Movies
തീയറ്ററിൽ അടിതെറ്റി വീണു, ‘കോബ്ര’ ഒടിടി റിലീസിന് ഒരുങ്ങുന്നു
തീയറ്ററിൽ അടിതെറ്റി വീണു, ‘കോബ്ര’ ഒടിടി റിലീസിന് ഒരുങ്ങുന്നു
ഓഗസ്റ്റ് 31നാണ് ചിയാൻ വിക്രം ചിത്രം കോബ്ര’ തിയേറ്ററിൽ എത്തിയത്. വൻ ഹൈപ്പോടെ എത്തിയ ചിത്രത്തിന് പക്ഷേ ബോക്സ് ഓഫീസിലും തിയറ്ററുകളിലും വേണ്ടത്ര പ്രകടനം കാഴ്ച വയ്ക്കാനായില്ല
‘കോബ്ര’ ഒടിടി റിലീസിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഈ മാസം 23ന് ചിത്രം പ്രമുഖ ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. എന്നാൽ 23ന് പകരം ഈ മാസം 30നായിരിക്കും ചിത്രം ഡിജിറ്റൽ റിലീസ് ചെയ്യുക എന്നും അഭ്യൂഹങ്ങളുണ്ട്. അണിയറ പ്രവർത്തകരിൽ നിന്ന് ഔദ്യോഗിക പ്രഖ്യാപനം ഒന്നും വന്നിട്ടില്ല. ഒക്ടോബറിൽ ചിത്രം ടെലിവിഷൻ പ്രീമിയർ ചെയ്യുമെന്നും സൂചനകളുണ്ട്.
സിനിമയ്ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് സംവിധായകന് നേരത്തെ രംഗത്തെത്തിയിരുന്നു. സിനിമ പ്രേക്ഷകരെ നിരാശപ്പെടുത്തിയെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായി അജയ് ജ്ഞാനമുത്തു പറഞ്ഞിരുന്നു. സിനിമയുടെ ക്ലൈമാക്സ് നിരാശപ്പെടുത്തി എന്നൊരു പ്രേക്ഷകന് പറഞ്ഞപ്പോള്‍ നായകന് തന്റെ കുറ്റകൃത്യങ്ങളില്‍ നിന്ന് നിസാരമായി രക്ഷപ്പെടുന്നത് ധാര്‍മികമല്ല എന്നാണ് സംവിധായകന് പ്രതികരിച്ചത്.
കോബ്ര പ്രതീക്ഷകയ്ക്കൊത്ത് ഉയര്‍ന്നില്ല എന്ന് ചിലര്‍ വ്യക്തമാക്കിയപ്പോള്‍ അദ്ദേഹം അവരോട് ക്ഷമ ചോദിച്ചിരുന്നു. നിങ്ങള്‍ നിരാശരായതില്‍ ഖേദിക്കുന്നു. അടുത്ത തവണ നിങ്ങളെ തൃപ്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ അവസാനിപ്പിക്കുന്നതിന് മുമ്പ് കോബ്രയ്ക്ക് മറ്റൊരു അവസരം നല്കാന് ശ്രമിക്കുക എന്നും സംവിധായകന് പ്രതികരിച്ചിരുന്നു.
കഴിഞ്ഞ മാസം റിലീസ് ചെയ്ത ചിത്രത്തിന് ആദ്യദിവസം മുതൽ തന്നെ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ഒരാഴ്ചത്തെ ചിത്രത്തിന്റെ ആഗോള ഗ്രോസ് 63.5 കോടിയാണ്. ഇതില്‍ 1.87 മില്യണ്‍ ഡോളര്‍ വിദേശ കളക്ഷനും ബാക്കിയുള്ളത് ഇന്ത്യയില്‍ നിന്ന് ലഭിച്ചതുമാണ്. തമിഴ്നാട്ടില്‍ നിന്നാണ് ചിത്രത്തിന് ലഭിച്ച കളക്ഷനില്‍ വലിയൊരു പങ്കും എത്തിയിരിക്കുന്നത്. 28.78 കോടിയാണ് തമിഴ്നാട് കളക്ഷന്‍. ഉത്തരേന്ത്യന്‍ മാര്‍ക്കറ്റില്‍ വെറും 65 ലക്ഷം മാത്രമാണ് നേടാനായത്. 90 കോടിയാണ് ചിത്രത്തിന്റെ മുതല്‍മുടക്ക് എന്നാണ് റിപ്പോർട്ടുകൾ.
