Malayalam
മെനക്കേടില്ലാതെ ഒരുകോടി നേടാം, 32000 പേരെ മതം മാറ്റിയതിന് തെളിവ് കൊണ്ടുവരുന്നവര്‍ക്ക് ഒരുകോടി രൂപ ഇനാം പ്രഖ്യാപിച്ച് മുസ്ലിം യൂത്ത് ലീഗ്
മെനക്കേടില്ലാതെ ഒരുകോടി നേടാം, 32000 പേരെ മതം മാറ്റിയതിന് തെളിവ് കൊണ്ടുവരുന്നവര്‍ക്ക് ഒരുകോടി രൂപ ഇനാം പ്രഖ്യാപിച്ച് മുസ്ലിം യൂത്ത് ലീഗ്
വിവാദമായ കേരള സ്റ്റോറിയ്ക്കെതിരെ വിവിധ ഭാഗങ്ങളില്‍ നിന്ന് വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് ഉയര്‍ന്നു വരുന്നത്. ഇപ്പോഴിതാ മതം മാറി 32000 പേര് സിറിയയിലേക്ക് പോയെന്ന കേരളത്തിനെതിരെയുള്ള പ്രചരണത്തില്‍ തെളിവ് സമര്‍പ്പിക്കുന്നവര്‍ക്ക് ഒരു കോടി ഇനാം പ്രഖ്യാപിച്ചിരിക്കുകയാണ് മുസ്ലിം യൂത്ത് ലീഗ്.
രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി നുണകള്‍ മാത്രം പറയുന്ന സംഘപരിവാര്‍ ഫാക്ടറിയിലെ ഏറ്റവും വലിയ നുണകളില്‍ ഒന്നാണ് ‘ലൗ ജിഹാദ്’ വഴി മതം മാറ്റി സിറിയയിലേയ്ക്ക് കടത്തി എന്ന ആരോപണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് അറിയിച്ചു. മുസ്ലിം യൂത്ത് ലീഗിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രഖ്യാപനം.
‘തെളിവ് കൊണ്ടുവരുന്നവര്‍ക്ക് ഒരുകോടി രൂപ മുസ്ലിം യൂത്ത് ലീഗ് ഇനാം നല്‍കുമെന്ന് പ്രഖ്യാപിക്കുകയാണ്. അങ്ങനെ തെളിവുകള്‍ കയ്യിലുള്ള ആര്‍ക്കും മുസ്ലിം യൂത്ത് ലീഗിന്റെ ജില്ലാ കേന്ദ്രങ്ങളിലെ കൗണ്ടറില്‍ സമര്‍പ്പിച്ച് മെനക്കേടില്ലാതെ ഒരുകോടി നേടാവുന്നതാണ്’, എന്നും കുറിപ്പില്‍ പറയുന്നു.
കേരളത്തില്‍ 32000 പേരെ ഇതിനകം മതംമാറ്റിയെന്ന ആധികാരിക കണക്കുകള്‍ കയ്യിലുണ്ടെന്ന വാദത്തോടെ സംഘപരിവാര്‍ സ്പോണ്‍സേര്‍ഡ് സിനിമയായ ‘ദി കേരളാ സ്റ്റോറി’പറയുമ്പോള്‍ ഒരു പഞ്ചായത്തില്‍ ശരാശരി 30 പേരെങ്കിലും ഉണ്ടാവേണ്ടതാണ്. പക്ഷേ ഒരാളുടെയെങ്കിലും അഡ്രസ് ചോദിക്കുമ്പോള്‍ ഒന്നും കേള്‍ക്കാത്ത പോലെ തലതാഴ്ത്തി ഇരിപ്പാണെന്നും യൂത്ത് ലീഗ് പരിഹസിച്ചു.
അതേസമയം, ഈ സിനിമ സംഘപരിവാര്‍ നുണ ഫാക്ടറിയുടെ ഉല്‍പ്പന്നമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിരുന്നു. കേരളത്തില്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നേട്ടമുണ്ടാക്കാന്‍ സംഘപരിവാര്‍ നടത്തുന്ന വിവിധ ശ്രമങ്ങളുടെ ഭാഗമാണിത്. ആവിഷ്കാര സ്വാതന്ത്ര്യം ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ലൈസന്‍സ് അല്ലെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.
‘വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടും കേരളത്തിനെതിരെ വിദ്വേഷ പ്രചാരണം ലാക്കാക്കിയും ആസൂത്രിതമായി നിര്‍മ്മിച്ചത് എന്ന് ഒറ്റനോട്ടത്തില്‍ തോന്നുന്ന ‘കേരള സ്റ്റോറി’ എന്ന ഹിന്ദി സിനിമയുടെ ട്രെയിലര്‍ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. മതനിരപേക്ഷതയുടെ ഭൂമികയായ കേരളത്തെ മതതീവ്രവാദത്തിന്റെ കേന്ദ്രസ്ഥാനമായി പ്രതിഷ്ഠിക്കുക വഴി സംഘ്പരിവാര്‍ പ്രൊപ്പഗാണ്ടകളെ ഏറ്റുപിടിക്കുകയാണ് ഈ സിനിമ ചെയ്യുന്നതെന്നാണ് ട്രെയിലറില്‍ നിന്നും ലഭിക്കുന്ന സൂചന.
കേരളത്തില്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നേട്ടമുണ്ടാക്കാന്‍ സംഘ്പരിവാര്‍ നടത്തുന്ന വിവിധ ശ്രമങ്ങളുടെ പശ്ചാത്തലത്തില്‍ വേണം പ്രൊപ്പഗാണ്ട സിനിമകളെയും അതിലെ മുസ്ലിം അപരവല്‍ക്കരണത്തേയും കാണാന്‍. അന്വേഷണ ഏജന്‍സികളും കോടതിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വരെ തള്ളിക്കളഞ്ഞ ‘ലവ് ജിഹാദ്’ ആരോപണങ്ങളെ പ്രമേയമാക്കിയത് ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്.
ലവ് ജിഹാദ് എന്ന ഒന്നില്ല എന്നാണ് അന്നത്തെ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും ഇപ്പോഴും കേന്ദ്ര മന്ത്രിയുമായ ജി കിഷന് റെഡ്ഢി പാര്‍ലമെന്റില്‍ മറുപടി നല്‍കിയത്. എന്നിട്ടും സിനിമയില്‍ ഈ വ്യാജ ആരോപണത്തെ മുഖ്യകഥാപരിസരമാക്കി മാറ്റുന്നത് കേരളത്തെ ലോകത്തിന് മുന്നില്‍ അവഹേളിച്ചു കാണിക്കാനുള്ള വ്യഗ്രത കൊണ്ടുമാത്രമാണ്.
കേരളത്തിലെ മത സൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കാനും വര്‍ഗീയതയുടെ വിഷവിത്തുകള്‍ വിതയ്ക്കാനുമാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നത്. മറ്റിടങ്ങളിലെ പരിവാര്‍ രാഷ്ട്രീയം കേരളത്തില്‍ ഫലിക്കുന്നില്ല എന്നുകണ്ടാണ് വ്യാജകഥകളിലൂന്നിയ സിനിമ വഴി വിഭജനരാഷ്ട്രീയം പയറ്റാന്‍ ശ്രമിക്കുന്നത്. ഒരു വസ്തുതയുടെയും തെളിവിന്റെയും പിന്‍ബലത്തിലല്ല സംഘ്പരിവാര്‍ ഇത്തരം കെട്ടുകഥകള്‍ ചമയ്ക്കുന്നത്.
കേരളത്തിലെ 32,000 സ്ത്രീകളെ മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗങ്ങളാക്കിയെന്ന പച്ചക്കള്ളമാണ് സിനിമയുടെ ട്രെയിലറില്‍ കാണാന്‍ കഴിഞ്ഞത്. സംഘത്തിന്റെ നുണ ഫാക്ടറിയുടെ ഉല്പന്നമാണ് ഈ വ്യാജ കഥ. നാട്ടില്‍ വിഭാഗീയതയും ഭിന്നിപ്പുമുണ്ടാക്കാന്‍ മാത്രം സിനിമയെ ഉപയോഗിക്കുന്നവരെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കള്ളിയില്‍ പെടുത്തി ന്യായീകരിക്കുന്നതും ശരിയല്ല.
ആവിഷ്കാര സ്വാതന്ത്ര്യം എന്നത് ഈ നാടിനെ വര്‍ഗ്ഗീയവല്‍ക്കരിക്കാനും നുണകള്‍ പടച്ചുവിടാനും ജനങ്ങളെ ഭിന്നിപ്പിക്കാനുമുള്ള ലൈസന്‍സല്ല. വര്‍ഗീയ വിഭാഗീയ നീക്കങ്ങളെ മലയാളികള്‍ ഒന്നടങ്കം തള്ളിക്കളയണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. വ്യാജ പ്രചാരണങ്ങളിലൂടെ സമൂഹത്തില്‍ അശാന്തി പരത്താനുള്ള വര്‍ഗീയ ശ്രമങ്ങള്‍ക്കെതിരെ എല്ലാവരുടെയും ജാഗ്രത ഉണ്ടാകണം. സമൂഹവിരുദ്ധ നീക്കങ്ങള്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കും’, എന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.
