News
മുസ്ലിം ലീഗ് അംഗത്വം നേടിയവരില്‍ ഷാരൂഖ് ഖാനും ആസിഫ് അലിയും മിയ ഖലീഫയും; അമ്പരന്ന് നേതാക്കള്‍
മുസ്ലിം ലീഗ് അംഗത്വം നേടിയവരില്‍ ഷാരൂഖ് ഖാനും ആസിഫ് അലിയും മിയ ഖലീഫയും; അമ്പരന്ന് നേതാക്കള്‍
ഓണ്‍ലൈന്‍ വഴി മുസ്ലിം ലീഗ് അംഗത്വം നേടിയവരില്‍ ഷാരൂഖ് ഖാന്, മമ്മൂട്ടി, ആസിഫ് അലി, മിയ ഖലീഫ തുടങ്ങിയവര്‍. തിരുവനന്തപുരം നേമം മണ്ഡലത്തിലെ കളിപ്പാന്‍കുളം വാര്‍ഡില്‍ നിന്നാണ് ഇവര്‍ പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിച്ചത്. ഇക്കഴിഞ്ഞ 31ന് ആണ് കേരളത്തിലെ ലീഗിന്റെ പാര്‍ട്ടി അംഗത്വ വിതരണം അവസാനിച്ചത്.
വീടുകള്‍ തോറും കയറിയിറങ്ങി പാര്‍ട്ടി അംഗത്വം എടുക്കാനാണ് നേതൃത്വം നിര്‍ദ്ദേശിച്ചത്. ഇങ്ങനെ അംഗങ്ങളാകുന്നവരുടെ പേരും ആധാര്‍ നമ്പരും തിരിച്ചറിയല്‍ കാര്‍ഡ് നമ്പരും ഫോണ്‍ നമ്പരും അപലോഡ് ചെയ്യണം. ഇതിന് എല്ലാമായി ഓരോ വാര്‍ഡിനും ഓരോ പാസ്വേര്ഡും നല്‍കിയിരുന്നു. പിന്നീട് ഇത് തുറന്നു പരിശോധിക്കാന്‍ കോഴിക്കോട്ടുള്ള ഐ ടി കോര്‍ഡിനേറ്റര്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂ.
ഇങ്ങനെ ഓണ്‍ലൈന്‍ വഴി അംഗത്വം എടുത്തവരുടെ പട്ടിക പരിശോധിച്ചപ്പോഴാണ് പാര്‍ട്ടി നേതൃത്വം ഒന്നടങ്കം ഞെട്ടിയത്. പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് സാധാരണയായി അംഗത്വ വിതരണം നടത്തിയത്. എന്നാല്‍ ആള്‍ബലമില്ലാത്ത സ്ഥലത്ത് കമ്പ്യൂട്ടര്‍ സെന്ററുകളില്‍ ഏല്പ്പിച്ചവരുമുണ്ടെന്ന് ചില നേതാക്കള്‍ ആരോപിക്കുന്നുണ്ട്. അങ്ങനെയുള്ളവരില്‍ നിന്ന് സംഭവിച്ച പിഴവാണിതെന്നാണ് നേതൃത്വം കരുതുന്നത്. വട്ടിയൂര്‍ക്കാവ്, പാളയം തുടങ്ങിയ സ്ഥലങ്ങളിലും അംഗത്വവിതരണത്തില് ക്രമക്കേട് നടന്നതായി ആക്ഷേപമുണ്ട്.
ഡിസംബര്‍ 31ന് പാര്‍ട്ടി അംഗത്വം പൂര്‍ത്തിയായപ്പോള്‍ തലസ്ഥാനത്ത് 59,551 ആണ് പാര്‍ട്ടി അംഗങ്ങള്‍. സംസ്ഥാനത്ത് ലീഗിന്റെ അംഗ സംഖ്യ 24.33 ലക്ഷം ആയെന്നാണ് പുറത്തുവരുന്ന കണക്ക്. 2016നേക്കാള്‍ 2.33 ലക്ഷം അംഗങ്ങളുടെ വര്‍ദ്ധനയാണ്. അംഗങ്ങളില്‍ പകുതിയില്‍ ഏറെയും സ്ത്രീകളാണെന്നാണ് നേതാക്കള്‍ അവകാശപ്പെടുന്നത്.
സംഭവം ശ്രദ്ധയില്‍പ്പെട്ടെന്നും അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും തിരുവനന്തപുരം ജില്ലാ റിട്ടേണിംഗ് ഓഫിസറുമായ സി പി ബാവ ഹാജി പറഞ്ഞു. വട്ടിയൂര്‍ കാവ്, പാളയം എന്നീ സ്ഥലങ്ങളില്‍ അംഗത്വ വിതരണത്തില്‍ ക്രമക്കേട് നടന്നതായാണ് ഒരു വിഭാഗം പറയുന്നത്.
