Bollywood
പതിറ്റാണ്ടുകള്‍ക്കിപ്പുറം ശ്രീനഗറിലെ തിയേറ്ററുകള്‍ ഹൗസ്ഫുള്‍ ആയി; പത്താനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
പതിറ്റാണ്ടുകള്‍ക്കിപ്പുറം ശ്രീനഗറിലെ തിയേറ്ററുകള്‍ ഹൗസ്ഫുള്‍ ആയി; പത്താനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പിന്നാലെ തിയേറ്ററിലെത്തിയ ഷാരൂഖ് ഖാന്‍ ചിത്രമായിരുന്നു പത്താന്‍. ഇപ്പോഴിതാ പത്താനെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വാക്കുകളണ് ശ്രദ്ധ നേടുന്നത്. ശ്രീനഗറിലെ ഐനോക്‌സ് റാം മുന്‍ഷി ബാഗില്‍ നടന്ന പഠാന്റെ ഹൗസ്ഫുള്‍ ഷോകളെ അഭിനന്ദിച്ച് കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.
പതിറ്റാണ്ടുകള്‍ക്കിപ്പുറം ശ്രീനഗറിലെ തിയേറ്ററുകള്‍ ഹൗസ്ഫുള്‍ ആയി എന്ന് മോദി പറഞ്ഞു. കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രശംസ. പത്താനെതിരെ നടന്ന ബഹിഷ്‌കരണാഹ്വാനങ്ങളിലും പ്രതിഷേധങ്ങളിലും പ്രതികരണവുമായി നേരത്തെ പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നു.
ബോളിവുഡിനെക്കുറിച്ചും ബോളിവുഡ് താരങ്ങളെക്കുറിച്ചും അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തരുതെന്നായിരുന്നു അന്ന് നരേന്ദ്ര മോദി പറഞ്ഞത്. അതേസമയം, ഹിന്ദി സിനിമ ചരിത്രത്തില്‍ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രമെന്ന ഖ്യാതിയും പഠാന്‍ സ്വന്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം വരെയുള്ള കണക്ക് പ്രകാരം 865 കോടിയാണ് ലോകമെമ്പാടുമായി പത്താന്‍ നേടിയിരിക്കുന്നത്.
ജനുവരി 25ന് റിലീസ് ചെയ്ത ചിത്രം സംവിധാനം ചെയ്തത് സിദ്ധാര്‍ത്ഥ് ആനന്ദ് ആണ്. യാഷ് രാജ് ഫിലിംസിന്റെ സ്‌പൈ യൂണിവേഴ്‌സിന്റെ ഭാഗമായ ചിത്രം ഒരു ആക്ഷന്‍ ത്രില്ലറാണ്. ദീപിക പദുകോണ്‍ നായികയായ ചിത്രത്തില്‍ ജോണ്‍ എബ്രഹാം പ്രതിനായക വേഷത്തില്‍ എത്തിയിരുന്നു.
ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിനു വേണ്ടി ഷാരൂഖ് ഏറെ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. സല്‍മാന്‍ ഖാന്റെ അതിഥിവേഷവും ചിത്രത്തിന്റെ പ്രധാന്യം വര്‍ദ്ധിപ്പിച്ചിരുന്നു. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് പതിപ്പുകളിലും പത്താന്‍ തിയേറ്ററുകളിലെത്തി.