Malayalam
മോഹന്‍ലാല്‍ ഭാഗ്യയ്ക്ക് നല്കിയ വിവാഹസമ്മാനം ഇതോ!; വൈറലായി വീഡിയോ
മോഹന്‍ലാല്‍ ഭാഗ്യയ്ക്ക് നല്കിയ വിവാഹസമ്മാനം ഇതോ!; വൈറലായി വീഡിയോ
നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപിയുടേയും രാധികയുടേയും മകള്‍ ഭാഗ്യയുടെ വിവാഹം കഴിഞ്ഞു. തിരുവനന്തപുരം സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹനുമായിട്ടായിരുന്നു വിവാഹം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് നടന്ന വിവാഹത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സാക്ഷിയാകാന്‍ എത്തിയിരുന്നു. മലയാള സിനിമയിലെ പ്രമുഖരും വിവാഹ ചടങ്ങില്‍ പങ്കെടുത്തു.
സിനിമാ ലോകത്ത് നിന്ന് മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ്, ഖുശ്ബൂ എന്നിവര്‍ അടക്കമുള്ള പ്രമുഖ താരങ്ങള്‍ ചടങ്ങിനെത്തിയിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും ഇന്നലെ തന്നെ കുടുംബസമേതം ഗുരുവായൂരില്‍ എത്തിയിരുന്നു. വന്നവരെല്ലാം തന്നെ താരപുത്രിയ്ക്ക് സമ്മാനങ്ങള്‍ നല്‍കിയിരുന്നു. ഈ വേളയില്‍ മോഹന്‍ലാലും സുചിത്രയും ഭാഗ്യയ്ക്ക് നല്കിയ സമ്മാനമാണ് ഇപ്പോള്‍ വൈറലാകുന്നത്.
അത്യപൂര്‍വ രത്നങ്ങള്‍ പതിച്ച, കോടികള്‍ വില വരുന്ന ഡയമണ്ട് നെക്ലേസ് ആണ് മോഹന്‍ലാല്‍ സമ്മാനിച്ചതെന്നാണ് പലരും പറയുന്നത്. മോഹന്‍ലാലിന് ഇത്തരത്തിലുള്ള ആഭരണങ്ങളോടുള്ള ക്രഷ് കാരണമാണ് പലരും ഇങ്ങനെ അഭിപ്രായപ്പെടുന്നത്. മോഹന്‍ലാലിന്റെ അടുത്ത സുഹൃത്താണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ കുടുംബത്തിലെ ആദ്യവിവാഹമാണ് കഴിഞ്ഞത്. അതിനാല്‍ തന്നെ ഏറ്റവും അത്യപൂര്‍വമായ വിലകൂടിയ സമ്മാനമാകും മോഹന്‍ലാല്‍ നല്‍കിയതെന്നാവും കമന്റുകളിലൂടെ ആരാധകര്‍ പറയുന്നത്.
ഇന്നലെയാണ് പ്രധാനമന്ത്രി കേരളത്തില്‍ എത്തിയത്. കൊച്ചിയില്‍ വിമാനമിറങ്ങിയ മോദി ഇന്ന് രാവിലെയാണ് ഗുരുവായൂരില്‍ എത്തിയത്. ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടില്‍ ഹെലികോപ്ടറില്‍ ഇറങ്ങിയ മോദിയെ കാണാന്‍ വന്‍ ജനാവലിയാണ് കോളേജ് പരിസരത്ത് തടിച്ചുകൂടിയത്. കിഴക്കേ നട വഴി ക്ഷേത്രത്തിലേക്ക് കയറിയ പ്രധാനമന്ത്രി വിശേഷാല്‍ പൂജകളിലും പങ്കെടുത്തു.
വിവാഹം നടന്ന മണ്ഡപത്തിലെത്തി പ്രധാനമന്ത്രി വധൂവരന്മാര്ക്ക് ആശംസകള്‍ അറിയിച്ചു. രണ്ട് മണിക്കൂറോളമാണ് നരേന്ദ്ര മോദി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചിലവഴിച്ചത്. ഗുരുവായൂരപ്പന്റെ ദാരുശില്പം മോദിക്ക് സമര്‍പ്പിച്ചു. താമര മൊട്ടുകള്‍ കൊണ്ട് തുലാഭാരം നടത്തിയ മോദി കേരളീയ വേഷത്തില്‍ ആണ് ഗുരുവായൂര്‍ അമ്പലത്തിലെത്തിയത്.
ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തലിലെ കല്യാണമണ്ഡപത്തിലായിരുന്നു ചടങ്ങ് നടന്നത്. ലളിതമായ ലുക്കിലാണ് ജീവിതത്തിലെ ഏറ്റവും പ്രധാന ദിവസത്തില്‍ ഭാഗ്യ അണിഞ്ഞൊരുങ്ങിയത്. ഓറഞ്ച് നിറമുള്ള സാരിയാണ് വിവാഹദിനത്തില്‍ താരപുത്രി ധരിച്ചത്. സാരിക്ക് ഇണങ്ങുന്ന ഒരു ചോക്കറും ജിമിക്കി കമ്മലും രണ്ട് വളകളും മാത്രമാണ് ഭാഗ്യ ആഭരണമായി ഉപയോഗിച്ചത്. മലയാള സിനിമ അടുത്തിടെ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ താരവിവാഹമാണ് സുരേഷ് ഗോപിയുടെ മകളുടേത്. ഭാഗ്യയുടെ വിവാഹദിവസത്തെ ചിത്രങ്ങള്‍ വൈറലായതോടെ ആരാധകരെ അത്ഭുതപ്പെടുത്തുന്നത് സുരേഷ് ഗോപിയുടെ കുടുംബത്തിന്റെ ലാളിത്യമാണ്.
ഇട്ടുമൂടാനുള്ളവ സമ്പാദ്യമായുള്ള താരമാണ് സുരേഷ് ഗോപി. അതുകൊണ്ട് തന്നെ താലികെട്ടിന് മകളെ പൊന്നില്‍ മുക്കിയാകും സുരേഷ് ഗോപിയും ഭാര്യ രാധികയും കൊണ്ടുവരിക എന്നാണ് പ്രേക്ഷകര്‍ കരുതിയത്. അതുപോലെ തന്നെ പെണ്മക്കളെന്നാല് ജീവന് കളയുന്ന സുരേഷ് ഗോപി ഭാഗ്യയുടെ കയ്യും കഴുത്തും ആഭരണങ്ങള്‍ കൊണ്ട് നിറച്ചിട്ടുണ്ടാകുമെന്നും പ്രേക്ഷകര്‍ കരുതിയിരുന്നു.
എന്നാല്‍ അത്തരത്തില്‍ ഒന്നും ഉണ്ടായില്ല. താലികെട്ടിന് ഒരു ചോക്കറും ഓഡിറ്റോറിയത്തില്‍ നടന്ന മറ്റ് ചടങ്ങുകളില്‍ രണ്ട് മാലയും രണ്ട് വളകളും മാത്രമാണ് ഭാഗ്യ ധരിച്ചിരുന്നത്. ഒരു താരപുത്രി ഇത്രയേറെ സിംപിള്‍ ലുക്കില്‍ വിവാഹത്തിന് പ്രത്യക്ഷപ്പെടുന്നത് ഒരുപക്ഷെ ഇത് ആദ്യമാകും. അതുകൊണ്ട് തന്നെ ഭാഗ്യ ആരാധകര്‍ക്കും ഒരു അത്ഭുതമാണ്.
സെലിബ്രിറ്റി വിവാഹങ്ങളിലെ ആഢംബരം ആഭരണങ്ങളിലും ചടങ്ങുകള്‍ നടക്കുന്ന മണ്ഡപത്തിലും വസ്ത്രത്തിലുമാണ് പ്രതിഫലിച്ച് കാണുക. എന്നാല്‍ ഭാഗ്യയുടെ കല്യാണത്തിന് സുരേഷ് ഗോപിയും കുടുംബവും വളരെ സിംപിളായിരുന്നു. പൊതുവെ ആഢംബരത്തോടും ഫാഷനോടും ഭ്രമമില്ലാത്തയാളാണ് ഭാഗ്യ. അതുകൊണ്ട് കൂടിയാകാം എല്ലാത്തിലും മിതത്വം ഭാഗ്യ സ്വീകരിച്ചത്.
അതേസമയം വിവാഹത്തിന് ശേഷം ഈ മാസം 19 ന് കൊച്ചിയിലും 20 ന് തിരുവനന്തപുരത്തും റിസപ്ഷന് സംഘടിപ്പിച്ചിട്ടുണ്ട്. സിനിമ, രാഷ്ട്രീയ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ക്ക് വേണ്ടിയാണ് കൊച്ചിയില്‍ വിരുന്നൊരുക്കിയിരിക്കുന്നത്. ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുമാണ് തിരുവനന്തപുരത്തെ വിരുന്ന്. തിരുവനന്തപുരം ആസ്ഥാനമാക്കി ബിസിനസ് നടത്തുന്ന മോഹന്‍ ശ്രീദേവി ദമ്പതികളുടെ മകനാണ് ശ്രേയസ്. ജൂലൈയില്‍ ആയിരുന്നു ശ്രേയസിന്റേയും ഭാഗ്യയുടേയും വിവാഹനിശ്ചയം. സുരേഷ് ഗോപിരാധിക ദമ്പതികള്‍ക്ക് ഗോകുല്‍, ഭാവ്നി, മാധവ് എന്നീ മക്കളുമുണ്ട്. ഒരു മകള്‍ ലക്ഷ്മി വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരണപ്പെട്ടിരുന്നു.
