Actor
സി.പി.എമ്മിന്റെ എം.എൽ.എ. ആയതിനാൽ കേറിയിറങ്ങി എന്തുംപറയാമെന്നാണ്, ആ യുവതിയെ ഇതുവരെ കണ്ടിട്ടുപോലുമില്ല; മുകേഷിന്റെ വീട്ടിലേയ്ക്ക് പ്രതിഷേധ മാർച്ച്
സി.പി.എമ്മിന്റെ എം.എൽ.എ. ആയതിനാൽ കേറിയിറങ്ങി എന്തുംപറയാമെന്നാണ്, ആ യുവതിയെ ഇതുവരെ കണ്ടിട്ടുപോലുമില്ല; മുകേഷിന്റെ വീട്ടിലേയ്ക്ക് പ്രതിഷേധ മാർച്ച്
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയതോടെ വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ നിരവധി പേരാണ് തങ്ങളുടെ ദുരനുഭവങ്ങളെ കുറിച്ച് പറഞ്ഞ് രംഗത്തെത്തുന്നത്. നടനും എംഎൽഎയുമായ മുകേഷിനെതിരെ വീണ്ടും ലൈംഗി കാരോപണവുമായി കാസ്റ്റിങ് ഡയറക്ടർ ടെസ് ജോസഫ് രംഗത്തെത്തിയിരുന്നു.
ഇതിന് പിന്നാലെ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുകേഷ്. എനിയ്ക്കെതിരെ ആരോപണം ഉന്നയിച്ച ആ യുവതിയെ ഇതുവരെ കണ്ടിട്ടുപോലുമില്ല. ഞാൻ സി.പി.എം എം.എൽ.എ ആയതിനാൽ തന്നെ ലക്ഷ്യംവയ്ക്കുകയാണെന്നത് വ്യക്തമാണ്. ആരാണ് ഇത്തരം ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് അറിയില്ല.
ആറുകൊല്ലം മുമ്പ് ഈ ആരോപണം വന്നപ്പോൾ ഇവിടെ സ്ഥാനാർഥിനിർണയം വരെ അടി നടന്നിരുന്നു. ഇയാൾ ഇപ്പോൾ രാജിവെച്ചു, പിടിക്കപ്പെട്ടു എന്നുവരെ പറഞ്ഞവരുണ്ട്. മൂന്ന് നേതാക്കൾ താനാണ് സ്ഥാനാർഥി എന്നുപറഞ്ഞ് നാണംകെട്ടില്ലേ. രാഷ്ട്രീയലക്ഷ്യമല്ലാതെ മറ്റൊന്നുമല്ല ഇതിന് പിന്നിൽ. സി.പി.എമ്മിന്റെ എം.എൽ.എ. ആയതിനാൽ കേറിയിറങ്ങി എന്തുംപറയാമെന്നാണ്.
ആറുകൊല്ലം മുമ്പേ ഇക്കാര്യം വ്യക്തമാക്കിയതാണ്. 26 കൊല്ലം മുമ്പ് നടന്ന കാര്യം ഇപ്പോൾ വീണ്ടും എടുത്തുപറയുന്നത് ബാലിശമാണ്. വളരെ മോശം. സി.പി.എമ്മിന്റെ എം.എൽ.എ അല്ലായിരുന്നെങ്കിൽ ഇവർ തിരിഞ്ഞുനോക്കുമായിരുന്നോ. ഇത് എന്നെ ലക്ഷ്യംവെച്ചുള്ള കാര്യമാണ്. ആരാണ് ഇതിന് പിന്നിലെന്ന് അറിയില്ല എന്നുമാണ് മുകേഷ് പറഞ്ഞത്.
അതേസമയം, മുകേഷിന്റെ കൊല്ലത്തെ വീട്ടിലേയ്ക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. മുകേഷ്, എംഎൽഎ സ്ഥാനം രാജിവെയ്ക്കണം എന്നാവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്. പൊലീസ് ബാരിക്കേഡ് വെച്ച് പ്രതിഷേധം തടഞ്ഞു. പിന്നാലെ മുകേഷിന്റെ വീടിന് പൊലീസ് സംരക്ഷണം ഏർപ്പെടുത്തുകയും മുകേഷിനെ വീട്ടിൽ നിന്നും മാറ്റുകയും ചെയ്തിരുന്നു.
