News
വെറും മൂന്ന് സെക്കൻഡ് ദൃശ്യങ്ങൾക്ക് 10 കോടി നഷ്ടപരിഹാരം; ഇത് ഞങ്ങളോടുള്ള വ്യക്തിപരമായ വിദ്വേഷം തീർക്കാൻ; ധനുഷിനെതിരെ നയൻതാര
വെറും മൂന്ന് സെക്കൻഡ് ദൃശ്യങ്ങൾക്ക് 10 കോടി നഷ്ടപരിഹാരം; ഇത് ഞങ്ങളോടുള്ള വ്യക്തിപരമായ വിദ്വേഷം തീർക്കാൻ; ധനുഷിനെതിരെ നയൻതാര
നെറ്റ്ഫ്‌ലിക്‌സിൽ റിലീസ് ചെയ്യാനിരിക്കുന്ന നയൻതാരയുടെയും വിഘ്‌നേശ് ശിവന്റെയും വിവാഹ ഡോക്യുമെന്ററിയുടെ ട്രെയ്‌ലറിൽ ‘നാനും റൗഡി താൻ’ സിനിമയുടെ ബിടിഎസ് ദൃശ്യങ്ങൾ ഉപയോഗിച്ചെന്ന് കാട്ടി ധനുഷ് നയൻതാരയ്ക്ക് പത്ത് കോടിയുടെ കോപ്പിറൈറ്റ് നോട്ടീസ് അയച്ചിരുന്നു.
ഇപ്പോഴിതാ ഇതിന് പിന്നാലെ നടനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നയൻതാര. ധനുഷിനെ നേരിട്ട് അഭിസംബോധന ചെയ്തുകൊണ്ടാണ് നയൻതാര തന്റെ സോഷ്യൽ മീഡിയ പേജിൽ മൂന്ന് പേജോളമുള്ള തുറന്ന കത്ത് പങ്കുവെച്ചത്. വെറും മൂന്ന് സെക്കൻഡ് ദൃശ്യങ്ങൾക്ക് 10 കോടി നഷ്ടപരിഹാരമാണ് ധനുഷ് ആവശ്യപ്പെട്ടത്.
നയൻതാരയുടെ കത്ത് ഇങ്ങനെയായിരുന്നു;
പ്രിയപ്പെട്ട ധനുഷ് കെ രാജ,
S/o കസ്തൂരി രാജ, B/o സെൽവരാഘവൻ
നിരവധി തെറ്റായ കാര്യങ്ങൾ ശരിയാക്കാൻ വേണ്ടിയുള്ള ഒരു തുറന്ന കത്ത് ആണിത്.
നിങ്ങളുടെ അച്ഛന്റെയും മികച്ച സംവിധായകനായ സഹോദരന്റെയും പിന്തുണയും അനുഗ്രഹവുമുള്ള താങ്കളെപ്പോലുള്ള ഒരു നല്ല നടൻ, ഇത് വായിച്ച് മനസിലാക്കുമെന്ന് കരുതുന്നു. സിനിമ എന്നത് എന്നെ പോലുള്ളവരുടെ നിലനിൽപ്പിനായുള്ള പോരാട്ടമാണ്. ഈ വ്യവസായത്തിൽ യാതൊരു ബന്ധവുമില്ലാത്ത സെൽഫ് മെയ്ഡായ സ്ത്രീയാണ് ഞാൻ, ഇന്ന് കാണുന്ന ഈ സ്ഥാനത്തേയ്ക്ക് എത്താൻ ഏറെ പാടുപെടേണ്ടി വന്ന ഒരാൾ. എന്നെ അറിയുന്നവരെ സംബന്ധിച്ച് ഇതൊരു രഹസ്യമല്ല.
എന്റെ നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററിയുടെ റിലീസ് ഞാൻ മാത്രമല്ല, എന്റെ നിരവധി ആരാധകരും പ്രിയപ്പെട്ടവരും ഏറെ കാത്തിരുന്നു. ഞങ്ങൾക്ക് നേരിട്ട എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് പ്രോജക്റ്റ് കൊണ്ടുപോവാൻ സിനിമാ സുഹൃത്തുക്കളും മുഴുവൻ ടീമും വേണ്ടി വന്നു. സിനിമയ്ക്കെതിരെയും, എന്നോടും എന്റെ പങ്കാളിയോടും നിങ്ങൾ തീർക്കുന്ന ഈ പ്രതികാര നടപടി ഞങ്ങളെ മാത്രമല്ല, ഈ പ്രോജക്റ്റിനായി
പരിശ്രമവും സമയവും നൽകിയ ആളുകളെയുംകൂടിയാണ് ബാധിക്കുന്നത്.
എന്നെയും എന്റെ ജീവിതത്തെയും എന്റെ പ്രണയത്തെയും വിവാഹത്തെയും കുറിച്ചുള്ള ഈ നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററിയിൽ ഇൻഡസ്ട്രിയിലെ പലരുടെയും ക്ലിപ്പുകളും ഒന്നിലധികം സിനിമകളിൽ നിന്നുള്ള ഓർമ്മകളും ഉൾപ്പെടുന്നു. എന്നാൽ ഏറ്റവും സവിശേഷവും പ്രധാനപ്പെട്ടതുമായ ചിത്രമായ നാനും റൗഡി താൻ ഉൾപ്പെടുത്തിയിട്ടില്ല.
ഞങ്ങളുടെ നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററിയുടെ റിലീസിനായി നിങ്ങളുടെ എൻഒസി കിട്ടാനായി കാത്തിരുന്നത് നീണ്ട രണ്ട് വർഷങ്ങളാണ്. നിങ്ങളത് അനുവദിക്കാൻ വിസമ്മതിച്ചു. നാനും റൗഡി താനിലെ പാട്ടുകളോ വിഷ്വൽ കട്ടുകളോ, ഫോട്ടോഗ്രാഫുകളോ ഉപയോഗിക്കാൻ ഒന്നിലധികം തവണ അഭ്യർത്ഥിച്ചിട്ടും നിങ്ങൾ അനുവദിച്ചില്ല.
ആയതിനാൽ നിലവിലെ പതിപ്പ് ഉപേക്ഷിക്കാനും വീണ്ടും എഡിറ്റ് ചെയ്യാനും പ്രശ്നം പരിഹരിക്കാനുമാണ് ഞങ്ങൾ തീരുമാനിച്ചത്. നാനും റൗഡി താനിലെ ഗാനങ്ങൾ ഞങ്ങളെ സംബന്ധിച്ച് വിലമതിക്കപ്പെടുന്ന ഒന്നാണ്. കാരണം ആ വരികൾ വന്നത് യഥാർത്ഥ വികാരങ്ങളിൽ നിന്നാണ്. ഞങ്ങളുടെ ഡോക്യുമെന്ററിയിൽ ഞങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ഇതിലും മികച്ച പാട്ടുകൾ ഇല്ലെന്നറിഞ്ഞുകൊണ്ട് തന്നെ, നിങ്ങളതിന് വിസമ്മതിച്ചത് ഏറെ ഹൃദയഭേദകമായിരുന്നു.
ബിസിനസ് നിർബന്ധങ്ങളാലോ പണസംബന്ധമായോ പ്രശ്‌നങ്ങളോ ആണ് നിങ്ങളുടെ പ്രശ്‌നമെങ്കിൽ അതു മനസിലാക്കാം. പക്ഷേ ഇവിടെ അങ്ങനെയല്ല. ഞങ്ങളോടുള്ള വ്യക്തിപരമായ വിദ്വേഷം തീർക്കാൻ വേണ്ടി മാത്രമുള്ളതാണ് താങ്കളുടെ ഈ തീരുമാനം. നിങ്ങൾ ഇത്രയും കാലം മനപ്പൂർവ്വം മൗനം പാലിക്കുകയായിരുന്നു എന്നറിയുന്നത് വേദനാജനകമാണ്.
നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററിയുടെ ട്രെയ്‌ലർ പുറത്തിറങ്ങിയതിന് ശേഷം ലഭിച്ച നിങ്ങളുടെ വക്കീൽ നോട്ടീസ് അതിലും ഞെട്ടിപ്പിക്കുന്നതാണ്. ഞങ്ങളുടെ മൊബൈൽ ഫോണുകൾ, തുടങ്ങി മറ്റ് സ്വകാര്യ ഉകരണങ്ങളിലും മറ്റും ചിത്രീകരിച്ച ചില വീഡിയോകളുടെ, അതും വെറും 3 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ഉപയോഗിച്ചതിനെ നിങ്ങൾ ചോദ്യം ചെയ്തത് കണ്ട് ഞെട്ടിപ്പോയി.
അതും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഇതിനോടകം തന്നെ പരസ്യമായി പ്രത്യക്ഷപ്പെട്ട ബിടിഎസ് ദൃശ്യങ്ങൾക്കും മറ്റും 10 കോടി രൂപ നിങ്ങൾ ക്ലെയിം ചെയ്തു! കേവലം 3 സെക്കൻഡിനുള്ള നഷ്ടപരിഹാരമായി കോടികൾ. ഇത് വളരെ മോശമായി പോയി. ഇത് നിങ്ങളുടെ സ്വഭാവമാണ് തുറന്ന് കാട്ടുന്നത്. ഓഡിയോ ലോഞ്ചുകളിൽ ചിത്രീകരിക്കപ്പെടുന്ന നിങ്ങളുടെ പകുതിയെങ്കിലും നന്മ നിങ്ങൾ കാണിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ച് പോകുന്നു.
പക്ഷേ നിങ്ങൾ പ്രസംഗിക്കുന്നത് നിങ്ങൾ ചെയ്യുന്നില്ല, കുറഞ്ഞത് എന്റെയും എന്റെ പാർടനറിന്റെയും കാര്യത്തിൽ എങ്കിലും… ഒരു നിർമ്മാതാവ് സെറ്റിലെ എല്ലാ വ്യക്തികളുടെയും ജീവിതത്തെയും സ്വാതന്ത്ര്യത്തെയും നിയന്ത്രിക്കുന്ന ഒരു ചക്രവർത്തിയാകുമോ? ചക്രവർത്തിയുടെ നിർദ്ദേശത്തിൽ നിന്നുള്ള എന്തെങ്കിലും വ്യതിയാനം നിയമപരമായ പ്രത്യാഘാതങ്ങളെ നേരിടേണ്ടി വരുമോ?
നിങ്ങളുടെ നിയമപരമായ അറിയിപ്പ് എനിക്ക് ലഭിച്ചു, നിയമാനുസൃതമായ മാർഗങ്ങളിലൂടെ ഞങ്ങൾ അതിനോട് ഉചിതമായി പ്രതികരിക്കും. ഞങ്ങളുടെ നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററിയ്ക്ക് വേണ്ടി നാനും റൗഡി താനുമായി ബന്ധപ്പെട്ട എലമെന്റുകൾ ഉപയോഗിക്കുന്നതിന് എൻഒസി നൽകാനുള്ള നിങ്ങളുടെ വിസമ്മതം പകർപ്പവകാശവുമായി ബന്ധപ്പെട്ടു നിങ്ങൾക്ക് കോടതിയിൽ ന്യായീകരിക്കാനായേക്കാം.
എന്നാൽ അതിലൊരു ധാർമ്മിക വശമുണ്ടെന്ന് ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നു. അത് ദൈവത്തിന്റെ കോടതിയിൽ മറുപടി പറയേണ്ടി വരും. സിനിമ പുറത്തിറങ്ങി ഏകദേശം 10 വർഷമായി, ലോകത്തിന് മുന്നിൽ മുഖംമൂടി ധരിച്ച് ഒരാൾ ഇപ്പോഴും നീചമായി തുടരാൻ തുടങ്ങിയിട്ട് വളരെക്കാലമായി.
ഒരു നിർമ്മാതാവ് എന്ന നിലയിൽ നിങ്ങളുടെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി ആ ചിത്രം മാറി, ഇന്നും എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു സിനിമയായി മാറിയിട്ടും നിങ്ങൾ ആ സിനിമയെ കുറിച്ചു പറഞ്ഞ ചില ഭയാനകമായ കാര്യങ്ങൾ ഞാൻ ഇന്നും മറന്നിട്ടില്ല. റിലീസിന് മുമ്പായി നിങ്ങൾ പറഞ്ഞ വാക്കുകൾ ഇതിനകം ഞങ്ങൾക്ക് ഉണങ്ങാത്ത മുറിവുകൾ ഉണ്ടാക്കിയിട്ടുണ്ട്.
സിനിമ ബ്ലോക്ക്ബസ്റ്റർ ആയത് നിങ്ങളുടെ ഈഗോയെ വല്ലാതെ വേദനിപ്പിച്ചതായി എന്റെ ഫിലിം സർക്കിളുകളിൽ നിന്ന് ഞാൻ മനസിലാക്കിയിട്ടുണ്ട്. ഈ സിനിമയുമായി ബന്ധപ്പെട്ട അവാർഡ് ഫങ്ഷനുകളിൽ, അതായത് ഫിലിംഫെയർ 2016ൽ അതിന്റെ വിജയത്തെ കുറിച്ചുള്ള നിങ്ങളുടെ അതൃപ്തി സാധാരണക്കാർക്ക് പോലും വ്യക്തമായി മനസിലാക്കാനാവും- എന്നാണ് നയൻതാര പറയുന്നത്.
