News
നന്‍പകല്‍ നേരത്ത് മയക്കം; ‘അല്‍പ്പം കൂടി കാത്തിരിക്കൂ’…, സന്തോഷ വാര്‍ത്തയുമായി മമ്മൂട്ടി കമ്പനി
നന്‍പകല്‍ നേരത്ത് മയക്കം; ‘അല്‍പ്പം കൂടി കാത്തിരിക്കൂ’…, സന്തോഷ വാര്‍ത്തയുമായി മമ്മൂട്ടി കമ്പനി
പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ ഇടംപിടിച്ച ചിത്രമാണ് മമ്മൂട്ടിയുടെ നന്‍പകല്‍ നേരത്ത് മയക്കം. രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന്റെ റിലീസിനെ കുറിച്ചുള്ള സൂചന നല്‍കിയിരിക്കുകയാണ് മമ്മൂട്ടി കമ്പനി. സോഷ്യല്‍ മീഡിയ പേജിലൂടെയാണ് സിനിമയുടെ തിയറ്റര്‍ റിലീസിനെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്.
‘അല്‍പ്പം കൂടി കാത്തിരിക്കൂ, ഒരു ഉച്ചതിരിഞ്ഞ് സ്വപ്നം പോലെ, അവന് നിങ്ങളുടെ മനസ് കവര്‍ന്നെടുക്കാന്‍ വരുന്നു’ സിനിമയുടെ പോസ്റ്ററിനോടൊപ്പം ഫേസ്ബുക്കില്‍ കുറിച്ചു.
തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയില്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത’നന്‍പകല്‍ നേരത്ത് മയക്കം’ പ്രദര്‍ശനത്തിനെത്തിയിരുന്നു. എന്നാല്‍ വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമേ സിനിമ കാണാന്‍ കഴിഞ്ഞിരുന്നുളളൂ. ഇതിനെ ചൊല്ലി മേളയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.
ചിത്രത്തിന്റെ പ്രദര്‍ശനത്തെ കുറിച്ചുളള ചര്‍ച്ചകള്‍ പ്രേക്ഷകരുടെ ഇടയില്‍ തകൃതിയായി നടക്കുമ്പോഴാണ് തിയറ്റര്‍ റിലീസിനെ കുറിച്ചുള്ള സൂചന നല്കി കൊണ്ട് മെഗാസ്റ്റാറും അണിയറപ്രവര്‍ത്തകരും എത്തിയത്. മമ്മൂട്ടിയുടെ സിനിമ നിര്‍മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയും ലിജോ ജോസ് പെല്ലിശ്ശേരിയുടെ അമേന്‍ മൂവി മൊണാസ്ട്രിയും ചേര്‍ന്നാണ് നന്‍പകല്‍ നേരത്ത് മയക്കം നിര്‍മിച്ചിരിക്കുന്നത്.
എസ് ഹരീഷാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. തേനി ഈശ്വറാണ് കാമറ. മമ്മൂട്ടിക്കൊപ്പം രമ്യ പാണ്ഡ്യന്, കൈനകരി തങ്കരാജ്, ടി. സുരേഷ് ബാബു, രാജേഷ് ശര്‍മ, അശോകന് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
