര്‍ട്ടിലാണ് ഹൈന്ദവാചാരപ്രകാരമുള്ള ചടങ്ങുകള്‍.
ഷാരൂഖ് ഖാന്, രജനികാന്ത് അടക്കമുള്ള താരങ്ങള്‍ ചടങ്ങില്‍ എത്തിയിരുന്നു. മലയാളത്തില്‍ നയന്‍താരയുടെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് ദിലീപ്. സൂപ്പര്‍ഹിറ്റ് ചിത്രമായ ബോഡി ഗാര്‍ഡില്‍ ഇവര്‍ ഒന്നിച്ച് അഭിനയിച്ചിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ലൈഫ് ഓഫ് ജോസൂട്ടിയില്‍ അതിഥിവേഷത്തിലും നയന്‍താര എത്തുകയുണ്ടായി. ദിലീപുമായി അടുത്ത വ്യക്തിബന്ധം നയന്‍താരയ്ക്കുണ്ട്.
നയന്സ്വിക്കി താരവിവാഹം നെറ്റ്ഫ്ലിക്സില്‍ സ്ട്രീമിങ്ങിന് ഒരുങ്ങുകയാണ്. കല്യാണ വീഡിയോയുടെ ടീസര്‍ നെറ്റ്ഫ്ലിക്സ് പുറത്ത് വിട്ടിരുന്നു. 25 കോടി രൂപക്കാണ് സംപ്രേക്ഷണ അവകാശം നെറ്റ്ഫ്ലിക്സ് നേടിയിരിക്കുന്നത്. നയന്‍താര: ബിയോണ്ട് ദ് ഫെയറി ടെയില്‍ എന്ന പേരിലാണ് ഡോക്യുമെന്ററി എത്തുക. നയന്‍താര വിഘ്നേഷ് വിവാഹം മാത്രമല്ല, മറിച്ച് വിവാഹത്തിലേക്ക് എത്തിച്ച അവര്‍ക്കിടയിലെ ബന്ധവും ഇരുവരുടെയും സ്വകാര്യ ജീവിതവുമൊക്കെ ചേര്‍ന്നതാവും ഡോക്യുമെന്ററി. വിഘ്നേഷിന്റെയും നയന്‍താരയുടെയും നിര്‍മ്മാണ കമ്പനിയായ റൌഡി പിക്ചേഴ്സ് നിര്‍മ്മിച്ചിരിക്കുന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് ഗൗതം വസുദേവ് മേനോന് ആണ്.
37 കാരിയായ നയന്‍താര നിലവില്‍ സിനിമകളുടെ തിരക്കിലാണ്. ഷാരൂഖ് ഖാനൊപ്പം എത്തുന്ന ജവാന്, മലയാളത്തില്‍ പൃഥിരാജിനൊപ്പം എത്തുന്ന ഗോള്‍ഡ് എന്നീ സിനിമകളാണ് റിലീസ് ചെയ്യാനിരിക്കുന്നത്. തെലുങ്കില്‍ റിലീസ് ചെയ്ത ഗോഡ്ഫാദര് ആണ് നയന്‍താരയുടെ ഏറ്റവും പുതിയ സിനിമ. മലയാള ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ആണിത്. ലൂസിഫറില്‍ മഞ്ജു വാര്യര്‍ ചെയ്ത വേഷമാണ് തെലുങ്കില്‍ നയന്‍താര ചെയ്യുന്നത്. വന്‍ ഹിറ്റിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് സിനിമ.
