Malayalam
ഇനി ‘അമ്മ’ എന്ന് വിളിക്കില്ല; തുറന്നു പറച്ചിൽ ഞെട്ടലുണ്ടാക്കുന്നു; സർക്കാർ ഇരകൾക്കൊപ്പം നിൽക്കുമെന്നാണ് പ്രതീക്ഷയെന്ന് പികെ ശ്രീമതി
ഇനി ‘അമ്മ’ എന്ന് വിളിക്കില്ല; തുറന്നു പറച്ചിൽ ഞെട്ടലുണ്ടാക്കുന്നു; സർക്കാർ ഇരകൾക്കൊപ്പം നിൽക്കുമെന്നാണ് പ്രതീക്ഷയെന്ന് പികെ ശ്രീമതി
മലയാള സിനിമാ താരസംഘടനയെ ഇനി അമ്മ എന്ന് വിളിക്കില്ലെന്ന് സിപിഐഎം നേതാവും ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേഷ്യ അധ്യക്ഷയുമായ പി കെ ശ്രീമതി. സിനിമയിൽ നമ്മൾ ഇഷ്ടപ്പെടുന്ന ഒരുപാട് പേർ ഉണ്ട്, പെൺകുട്ടിയുടെ തുറന്നു പറച്ചിൽ ഞെട്ടലുണ്ടാക്കുന്നതാണ്.
ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന്റേയും എഎംഎംഎ ജനറൽ സെക്രട്ടറി സിദ്ദിഖിന്റെയും രാജികൾ സ്വാഗതം ചെയ്യുന്നു, നിയമപരമായി സ്വീകരിക്കേണ്ട ഏതു നടപടിയും സർക്കാർ സ്വീകരിക്കും, മീഡിയയുടെ ഭാഗത്തു നിന്നും ഒരുപാട് കാര്യങ്ങൾ ജനങ്ങൾ അറിഞ്ഞു. സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കുന്ന സാഹചര്യമുണ്ടാകണം.
ഇതു പോലുള്ള സംഭവങ്ങളിൽ സർക്കാർ നിയമപരമായി പോയിട്ടുണ്ട്. കേസ് ഹൈക്കോടതിയുടെ മുന്നിലാണ്, അനുകൂല നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷ. എത്ര ഉന്നതനായാലും അവർക്കെതിരെയുള്ള പരാതി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു, സർക്കാർ ഇരകൾക്കൊപ്പം നിൽക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
അതിക്രമം നേരിട്ടവർ പരാതി നൽകിയാൽ നിയമത്തിന് മുന്നിൽ ബലമുണ്ടാകും. ആരോപണം ഉന്നയിച്ചിട്ട് പിന്നെ മൊഴി മാറ്റിയാൽ സർക്കാർ എന്തു ചെയ്യുമെന്നും പികെ ശ്രീമതി ചോദിക്കുന്നു. സിനിമാ മേഖലയിലെ സംഘടനയായ അമ്മ ആർക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് അവർ മറുപടി പറയണം.
അമ്മയിൽ പെൺ മക്കളില്ല. സ്ത്രീകൾ വേണ്ടെന്നാണ് അവരുടെ നിലപാട്. പ്രാതിനിധ്യം നൽകാത്ത അമ്മയെ വലിച്ചെറിയുകയാണ് വേണ്ടത്.കൂടുതൽചൂഷണം നേരിടേണ്ടി വരുന്ന ജൂനിയർ ആർട്ടിസ്റ്റുമാർ പൂർണമായും മൊഴി കൊടുത്തില്ല.
ഇത് അത്ഭുതപ്പെടുത്തുന്നതാണ്. മേഖലയിൽ പുരുഷൻമാർക്ക് ബഹുമാനവും സ്ത്രീകൾ അവഗണനയും നേരിടുന്നു. സ്ത്രീകളോടുള്ള അടിമ മനോഭാവം വച്ചുപുലർത്തുകയാണ്. വിദ്യാസമ്പന്നമായ കേരളത്തിൽ പോലും സ്ത്രീകൾ അസമത്വം നേരിടുകയാണ്.
ഇത് വേതനത്തിന്റെ കാര്യത്തിൽ പോലും ഉണ്ടാവുകയാണ്. സ്ത്രീകൾ ഇല്ലാത്ത സിനിമയുണ്ടോ? എന്തിനാണ് ഇവരെ രണ്ടാംകിടക്കാരാക്കുന്നത്. മുൻപൊക്കെ സിനിമയിൽ പ്രേംനസീർ കഴിഞ്ഞാൽ ഷീലയാണ്. സത്യൻ കഴിഞ്ഞാൽ ശാരദ. ഇപ്പോൾ സിനിമയിൽ ഒരുനായകനും നായികയുമില്ല.
ഉള്ളത് ഒരേയൊരു നായകൻ മാത്രമാണ്. ഒരു പരാതിക്കാരി നേരിട്ട് സർക്കാരിനെ സമീപിച്ചാൽ കേസ് എടുക്കുന്ന സർക്കാരാണ് കേരളത്തിലേത്. സിനിമാരംഗത്തെ പെൺകുട്ടികൾ അവർ അനുഭവിച്ച വേദനകൾ രഹസ്യമായി സർക്കാരിനോട് പറയണം എന്നും നേരത്തെ പികെ ശ്രീമതി പറഞ്ഞിരുന്നു.